ശ്രീലങ്കയില്‍ ബിസിനസ് ചെയ്യാന്‍ മലയാളി സംരംഭകരുടെ ഒഴുക്ക്; കേരള ടൂറിസത്തിന് ദ്വീപ് രാഷ്ട്രത്തിന്റെ നീക്കങ്ങള്‍ തിരിച്ചടി

ആയുര്‍വേദത്തിന് ഊന്നല്‍ നല്കിയുള്ള ടൂറിസം പാക്കേജുകളാണ് പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിക്കുന്നത്. ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ അതേപടി പകര്‍ത്താന്‍ ശ്രീലങ്ക ശ്രമം തുടങ്ങിയിരിക്കുകയാണ്
Image: Canva
Image: Canva
Published on

കേരള ടൂറിസത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മേഖലയാണ് ടൂറിസം. പ്രത്യേകിച്ച്, ആയുര്‍വേദ, വെല്‍നസ് രംഗം. ആയുര്‍വേദത്തിന്റെ പ്രചാരം വിദേശരാജ്യങ്ങളില്‍ കൂടുതല്‍ വ്യാപകമായതോടെ ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതകളും വര്‍ധിച്ചു. സമീപകാലത്ത് കേരളത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ആയുര്‍വേദത്തിന് ഊന്നല്‍ നല്കിയുള്ള ടൂറിസം പാക്കേജുകളാണ് പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിക്കുന്നത്. ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ അതേപടി പകര്‍ത്താന്‍ ശ്രീലങ്ക ശ്രമം തുടങ്ങിയിരിക്കുകയാണ്. കേരളത്തിലേക്ക് ആയുര്‍വേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തുന്നവരെ ആകര്‍ഷിക്കുന്ന നീക്കങ്ങളാണ് ഈ ദ്വീപ് രാഷ്ട്രം തുടങ്ങിയിരിക്കുന്നത്.

കേരളത്തിന് പകരം ശ്രീലങ്കയെ തിരഞ്ഞെടുക്കുന്നവരിലേറെയും യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളാണ്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചെങ്കിലും യൂറോപ്യന്മാരുടെ എണ്ണത്തില്‍ കുറച്ചു വര്‍ഷങ്ങളായി ഇടിവാണ്. ഇത് ആയുര്‍വേദ, വെല്‍നസ് രംഗത്ത് നിക്ഷേപമിറക്കിയ മലയാളി സംരംഭകര്‍ക്ക് തിരിച്ചടിയാണ്. വലിയ തോതില്‍ പണം ചെലവഴിക്കുന്നവരാണ് യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍. ഇവര്‍ കേരളത്തെ ഒഴിവാക്കുന്നത് നല്ല പ്രവണതയല്ലെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ആയുര്‍വേദം പ്രമോട്ട് ചെയ്യാന്‍ ലങ്ക

അടുത്ത കാലത്തായി ശ്രീലങ്ക ടൂറിസത്തില്‍ ആയുര്‍വേദത്തിന് വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. ലങ്കന്‍ കടല്‍ത്തീരങ്ങളില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സെന്ററുകളാണ് അടുത്തകാലത്ത് ഉയര്‍ന്നുവന്നത്. ലങ്കയിലെ വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിദേശികള്‍ മുതല്‍മുടക്കുന്നുണ്ട്. കൂടുതല്‍ യൂറോപ്യന്‍ കമ്പനികളാണ് ഈ രംഗത്ത് കൂടുതല്‍ മുതല്‍മുടക്കുന്നത്.

കുറഞ്ഞ ചെലവില്‍ എത്താമെന്നതാണ് കേരളത്തെ അപേക്ഷിച്ച് ലങ്കയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലങ്കയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകളുണ്ട്. എന്നാല്‍ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് കുറവാണ്. കൂടുതല്‍ ചാര്‍ജും സമയവും യാത്രക്കാര്‍ക്ക് നഷ്ടപ്പെടുത്തേണ്ടി വരുന്നതും തിരിച്ചടിയാണ്. കേരളത്തില്‍ എത്തുന്നതിനേക്കാള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും ലങ്കയിലെത്താം. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ അയല്‍രാജ്യം.

മലയാളി സംരംഭകര്‍ ലങ്കയിലേക്ക്

കേരളത്തില്‍ നിന്നുള്ള നിരവധി സംരംഭകര്‍ ശ്രീലങ്കയിലെ ടൂറിസം, റിസോര്‍ട്ട് മേഖലയില്‍ സജീവമാണ്. ഇവിടെ റിസോര്‍ട്ടുകളും മറ്റും ലീസിനെടുത്ത് സംയുക്തമായി നടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് സര്‍ക്കാര്‍ നല്കുന്ന പിന്തുണയാണ് മലയാളികള്‍ കൂടുതലായി ലങ്കയിലേക്ക് വിമാനം കയറാന്‍ കാരണം.

ലങ്ക ടൂറിസം രംഗത്ത് വലിയൊരു ഹബ്ബായി ഉയര്‍ന്നു വരുന്നത് കേരളത്തിന് മാത്രമല്ല ഗോവ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഭീഷണിയാണ്. ഈ ക്രിസ്മസ്, പുതുവത്സര കാലത്ത് ഗോവയിലെ ടൂറിസം ബുക്കിംഗുകളില്‍ ഇടിവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com