

ഉപഭൂഖണ്ഡത്തില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനം ഇന്ത്യയുടെ ദീര്‍ഘകാല താല്പര്യങ്ങള്‍ക്ക് ഹാനികരമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളെ ഓരോന്നായി ഒപ്പംകൂട്ടി മേഖലയില്‍ വേരുറപ്പിക്കുകയായിരുന്നു ചൈനീസ് ലക്ഷ്യം. നേപ്പാളിലും ശ്രീലങ്കയിലും ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ബീജിംഗിന്റെ ലക്ഷ്യം വിജയകരമായിരുന്നു.
എന്നാല്‍, പിന്നീട് ഈ രാജ്യങ്ങള്‍ തന്നെ ചൈനീസ് കടക്കെണിയിലേക്ക് വീഴുകയും ചെയ്തു. ഇപ്പോള്‍ ചൈനയെ പരമാവധി അകറ്റി നിര്‍ത്തുകയെന്ന നയമാണ് നേപ്പാളിലെയും ശ്രീലങ്കയിലെയും ഭരണാധികാരികള്‍ ചെയ്യുന്നത്. തങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ചൈനീസ് സാന്നിധ്യം അനുവദിക്കേണ്ട അവസ്ഥയിലാണ് ഈ രാജ്യങ്ങള്‍.
ഇന്ത്യയില്‍ നിന്ന് അകറ്റി തങ്ങളുടെ വരുതിയിലാക്കാന്‍ ചൈന ശ്രമിച്ച രാജ്യങ്ങളിലൊന്നായിരുന്നു ശ്രീലങ്ക. ദ്വീപ് രാഷ്ട്രത്തിലെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ കോടികളുടെ കോടികളുടെ നിക്ഷേപം നടത്തിയായിരുന്നു ചൈന ആധിപത്യം ഉറപ്പിച്ചത്. ഇപ്പോള്‍ ഹംബന്‍ടോട്ട തുറമുഖം ഉള്‍പ്പെടെ ചൈനയുടെ നിയന്ത്രണത്തിലാണ്. ഇപ്പോഴിതാ ലങ്കയില്‍ വലിയൊരു റിഫൈനറി പ്രൊജക്ടിനായി യു.എ.ഇയുമായി ചേര്‍ന്ന് മുന്നിട്ടിറങ്ങുകയാണ് ഇന്ത്യ.
ശ്രീലങ്കയുടെ കിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ട്രിങ്കോമാലി നഗരത്തിലാണ് പുതിയ എനര്‍ജി ഹബ്ബ് വരുന്നത്. എണ്ണശുദ്ധീകരണശാല ഉള്‍പ്പെടെ ശതകോടികളുടെ പ്രൊജക്ടാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ശ്രീലങ്കന്‍ സബ്‌സിഡിയറിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.
ഈ മാസം ആദ്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലങ്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിലാണ് കരാര്‍ ഒപ്പുവച്ചത്. പുതിയ പ്രൊജക്ടിന്റെ പ്രാഥമിക നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ അനുര കുമാര ദിസനായകെ പ്രസിഡന്റായി എത്തിയ ശേഷം ഇന്ത്യയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കാനാണ് ശ്രമിക്കുന്നത്. ലങ്ക സാമ്പത്തികമായി തകര്‍ന്ന സമയത്ത് ഇന്ത്യയുടെ സഹായവും തന്ത്രപ്രധാന പദ്ധതികളിലെ പങ്കാളിത്തവും ഇതിനു കാരണമായി. മേഖലയില്‍ ചൈനയുടെ കടന്നുവരവ് ഭീഷണിയായതിനാല്‍ ലങ്കയെ കൈവിടാതെയാണ് ഇന്ത്യയും മുന്നോട്ടു പോകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine