

ബുധനാഴ്ച റിസര്‍വ് ബാങ്ക് റീപോ നിരക്കു വര്‍ധിപ്പിക്കും എന്ന് ഉറപ്പിച്ചാണു വിപണി നീങ്ങുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏതവസരത്തിലും വലിയ യുദ്ധമായി വീണ്ടും മാറാം എന്ന ആശങ്ക വിപണിയില്‍ ശക്തമാണ്. യെമനില്‍ ഹൂതികള്‍ക്കെതിരേ സൗദി അറേബ്യയും പടയൊരുക്കുന്നുണ്ട്. യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായ നിലയിലേക്കു മാറുകയാണ്.
ഡോളര്‍സൂചിക 102 ലേക്കു കയറി ക്രൂഡ് ഓയില്‍ വില വാരാന്ത്യത്തില്‍ 102 ഡോളറിനു മുകളില്‍ എത്തി. ഇതെല്ലാമാണെങ്കിലും ഒരു മികച്ച ആശ്വാസ റാലി പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ വിപണി ഇന്നു വ്യാപാരത്തിന് ഒരുങ്ങുന്നത്. വ്യാഴാഴ്ച ടിസിഎസ് രണ്ടാം പാദ റിസല്‍ട്ട് പുറത്തുവിടും. ഐടി കമ്പനികള്‍ മോശം റിസല്‍ട്ട് ആണു സൂചിപ്പിക്കുന്നത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,624.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,672 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എം.പി.സി) ഇന്നു സമ്മേളനം തുടങ്ങും. ബുധനാഴ്ച രാവിലെ പത്തിനു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. റീപോ നിരക്ക് 5.25 ല്‍ നിന്ന് 5.50 ശതമാനത്തിലേക്ക് കൂട്ടും എന്നാണു പൊതു നിഗമനം. മല്‍ഹോത്ര ഗവര്‍ണറായ ശേഷമുള്ള ആദ്യത്തെ നിരക്കു വര്‍ധനയാകും ഇത്. വാണിജ്യ ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. ഇതു ക്രമീകരിച്ചു രാജ്യത്തെ മൊത്തം പലിശ നിരക്കുകള്‍ നിയന്ത്രിക്കാം. ചില്ലറ വിലക്കയറ്റം കഴിഞ്ഞ മാസം 4.82 ശതമാനം ആയതിനാല്‍ നിരക്കുകൂട്ടല്‍ അനിവാര്യമാണ്.
കടപ്പത്രവിലകള്‍ ഇടിഞ്ഞു പലിശഭീതി വളര്‍ന്ന കഴിഞ്ഞ ആഴ്ച തൊഴില്‍ കണക്കുകള്‍ വിപണിക്കു തുണയായി. സെപ്റ്റംബറില്‍ കാര്‍ഷികേതര ജോലികളിലെ വര്‍ധന 29,000 മാത്രമായിരുന്നു. 84,000 പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഓഗസ്റ്റിലെയും ജൂലൈയിലെയും പ്രാരംഭ കണക്കുകളും കുറച്ചു. തൊഴിലില്ലായ്മ നിരക്കു 4.2 ശതമാനത്തിലേക്കു കയറി. ഇവയെല്ലാം ഫെഡറല്‍ റിസര്‍വ് ഈ മാസം പലിശ കൂട്ടുന്നതിന് എതിരായ വസ്തുതകളാണ്. പലിശപ്പേടി ഇങ്ങനെ അകന്നതോടെ വെളളിയാഴ്ച യുഎസ് വിപണികള്‍ കുതിച്ചു. നാസ്ഡാക് വ്യാപാരത്തിനിടെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തുകയും ചെയ്തു.
