സാമ്പത്തിക വര്‍ഷാവസാനം വിപണികളില്‍ നഷ്ടക്കച്ചവടം! താരിഫ് പേടിയില്‍ നിക്ഷേപകര്‍, കത്തിക്കയറി ആസ്റ്റര്‍ ഡി.എം ഓഹരികള്‍

മാര്‍ച്ച് 31ന് ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഓഹരി വിപണി അവധിയാണ്.
Stock market Closing points
Canva, NSE , BSE
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പേടിയില്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2024-25) അവസാന വ്യാപാര ദിനമായിരുന്ന ഇന്ന് വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിക്ക് വില്ലനായത്. മാര്‍ച്ച് 31ന് ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഓഹരി വിപണി അവധിയാണ്.

മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 191.51 പോയിന്റുകള്‍ (0.25%) ഇടിഞ്ഞ് വ്യാപാരാന്ത്യം 77,141.92 എന്ന നിലയിലെത്തി. സെന്‍സെക്‌സിലെ മുപ്പതില്‍ ഇരുപത് ഓഹരികളും നഷ്ടത്തിലായി. ഇന്ന് മാത്രം വിപണിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയോളം നഷ്ടമായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 415 കോടി രൂപയില്‍ നിന്നും 413 കോടി രൂപയിലേക്ക് താഴ്ന്നു. നിഫ്റ്റിയാകട്ടെ 72.60 പോയിന്റുകള്‍ (0.31%) നഷ്ടത്തില്‍ 23,519.35 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്.

വിപണിയിലെ നഷ്ടത്തിന് കാരണം?

ആഗോള സൂചനകള്‍ നെഗറ്റീവായതും ലാഭമെടുക്കല്‍ തകൃതിയായി നടന്നതുമാണ് ഇന്ന് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്. ട്രംപിന്റെ താരിഫ് തീരുമാനങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ്. യു.എസ് താരിഫ് നീക്കങ്ങള്‍ നിര്‍മാണ മേഖലയില്‍ നേട്ടം കൈവരിച്ച രാജ്യങ്ങള്‍ക്കെല്ലാം തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരിയിലെ നഷ്ടം നികത്തി രൂപ

അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്ന് ശക്തമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാള്‍ 32 പൈസ കയറി ഒരു ഡോളറിന് 85.46 രൂപ എന്ന നിലയിലാണ് രൂപയുടെ വിനിമയം. കഴിഞ്ഞ മാസം ഒരു ഡോളറിന് 87.95 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശേഷമായിരുന്നു രൂപയുടെ തിരിച്ചുവരവ്. ആറ് വര്‍ഷത്തിനിടെ രൂപയുടെ ഒരു മാസത്തെ ഏറ്റവും മികച്ച പ്രകടനമാണിത്.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

വിവിധ സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്.എം.സി.ജി, പ്രൈവറ്റ് ബാങ്ക് എന്നിവ ഒഴിച്ചുള്ള സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നിറുത്തിയത്. 2.29 ശതമാനം ഇടിഞ്ഞ നിഫ്റ്റി മീഡിയ സൂചികയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി ഓട്ടോ, ഐ.റ്റി, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

ലാഭവും നഷ്ടവും

ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത് ബി.എസ്.ഇ ഓഹരിയാണ്. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് എക്‌സ്പയറി ഡേറ്റ് മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ബി.എസ്.ഇ ഓഹരികള്‍ക്ക് തുണയായത്. ഇന്ന് 16.09 ശതമാനമാണ് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായക്, ഇന്ധപ്രസ്ഥ ഗ്യാസ്, ഹിന്ദുസ്ഥാന്‍ സിങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ എന്നീ ഓഹരികളും ഇന്ന് ലാഭക്കണക്കില്‍ മുന്നിലെത്തി.

കുറച്ച് ദിവസങ്ങളായി നഷ്ടം തുടരുന്ന ഓല ഇലക്ട്രിക് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ ആദ്യമുള്ളത്. എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം തുടര്‍ന്നു. ടാറ്റ എല്‍ക്‌സി, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഇന്‍സഡ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളും നഷ്ടത്തിലാണ്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കത്തിക്കയറി ആസ്റ്റര്‍ ഡി.എം ഓഹരികള്‍

5 ശതമാനം നേട്ടമുണ്ടാക്കിയ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് ഇന്നത്തെ കേരള കമ്പനികളിലെ താരം. ആല്‍ഫാവണ്‍ മെഡിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ലോണ്‍ സെറ്റില്‍മെന്റ് നടപടികള്‍ തുടങ്ങിയതായി ആസ്റ്റര്‍ ഡി.എം കഴിഞ്ഞ ദിവസം ഓഹരി വിപണിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനായത്. കൂടാതെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍, സി.എസ്.ബി ബാങ്ക്, ഹാരിസണ്‍സ് മലയാളം, കെ.എസ്.ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ, പോപ്പീസ് കെയര്‍, പോപ്പുലര്‍ വെഹിക്കിള്‍ ആന്‍ഡ് സര്‍വീസസ്, പ്രൈമ അഗ്രോ, റബ്ഫില ഇന്റര്‍നാഷണല്‍, സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വെര്‍ട്ടക്‌സ് സെക്യുരിറ്റീസ് തുടങ്ങിയ കേരള ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

ആഡ്‌ടെക് സിസ്റ്റംസ്, സെല്ല സ്‌പേസ്, ഫെഡറല്‍ ബാങ്ക്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് മൈക്രോഫിന്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, ടി.സി.എം എന്നീ കമ്പനികളുടെ ഓഹരികളാണ് കേരള കമ്പനികളിലെ ഇന്നത്തെ നഷ്ടക്കാര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com