

ഓഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ സ്‌പോട്ടിഫൈയ്ക്ക് (Spotify) ജൂണില്‍ അവസാനിച്ച പാദത്തില്‍ കനത്ത തിരിച്ചടി. പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 70 കോടിയിലേക്ക് എത്തിയെങ്കിലും സാമ്പത്തികമായി കമ്പനിക്ക് മോശം കാലയളവായി ജൂണ്‍ പാദം മാറി.
ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വര്‍ധിച്ചതും മാര്‍ക്കറ്റിംഗ്, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിച്ചതും 99.5 മില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തുന്നതിലേക്ക് നയിച്ചു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 313 മില്യണ്‍ ഡോളര്‍ ലാഭം നേടിയ സ്ഥാനത്താണിത്.
കമ്പനിക്ക് ഇന്ത്യയടക്കം 180 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഇതില്‍ ഒട്ടുമിക്ക രാജ്യങ്ങളിലും ഓഫീസും ജീവനക്കാരുമുണ്ട്. ജൂണ്‍ പാദത്തില്‍ 18 മില്യണ്‍ ആക്ടീവ് ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ സ്‌പോട്ടിഫൈക്ക് സാധിച്ചു. മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 11 ശതമാനം അധികം വരുമിത്. വളര്‍ച്ച കൂടുതലും ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റിലാണ്. സബ്‌സ്‌ക്രിപ്ഷനിലൂടെയുള്ള വരുമാനത്തില്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനിക്ക് നേടാനായി.
സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെയും പരസ്യത്തിലൂടെയുമാണ് സ്‌പോട്ടിഫൈയുടെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത്. അടുത്ത പാദത്തില്‍ 281 മില്യണ്‍ സബ്‌സ്‌ക്രിപ്ഷനിലേക്ക് എത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്‌പോട്ടിഫൈയുടെ ഓഹരിവില ഇന്നലെ ഒറ്റദിവസം ഇടിഞ്ഞത് 11 ശതമാനത്തിന് മുകളിലാണ്. 80 ഡോളറിനടുത്താണ് ഇന്നലെ ഒരുദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത്. 620 ഡോളറാണ് ഇപ്പോള്‍ സ്‌പോട്ടിഫൈ ഓഹരിവില. 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില 785 ഡോളറും താഴ്ന്ന വില 300 ഡോളറുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine