
വിപണിയിലെ അനിശ്ചിതത്വങ്ങളില്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ ഇന്നും ഫ്‌ളാറ്റായി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളില്‍ ആശങ്കയുള്ള നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദമാണ് മികച്ച തുടക്കം കിട്ടിയിട്ടും വിപണിയെ താഴേക്ക് വലിച്ചതെന്നാണ് വിലയിരുത്തല്‍. ഫിനാന്‍ഷ്യല്‍ ഓഹരികള്‍ മികച്ച പിന്തുണ നല്‍കിയിട്ടും വലിയ തിരിച്ചടി നേരിട്ട റിയല്‍റ്റി, ഓട്ടോ ഓഹരികളാണ് ഇന്നത്തെ വിപണി തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന്. വിശാല വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായതോടെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിടുന്നതും ഇന്ന് വിപണിയില്‍ കാണാനായി. വിപണിയിലെ ചെറിയ ഉയര്‍ച്ച പോലും അവസരമാക്കി കൈവശമുള്ള റിസ്‌കി ഓഹരികള്‍ വിറ്റൊഴിക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.
പ്രധാന സൂചികയായ സെന്‍സെക്‌സ് 0.014 ശതമാനം നേട്ടത്തില്‍ 74,612.43 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ മുപ്പതില്‍ 17 ഓഹരികളും നഷ്ടത്തിലായി. നിഫ്റ്റിയാകട്ടെ 0.011 നഷ്ടത്തില്‍ 22,545.05 എന്ന നിലയിലുമാണ്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.14 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.64 ശതമാനവും ഇടിഞ്ഞു.
വിശാല വിപണിയിലേക്ക് വന്നാല്‍ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് എന്നീ സൂചികകള്‍ ഒഴിച്ചുള്ളതെല്ലാം നഷ്ടത്തിലായി. 3.58 ശതമാനം ഇടിവ് നേരിട്ട നിഫ്റ്റി മീഡിയയാണ് നഷ്ടത്തില്‍ മുന്നിലുള്ളത്. നിഫ്റ്റി ഓട്ടോ, പി.എസ്.യു ബാങ്ക്, റിയല്‍റ്റി എന്നിവ ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി.
എൻ.ബി.എഫ്.സികൾക്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള തോത് റിസര്‍വ് ബാങ്ക് കുറച്ചതോടെ ഇന്ന് ബാങ്കിംഗ് ഓഹരികള്‍ക്ക് നല്ല ദിവസമായിരുന്നു. എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് എന്നീ ഓഹരികള്‍ ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്. ഫെര്‍ട്ടിലേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്), ഭാരതി ഹെക്‌സാകോം എന്നിവയും ഇന്ന് മികച്ച ലാഭമുണ്ടാക്കി.
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള അള്‍ട്രാടെക് സിമിന്റ് കേബിള്‍ വ്യവസായത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്ത ഈ മേഖലയിലെ ഒട്ടുമിക്ക കമ്പനികള്‍ക്കും നഷ്ടമുണ്ടാക്കി. വാര്‍ത്ത വന്നതിന് പിന്നാലെ കേബിള്‍, വയർ കമ്പനികളുടെ ഓഹരികളിൽ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായി. പ്രമുഖ കേബിള്‍ കമ്പനികളായ പോളിക്യാബ് ഇന്ത്യക്ക് 18.8 ശതമാനവും ഹാവല്‍സ് ഇന്ത്യക്ക് 7.10 ശതമാനവും നഷ്ടം നേരിട്ടു. ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുള്ളതും ഈ കമ്പനികളാണ്. ബി.എസ്.ഇ, വരുണ്‍ ബിവറേജസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ് എന്നിവയും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലുണ്ട്. കമ്പനിയുടെ ആസ്ഥാനത്തും ബ്രാഞ്ചുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സിന് വിനയായത്.
വിപണിയെ മൊത്തത്തില്‍ ബാധിച്ച മാന്ദ്യം കേരള കമ്പനികളിലേക്കും പടര്‍ന്നെങ്കിലും ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ അടക്കമുള്ള കമ്പനികള്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, പ്രൈമ അഗ്രോ, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വെര്‍ടെക്‌സ് സെക്യൂരിറ്റീസ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
എന്നാല്‍ ആഡ്‌ടെക് സിസ്റ്റംസ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്‌സ്, ബി.പി.എല്‍, സെല്ല സ്‌പേസ്, സി.എസ്.ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, റൂബ്ഫില ഇന്റര്‍നാഷണല്‍, ടി.സി.എം, വെസ്റ്റേണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടോളിന്‍സ് ടയേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേഴ്‌സ് തുടങ്ങിയ കേരള കമ്പനികളുടെ ഓഹരി വില മൂന്ന് ശതമാനത്തിലേറെയാണ് ഇന്ന് ഇടിഞ്ഞത്.
Read DhanamOnline in English
Subscribe to Dhanam Magazine