

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍. ആഗോള-പ്രാദേശിക സൂചനകള്‍ പോസിറ്റീവായതാണ് വിപണിക്ക് ഗുണമായത്. വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദത്തിന് അയവു വന്നതും കൂടുതല്‍ നിക്ഷേപകര്‍ വാങ്ങലുകാരായതും നേട്ടത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍. ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇളവുകള്‍ക്ക് തയ്യാറാകുമെന്ന സൂചനകളും വിപണിക്ക് നേട്ടമായി. രാവിലെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി കുറച്ച് നേരത്തിനുള്ളില്‍ ചുവപ്പിലേക്ക് മാറിയെങ്കിലും പിന്നീട് നേട്ടത്തിലാവുകയായിരുന്നു.
പ്രധാന സൂചികയായ സെന്‍സെക്‌സ് 609.86 പോയിന്റുകള്‍ (0.83 ശതമാനം) ഉയര്‍ന്ന് 74,340.09 എന്ന നിലയിലെത്തി. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ മുപ്പത് ഓഹരികളില്‍ 24 എണ്ണവും പച്ചകത്തി.നിഫ്റ്റിയാകട്ടെ 207.40 പോയിന്റുകള്‍ (0.93 ശതമാനം) ഉയര്‍ന്ന് 22,544.70 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. വ്യാപാരത്തിനെത്തിയ 2,996 ഓഹരികളില്‍ 2,207 എണ്ണവും നേട്ടത്തിലായി. 258 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. നിഫ്റ്റി മിഡ്ക്യാപ് 0.37 ശതമാനവും സ്‌മോള്‍ക്യാപ് 1.32 ശതമാനവും ഉയര്‍ന്നു.
കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതി തീരുവയില്‍ നിന്നും വാഹന നിര്‍മാതാക്കള്‍ക്ക് ട്രംപ് ഇളവ് നല്‍കിയിരുന്നു. ഇതോടെ യു.എസ്, യൂറോപ്യന്‍ വിപണികള്‍ കുതിച്ചുയര്‍ന്നു. പിന്നാലെ ഏഷ്യന്‍ വിപണികളും വ്യാഴാഴ്ച നേട്ടത്തിലായി. കൂടാതെ ബ്രെന്റ് ക്രൂഡ് ഓയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയായ 70 ഡോളറിലെത്തിയത് പെയിന്റ്, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികളെ കുത്തനെ ഉയര്‍ത്തി. രാജ്യത്തെ ബാങ്കുകളുടെ പണലഭ്യത (ലിക്വിഡിറ്റി) വര്‍ധിപ്പിക്കാന്‍ 1.9 ലക്ഷം കോടി രൂപ കൂടി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഇറക്കുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം ബാങ്കിംഗ്, എന്‍.ബി.എഫ്.സി ഓഹരികള്‍ക്കും തുണയായി.
മാത്രവുമല്ല യു.എസ് ഡോളര്‍ ഇന്‍ഡെക്‌സ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് ഇന്ത്യന്‍ മെറ്റല്‍ ഓഹരികളെയും കുതിപ്പിലാക്കി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് കരുതുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണി മറ്റ് എമേര്‍ജിംഗ് വിപണികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
വിശാല വിപണിയിലേക്ക് വന്നാല്‍ നിഫ്റ്റി റിയല്‍റ്റി ഒഴികെയുള്ളവയെല്ലാം ഇന്ന് നേട്ടത്തിലായി. രണ്ട് ശതമാനത്തിലേറെ ഉയര്‍ന്ന നിഫ്റ്റി മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് ഇന്നത്തെ താരങ്ങള്‍. ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികക്ക് തുണയായതെങ്കില്‍ യു.എസ് ഡോളറിന്റെ മൂല്യമിടിഞ്ഞതും ചൈനീസ് പ്രഖ്യാപനങ്ങളുമാണ് മെറ്റല്‍ സൂചികക്ക് നേട്ടമായത്. നിഫ്റ്റി ഫാര്‍മ, എഫ്.എം.സിജി, മീഡിയ, ഓട്ടോ, പി.എസ്.യു ബാങ്ക് എന്നിവയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ റിയല്‍റ്റി സൂചിക 0.17 ശതമാനം നഷ്ടത്തില്‍ ചുവപ്പിലേക്ക് മാറി.
വിപണിയിലെ പുതിയ പ്രതീക്ഷകളാണ് ജെ.എസ്.ഡബ്ല്യൂ ഇന്‍ഫ്രാസ്ട്രക്ടചര്‍, മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്നീ കമ്പനികളെ ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിച്ചത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് എന്‍.സി.ഡി വഴി ഫണ്ട് സ്വീകരിക്കാനുള്ള തീരുമാനമെടുക്കുമെന്ന സൂചനകള്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികള്‍ക്കും നേട്ടമായി. വേനല്‍ക്കാലം കടുക്കുമെന്ന പ്രവചനങ്ങള്‍ പവര്‍ സ്റ്റോക്കായ കോള്‍ ഇന്ത്യയുടെ ഓഹരികളെയും ലാഭക്കണക്കില്‍ മുന്നിലെത്തിച്ചു. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ബയ് റേറ്റിംഗ് നിലനിറുത്തിയതും ഓഹരികള്‍ക്ക് തുണയായി.
അതേസമയം, കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. കഴിഞ്ഞ ദിവസം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ കോഫോര്‍ജ് ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, ഭാരതി ഹെക്‌സാകോം എന്നീ ഓഹരികളും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലാണ്.
കേരള കമ്പനികള്‍ക്കും ഇന്ന് ഭേദപ്പെട്ട ദിവസമായിരുന്നു. ടയര്‍ നിര്‍മാണ കമ്പനിയായ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടി.സി.എം, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളാണ്. യഥാക്രമം 7.45 ശതമാനം, 6.51 ശതമാനം എന്നിങ്ങനെയാണ് കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, എ.വി.ടി നാചുറല്‍ പ്രോഡക്ട്‌സ്, ഹാരിസണ്‍സ് മലയാളം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ല ഹോളിഡേയ്‌സ, സെല്ല സ്‌പേസ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
നഷ്ടക്കണക്കില്‍ കല്യാണ്‍ ജുവലേഴ്‌സ് തന്നെയാണ് മുന്നില്‍. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine