
കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയ പാതയുടെ നിര്‍മാണത്തിന് കേന്ദ്ര സർക്കാർ നിര്‍ദേശം അനുസരിച്ച് ജി.എസ്.ടിയും റോയല്‍റ്റിയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥലമേറ്റെടുക്കുന്നതിനുളള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ നല്‍കണമെന്നായിരുന്നു മുന്‍ നിര്‍ദേശം. എന്നാല്‍ സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുക്കൽ വിഹിതം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ജി.എസ്.ടിയും റോയല്‍റ്റിയും ഒഴിവാക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെച്ചു.
ജി.എസ്.ടിയും റോയല്‍റ്റിയും ഒഴിവാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം പരിശോധിക്കാന്‍ ധന-പൊതുമരമാത്ത് വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുളള സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്.
പദ്ധിതി കടന്നു പോകുന്ന വില്ലേജുകള്‍
ജില്ലയിലെ 11 വില്ലേജുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. സ്ഥലമേറ്റെടുക്കൽ നടപടികള്‍ വൈകാതെ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തെന്മല, ആര്യങ്കാവ് വില്ലേജുകളിലെ അലൈൻമെന്റ് പൂര്‍ത്തിയാകാനുണ്ട്. 3ഡി വിജ്ഞാപനം പുറപ്പെടുവിച്ച നാല് വില്ലേജുകളില്‍ വിലനിർണയം പൂർത്തിയായിട്ടുണ്ട്. തർക്കങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് വില്ലേജുകളിൽ 3ഡി വിജ്ഞാപനം ഒരു വർഷത്തിനകം ഉണ്ടാകാത്തതിനാല്‍ 3എ വിജ്ഞാപനം കഴിഞ്ഞ നവംബറിൽ റദ്ദായ അവസ്ഥയാണ് ഉളളത്.
നിലമേൽ, ഇട്ടിവ, അലയമൺ, അഞ്ചൽ എന്നിവയാണ് 3ഡി നിലവിൽ വന്ന വില്ലേജുകൾ. ഏരൂർ, കോട്ടുക്കൽ, ചടയമംഗലം, ഐരനല്ലൂർ, ഇടമൺ എന്നിവയാണ് 3എ റദ്ദായ വില്ലേജുകൾ.
സംസ്ഥാന സര്‍ക്കാരിന് നഷ്ടം 200 കോടിയോളം രൂപ
ജി.എസ്.ടിയും റോയല്‍റ്റിയും ഒഴിവാക്കുമ്പോള്‍ 200 കോടിയോളമാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടം സംഭവിക്കുക. റോഡ് വികസനത്തിന് 2000 കോടിയും ഭൂവുടമകൾക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ 2000 കോടിയുമാണ് ആവശ്യമുളളത്. പദ്ധതിയുടെ മൊത്തം അടങ്കൽ തുക 4047 കോടിയാണ്.
സംസ്ഥാന സർക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് 3ഡി വിജ്ഞാപനം നിലവിൽ വന്ന പ്രദേശങ്ങളില്‍ നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികള്‍ വൈകാതെ തുടങ്ങും. നിര്‍മാണ ടെന്‍ഡറിനുളള നടപടികളും ദേശീയപാത അതോറിറ്റി അധികൃതർ ആരംഭിക്കും.
265 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 59.36 കി.മീറ്റര്‍ നീളമാണ് പദ്ധതിയിലുളളത്. കടമ്പാട്ടുകോണം-ആര്യങ്കാവ് പാതയില്‍ 45 മീറ്റർ വീതിയില്‍ 4 വരി പാതയാണ് ഉണ്ടാകുക. ആര്യങ്കാവ്-തെന്മല പ്രദേശത്ത് 30 മീറ്റർ വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine