

രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഏതു സംസ്ഥാനമാണ്. കേരളത്തിലായിരിക്കുമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അത് സത്യമല്ല. ആന്ധ്രപ്രദേശാണ് പെട്രോള്‍ ഏറ്റവും കൂടിയ വിലയില്‍ വില്ക്കുന്ന സംസ്ഥാനം. കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലാണ് ഏറ്റവും കുറവ്.
ആന്ധ്രപ്രദേശില്‍ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാന്‍ 109.79 രൂപ നല്‍കണം. കഴിഞ്ഞ വര്‍ഷം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോള്‍ വിലയില്‍ വലിയ കുറവു വരുത്തിയിരുന്നു. അന്ന് ആന്ധ്ര ഭരിച്ചിരുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആയിരുന്നു. സംസ്ഥാന വിഹിതത്തില്‍ കുറവു വരുമെന്ന കാരണം പറഞ്ഞ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ധനവില കുറയ്ക്കാന്‍ തയാറായിരുന്നില്ല. ജൂണില്‍ ഭരണമാറ്റത്തിലുടെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം അധികാരത്തിലെത്തിയപ്പോഴും എണ്ണവിലയില്‍ തൊടാന്‍ മടിച്ചു.
ഉയര്‍ന്ന പെട്രോള്‍ വിലയില്‍ തെലങ്കാനയാണ് രണ്ടാംസ്ഥാനത്ത്, 107.53 രൂപ. തൊട്ടുപിന്നില്‍ കേരളമുണ്ട്. 107.25 രൂപയാണ് സംസ്ഥാനത്തെ പെട്രോള്‍ വില. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോവയില്‍ മാത്രമാണ് മൂന്നക്കത്തില്‍ താഴെ പെട്രോള്‍ വില നില്‍ക്കുന്നത്. 96.96 രൂപയാണ് ഗോവയില്‍ ഒരു ലിറ്ററിന്റെ വില.
കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടക വില്പന നികുതിയില്‍ 25.92 ശതമാനത്തില്‍ നിന്ന് 29.84ലേക്ക് ഉയര്‍ത്തിയിരുന്നു. ഉതോടെ വില 103.42 രൂപയായി. ഇന്ധനവില വര്‍ധനവിലൂടെ വര്‍ഷം 3,107 കോടി രൂപ അധികമായി നേടാന്‍ കര്‍ണാടകയ്ക്ക് സാധിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവിലയില്‍ കുറവു വരുത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.97 രൂപയാണ് വില. ഹരിയാനയില്‍ ഇത് 95.64 രൂപയും ഗുജറാത്തില്‍ 95.31 രൂപയുമാണ്. ഛത്തീസ്ഗഡ് (101.58), ഒഡീഷ (102.27), മഹാരാഷ്ട്ര (105.28) എന്നിങ്ങനെയാണ് പെട്രോള്‍വില. പുതുച്ചേരിയില്‍ 96.26 രൂപയും ഡല്‍ഹിയില്‍ 94.77 രൂപയുമാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.
ക്രൂഡ്ഓയില്‍ വില 80 ഡോളറില്‍ താഴെയെത്തിയാല്‍ ഇന്ധനവില കുറയ്ക്കുമെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ പ്രഖ്യാപനം. എന്നാല്‍ 70 ഡോളറില്‍ താഴെ പോയിട്ടു പോലും എണ്ണവില കുറയ്ക്കാന്‍ കേന്ദ്രം തയാറായില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം എണ്ണവിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുമെന്ന ന്യായം പറഞ്ഞാണ് കേന്ദ്രം മൗനം പാലിക്കുന്നത്. നിലവില്‍ ക്രൂഡ്ഓയില്‍ വില 73 ഡോളറിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine