റെക്കോഡുകള്‍ ഭേദിച്ച് സൂചികകള്‍; നിഫ്റ്റി 25,000 കടന്നു; കേരളാ ഓഹരികളില്‍ ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന് മുന്നേറ്റം

ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും ഹെല്‍ത്ത് കെയര്‍ ഓഹരികളും നല്ല പ്രകടനമാണ് നടത്തിയത്
sensex
Published on

ഓഹരി സൂചികകള്‍ ഇന്ന് റെക്കോഡുകള്‍ മറികടന്ന് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിഫ്റ്റി ആദ്യമായി 25,000 എന്ന നാഴികക്കല്ല് പിന്നിട്ടു. സെന്‍സെക്സ് വ്യാപാരം പുരോഗമിക്കവേ, ഒരുവേള 82,000 പോയിന്റ് പിന്നിട്ടു. തുടര്‍ന്ന് 81,867.55 ലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്.

യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ പോസറ്റീവ് വാര്‍ത്തകള്‍ വിപണിക്ക് കരുത്തു പകര്‍ന്നു. ഫെഡ് റിസര്‍വ് സെപ്റ്റംബറില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രത്യാശയാണ് പങ്കുവെച്ചത്. ബി.എസ്.ഇയിൽ ഇന്ന് വ്യാപാരം നടത്തിയ 4,026 ഓഹരികളില്‍ 2,408 ഓഹരികൾ നേട്ടത്തിലായിരുന്നു. 1,509 ഓഹരികള്‍ നഷ്ടത്തിലായി. 109 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു.

പെട്രോളിയത്തിന്റെ അമിതലാഭ നികുതി കുറച്ചത് ഓയില്‍ ആന്‍ഡ് എനര്‍ജി ഓഹരികള്‍ക്ക് കരുത്തായി. ഒ.എൻ.ജി.സിയും ഓയിൽ ഇന്ത്യയും അടക്കമുളള എനര്‍ജി ഓഹരികൾ മികച്ച പ്രകടനം നടത്തി.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ ഇന്ന് മിഡ് ക്യാപ് ഓഹരികളും സ്മാള്‍ ക്യാപ് സൂചികകളും നഷ്ടം നേരിട്ടു. റിയാലിറ്റി, മീഡിയ സൂചികകളും നഷ്ടത്തിലായിരുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും ഹെല്‍ത്ത് കെയര്‍ സൂചികകളും നല്ല പ്രകടനമാണ് നടത്തിയത്. ഓയില്‍, ഗ്യാസ് സൂചികകള്‍ 0.35 ശതമാനം ഉയര്‍ന്നപ്പോള്‍ ഹെല്‍ത്ത് കെയര്‍ സൂചികകള്‍ 0.27 ശതമാനം മുന്നേറ്റം കാഴ്ചവെച്ചു. 

വിവിധ സൂചികകളുടെ പ്രകടനം

അദാനി എനര്‍ജി സൊലൂഷന്‍സിന്റെ ഓഹരികള്‍ 11.24 ശതമാനം ഉയര്‍ന്ന് 1266 ലാണ് ക്ലോസ് ചെയ്തത്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യു.ഐ.പി) വഴി കമ്പനിയുടെ ഓഹരി വിൽപ്പനയ്‌ക്ക് ശക്തമായ പ്രതികരണം ലഭിച്ചത് അദാനി എനർജി സൊലൂഷൻസിന് ശക്തി പകര്‍ന്നു. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഓഹരികള്‍ 3.82 ശതമാനം ഉയര്‍ന്ന് 361.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരികളില്‍ നേട്ടമുണ്ടാക്കിയവരും നഷ്ടത്തിലായവരും

പവർ ഗ്രിഡ് (3.82%), കോൾ ഇന്ത്യ (3.47%), ഒഎൻജിസി (2.03%), എച്ച്‌ഡിഎഫ്‌സി ബാങ്ക് (1.97%), ഡോ.റെഡ്ഡീസ് ലാബ് (1.96%) എന്നിവയാണ് ഇന്ന് മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.

നേട്ടത്തിലായവര്‍

 എം.ആൻഡ്.എം (-2.78%), ടാറ്റ സ്റ്റീൽ (-1.37%), ഹീറോ മോട്ടോകോർപ്പ് (-1.35%), ബ്രിട്ടാനിയ (-1.32%), ടാറ്റ മോട്ടോഴ്‌സ് (-1.21%) തുടങ്ങിയവ നഷ്ടം നേരിട്ടു.

2025-26 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഡാബർ ഇന്ത്യ 500 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷത്തെ 462 കോടി രൂപയിൽ നിന്ന് 8 ശതമാനം വർധനയാണ് ഇത്. ഏകീകൃത വരുമാനം 7 ശതമാനം ഉയർന്ന് 3,349 കോടി രൂപയിലും എത്തി. ഡാബറിന്റെ ഓഹരികള്‍ 1.05 ശതമാനം ഉയര്‍ന്ന് 642.40 ല്‍ ക്ലോസ് ചെയ്തു.

സീ എന്‍ടര്‍ടൈന്‍മെന്റ് 4.34 ശതമാനവും എ.സി.സി. 4.08 ശതമാനവും ഐ.ഡി.ബി.ഐ ബാങ്ക് 3.47 ശതമാനവും ഇന്ന് നഷ്ടം നേരിട്ടു.

നഷ്ടത്തിലായവര്‍

സൊമാറ്റോ ഓഹരികള്‍ ഇന്ന് 3.68 ശതമാനം ഉയര്‍ന്ന് 237.90 ലാണ് ക്ലോസ് ചെയ്തത്. ത്രൈമാസ അവലോകനത്തില്‍ സൊമാറ്റോ പ്രതീക്ഷിച്ചതിലും മികച്ച ലാഭം രേഖപ്പെടുത്തിയതാണ് സൊമാറ്റോ ഓഹരികളില്‍ പ്രതിഫലിച്ചത്. ഫുഡ്, ഗ്രോസറി ഡെലിവറി സേവനങ്ങൾക്കുള്ള ശക്തമായ ഡിമാൻഡാണ് കമ്പനിയുടെ പ്രകടനത്തില്‍ നല്ല ലാഭം നേടിക്കൊടുത്തത്. ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 253 കോടി രൂപയായും ഉയര്‍ന്നു.

കേരളാ ഓഹരികളില്‍ മികച്ച പ്രകടനം നടത്തി നിറ്റ ജെലാറ്റിന്‍

കേരളാ ഓഹരികളില്‍ ഇന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ 6.04 ശതമാനം ഉയര്‍ന്ന് 368 ലാണ് ക്ലോസ് ചെയ്തത്. നിറ്റ ജെലാറ്റിന്‍ ഇന്ത്യ ഓഹരികള്‍ 3.90 ശതമാനം ഉയര്‍ന്ന് 869 ല്‍ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ ഓഹരികളും നല്ല പ്രകടനം നടത്തി, പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ഓഹരി 3.04 ശതമാനം ഉയര്‍ന്ന് 248 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരളാ ഓഹരികളുടെ പ്രകടനം

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരികള്‍ 2.30 ശതമാനം നഷ്ടം നേരിട്ടു, 566 ലാണ് കല്യാണിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. കിറ്റക്സ് ഗാര്‍മെന്റ്സ് 3.02 ശതമാനം നഷ്ടത്തില്‍ 227 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈസ്റ്റേണ്‍ ട്രേഡേഴ്സ്, റബ്ഫില്ല, ബി.പി.എല്‍, അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com