

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സ്‌പൈസ് ജെറ്റ് 150 ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. ജീവനക്കാരോട് മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റ് അടുത്തിടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.
എയര്‍പോര്‍ട്ട് ഫീസില്‍ വലിയ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്‌പൈസ് ജെറ്റിനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ അഭാവവും മൂലം അടുത്തിടെ കമ്പനിയുടെ പല സര്‍വീസുകളും താളംതെറ്റിയിരുന്നു. അവസാന നിമിഷം സര്‍വീസുകള്‍ റദ്ദാക്കുന്നത് യാത്രക്കാരുടെ അമര്‍ഷത്തിനു കാരണമാകുന്നുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച ജീവനക്കാരെ പിരിച്ചു വിടില്ലെന്നും പ്രതിസന്ധി അയയുന്നതോടെ തിരിച്ചുവിളിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ക്ക് യാത്രക്കാരെ കയറ്റാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നിരുന്നു. ദുബൈയില്‍ നല്‍കേണ്ട ഫീസുകള്‍ അടയ്ക്കാത്തതിനാല്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ വിമാനത്താവള അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഈ മാസം രണ്ടാംതവണയാണ് സമാന പ്രശ്‌നം നേരിട്ടത്.
നെഗറ്റീവ് വാര്‍ത്തകള്‍ അടിക്കടി വന്നതോടെ സ്‌പൈസ് ജെറ്റ് ഓഹരികള്‍ താഴ്ച്ചയിലാണ്. ഇന്ന് നാലു ശതമാനത്തിലേറെ ഓഹരിവില ഇടിഞ്ഞു. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ കുറവു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 119 കോടി രൂപയില്‍ നിന്ന് ലാഭം 150 കോടിയിലേക്ക് വര്‍ധിപ്പിക്കാന്‍ എയര്‍ലൈന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ജൂണ്‍ പാദത്തിലെ വരുമാനം 1,696 കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine