എണ്ണപ്പനയുടെ കടയ്ക്കല്‍ കത്തിവെച്ച് ശ്രീലങ്ക; മുന്‍തൂക്കം വെളിച്ചെണ്ണയ്ക്കും പരിസ്ഥിതിക്കും

പമോയില്‍ ഇറക്കുമതിയും, പുതുതായി എണ്ണപ്പന കൃഷിയും ശ്രീലങ്ക നിരോധിച്ചു. നിലവില്‍ ഉള്ള എണ്ണപ്പന തോട്ടങ്ങള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കുവാനും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പ്രമുഖ വെളിച്ചെണ്ണ ഉല്‍പ്പാദക രാജ്യമായ ശ്രീലങ്കയില്‍ സമീപകാലത്തായി പാമോയില്‍ ഇറക്കുമതിയും കൃഷിയും വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാവും സര്‍ക്കാരിന്റെ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

എണ്ണപ്പന കൃഷിയുടെ വ്യാപനം വനനശീകരണത്തിനും, പാരിസ്ഥിതിക വിനാശങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നതായി വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍ഴ്‌സ് റിപോര്‍ട് ചെയ്യുന്നു. പാമോയില്‍ ഉപയോഗത്തില്‍ നിന്നും, കൃഷിയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ പാമോയില്‍ ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി.

എണ്ണപ്പന കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കമ്പനികളും അവരുടെ കൃഷിയുടെ 10 ശതമാനം വീതം കുറച്ചുകൊണ്ട് വരുന്നതിലൂടെ കാലക്രമേണ എണ്ണപ്പന കൃഷി പൂര്‍ണ്ണമായും നിര്‍ത്തലാക്കണം. എണ്ണപ്പന കുറയ്ക്കുന്ന ഇടങ്ങളില്‍ റബര്‍ അല്ലെങ്കില്‍ പരിസ്ഥിതി സൗഹൃദപരമായ വിളകള്‍ കൃഷി ചെയ്യുന്നതിനാണ് നിര്‍ദ്ദേശം. ശ്രീലങ്കയില്‍ 11,000 ഹെക്ടര്‍ പ്രദേശത്താണ് എണ്ണപ്പന കൃഷി ഇപ്പോള്‍ നിലവിലുള്ളതെന്ന് കണക്കാക്കപ്പെടുന്നു.
.


Related Articles
Next Story
Videos
Share it