

ആഗോള വാണിജ്യ രംഗത്തെ അസ്വസ്ഥതകളും മോശം ഒന്നാംപാദ ഫലങ്ങളും നിക്ഷേപകര്‍ സുരക്ഷിത പാത പിന്തുടരുന്നതുമെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് മോശം ദിനം. ഇന്നലെ 350 പോയിന്റ് അടുത്ത് ഇടിഞ്ഞ സെന്‍സെക്‌സ് ഇന്നും ആ പാതയിലൂടെ സഞ്ചരിച്ചു.
689.81 പോയിന്റ് താഴ്ന്ന് (0.83 ശതമാനം) 82,500 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 205.40 പോയിന്റ് താഴ്ന്ന് 25,149.85ല്‍ വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 460 ലക്ഷം കോടി രൂപയില്‍ നിന്ന് 456.5 ലക്ഷം കോടി രൂപയായി താഴ്ന്നു. നിക്ഷേപകരുടെ സമ്പത്തില്‍ 3.5 ലക്ഷം കോടി രൂപ നഷ്ടം ഇന്നൊറ്റ ദിവസം സംഭവിച്ചു.
കുതിക്കാന്‍ ആവശ്യമായതൊന്നും വിപണിയില്‍ സംഭവിച്ചില്ല. എന്നാല്‍ നിക്ഷേപകരെ പിന്നോട്ടടിക്കാന്‍ പോന്ന ഒരുപാട് കാര്യങ്ങള്‍ കുറച്ചു ദിവസമായി സംഭവിക്കുന്നു. അതിലേറ്റവും പ്രധാനം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം തന്നെയാണ്. ഏതു രീതിയിലുള്ള കരാറാണ് യു.എസുമായി ഒപ്പിടുന്നതെന്ന ആശങ്ക വിപണിയെ വിടാതെ പിന്തുടരുകയാണ്. കാത്തിരുന്നു നിക്ഷേപിക്കാമെന്ന മനോഭാവത്തിലേക്ക് നിക്ഷേപകരും മാറിയത് വിപണിയുടെ വീഴ്ച്ചയ്ക്ക് ആഴംകൂട്ടി.
ജൂണില്‍ അവസാനിച്ച പാദത്തിലെ ഫലങ്ങള്‍ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും വിപണിയുടെ നെഗറ്റീവ് മാനോഭാവത്തിന് വഴിയൊരുക്കി. ആദ്യ പാദത്തില്‍ മികച്ച റിസല്‍ട്ടുണ്ടാക്കുമെന്ന് കരുതിയ കമ്പനികള്‍ പലതും തളര്‍ച്ചയിലാണ്. രാജ്യത്തിന്റെ സമ്പദ്‌മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന പ്രതീക്ഷകള്‍ക്ക് വിപരീതമാണ് ഫലസൂചനകള്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഫലം വേണ്ടത്ര മികച്ചതായിരുന്നില്ല. ഇന്ന് ടി.സി.എസ് ഓഹരികള്‍ നാലു ശതമാനത്തിനടുത്ത് ഇടിഞ്ഞു.
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് വലിയ വില്പന സമ്മര്‍ദം നേരിട്ടു. എഫ്.എം.സി.ജി (0.51), ഫാര്‍മ (0.68), ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് (0.07) സൂചികകള്‍ മാത്രമാണ് ഇന്ന് നേട്ടം സ്വന്തമാക്കിയുള്ളൂ.
വിപണിയുടെ വീഴ്ചക്കിടയിലും 52 ആഴ്ചയിലെ ഉയര്‍ന്ന തലത്തിലെത്തി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഞെട്ടിച്ചു. 14.28 ശതമാനം ഉയരാന്‍ ഈ ഓഹരിയെ സഹായിച്ചത് കാന്‍സര്‍ മരുന്നിന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് വലിയ കരാര്‍ ഒപ്പുവച്ചതാണ്.
ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ആണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. മലയാളിയായ പ്രിയ നായര്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിക്കപ്പെട്ടെന്ന വാര്‍ത്തയാണ് ഓഹരികള്‍ക്ക് തുണയായത്. 4.63 ശതമാനമാണ് ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ഓഹരികള്‍ ഉയര്‍ന്നത്.
എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി (3.65), ഡാബര്‍ ഇന്ത്യ (2.41), വിശാല്‍ മെഗാമാര്‍ട്ട് (2.41) ഓഹരികളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ഓഹരികള്‍ ഇന്ന് 5.68 ശതമാനം താഴ്ന്നു. ബി.എസ്.ഇ 3.65 ശതമാനവും ടി.സി.എസ് 3.47 ശതമാനവും ഇടിഞ്ഞു.
ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിറ്റ ജെലാറ്റിന്‍ ഇന്ത്യ (3.31) ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ (0.93), സിഎസ്ബി ബാങ്ക് (0.35), വണ്ടര്‍ലാ ഹോളിഡെയ്‌സ് (0.77) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ മുന്നിലുള്ളത്. മണപ്പുറം ഫിനാന്‍സ് (0.98), മുത്തൂറ്റ് ഫിനാന്‍സ് (0.16) ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.
Read DhanamOnline in English
Subscribe to Dhanam Magazine