

പുതുക്കിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ 375 ലധികം ഉല്‍പന്നങ്ങളുടെ നികുതിയിലാണ് മാറ്റം വന്നിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ജിഎസ്ടി നിരക്കുകളില്‍ കുറവ് വന്നിട്ടുണ്ട്. അതേസമയം കടകളിലോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലോ ഉല്‍പ്പന്നങ്ങളുടെ വിലയിൽ ഒരു കുറവും വന്നിട്ടില്ലെന്നും പരാതികള്‍ വ്യാപകമാകുന്നുണ്ട്.
അമിത നിരക്ക് ഈടാക്കിയതായി ഉപയോക്താക്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനില്‍ (NCH) പരാതി ഉന്നയിക്കുന്നത് ഇപ്പോള്‍ എളുപ്പമാക്കിയിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികൾ ഹെൽപ്പ്‌ലൈൻ വ്യാപകമായി സ്വീകരിക്കുന്നുണ്ട്. വില കുറവ് നല്‍കാത്ത ചില്ലറ വ്യാപാരികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) വ്യക്തമാക്കി.
പരാതി സമർപ്പിക്കാൻ ഒന്നിലധികം മാർഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഉപയോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ 1915 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. അല്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ഇമെയിൽ, വാട്ട്‌സ്ആപ്പ് എന്നിവ ഉപയോഗിക്കാം. 17 വ്യത്യസ്ത ഭാഷകളിൽ പരാതികൾ ഫയൽ ചെയ്യാൻ കഴിയും. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിഗത ഉപഭോക്താക്കൾക്ക് അവരുടെ ന്യായമായ നേട്ടം വീണ്ടെടുക്കാൻ സഹായിക്കുക മാത്രമല്ല, മൊത്തത്തിലുള്ള വിപണി ഉത്തരവാദിത്തം ശക്തിപ്പെടുത്തുക കൂടിയാണ് കൃത്യവും വ്യക്തവുമായ പരാതി ഉന്നയിക്കുന്നതിലൂടെ ചെയ്യുന്നത്. നികുതി ഇളവുകൾ യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. നികുതി ഇളവുകള്‍ കൃത്യമായി ജനങ്ങളിലേക്ക് കൈമാറണമെന്ന് ചില്ലറ വ്യാപാരികൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമുളള മുന്നറിയിപ്പ് കൂടിയായിരിക്കും ഉത്തരവാദിത്തത്തോടെ പരാതികള്‍ ഉന്നയിക്കുന്നത്.
How consumers can report traders charging excess rates despite GST reduction.
Read DhanamOnline in English
Subscribe to Dhanam Magazine