എങ്കിലും ആഴ്ചക്കണക്കില്‍ ഡൗ 1.3 ശതമാനം താഴ്ന്നു. എസ്ആന്‍ഡ്പി 0.3 ശതമാനം കുറഞ്ഞു. നാസ്ഡാക് 0.6 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ എന്‍വിഡിയ ഓഹരി 237.88 ഡോളര്‍ എന്ന റെക്കോര്‍ഡ് വരെ കയറി. മേയ് മാസത്തിലെ റെക്കോര്‍ഡ് ആണു തിരുത്തിയത്.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 250.40 പോയിന്റ് (0.49 ശതമാനം) ഉയര്‍ന്ന് 51,176.96ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 56.27 പോയിന്റ് (0.73%) നേട്ടത്തോടെ 7722.72ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 319.27 പോയിന്റ് (1.19%) കുതിച്ച് 21,190.86ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 37 പോയിന്റും (0.07%) എസ്ആന്‍ഡ്പി 14 പോയിന്റും (0.18%) നാസ്ഡാക് 149 പോയിന്റും (0.48%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാഴാഴ്ച 23.52 ഡോളര്‍ വരെ ഉയര്‍ന്നിട്ടു വെള്ളിയാഴ്ച വ്യാപാര സമയത്ത് 2.66 ശതമാനം ഇടിഞ്ഞു. തുടര്‍വ്യാപാരത്തില്‍ 0.72 ശതമാനം കയറി 22.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.25% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 27.44 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 2.73% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.18% കയറി 11.06 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.27 ശതമാനം താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.58% കയറി 1.73 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ കഴിഞ്ഞയാഴ്ച തകര്‍ച്ചയിലായി. യൂറോ മേഖലയിലെ വിലക്കയറ്റം വര്‍ധിച്ചത് ഡിസംബറില്‍ യൂറോപ്യന്‍ കേന്ദ്ര ബാങ്കിനെ പലിശ കൂട്ടാന്‍ നിര്‍ബന്ധിക്കും എന്നാണു നിഗമനം. യൂറോ സോണ്‍ വിലക്കയറ്റം സെപ്റ്റംബറില്‍ 3.8 ശതമാനമായി കയറി. ഫ്രാന്‍സിന്റെ ബജറ്റ് കമ്മി പരിധി വിട്ടു കൂടും എന്നതും ആശങ്കയായി 2027 ലേക്ക് അഞ്ചു ശതമാനം ധനകമ്മി ഉള്ള ബജറ്റാണു നിര്‍ദേശിച്ചത്. പക്ഷേ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ പാസാക്കാന്‍ പ്രയാസമാണ്. അതു കമ്മി കൂട്ടും. കഴിഞ്ഞ വാരം സ്റ്റോക്സ് 600 സൂചിക രണ്ടും ഫ്രഞ്ച് സിഎസി 40 സൂചിക 2.24 ഉം ശതമാനം ഇടിഞ്ഞു. യുകെയില്‍ എഫ്ടിഎസ്ഇ 2.18% താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 2.70 ശതമാനം കുതിച്ചു. ദക്ഷിണ കൊറിയന്‍ കോസ്പി 0.50 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.45 ശതമാനം കയറി. തായ്വാന്‍ സൂചിക 2.55 ശതമാനം കുതിച്ചു. ഹോങ്‌കോങ്ങിലെ ഹാങ് സെങ് 0.45 ശതമാനം താഴ്ന്നു. ചൈനയിലെ ഷാങ്ഹായ് സൂചിക 0.30 ശതമാനം ഉയര്‍ന്നു.
ഇന്ത്യന്‍ വിപണി വ്യാഴാഴ്ച കരടികളുടെ പിടിയിലായി. ഉയര്‍ന്ന നിലയില്‍ നിന്നു നിഫ്റ്റി 400 ഉം സെന്‍സെക്‌സ് 1300 ഉം പോയിന്റ് വരെ ഇടിഞ്ഞു. എങ്കിലും പിന്നീടു കുത്തനേ തിരിച്ചു കയറി നഷ്ടം പകുതിയാക്കി. ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളറിനു മുകളില്‍ കടന്നതും പലിശപ്പേടിയും വിപണിയെ ആശങ്കയിലാക്കി. ബിഎസ്ഇ വിപണിമൂല്യത്തില്‍ 20 ലക്ഷം കോടി രൂപയുടെ ഇടിവ് വന്നു.
പുതിയ സാരഥിയെ നിയമിച്ചതു കൊട്ടക് മഹീന്ദ്ര ബാങ്കിനെ ഉയര്‍ത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സാരഥി നിയമനം വൈകില്ല എന്ന സൂചന ഓഹരിക്കു മുന്നേറ്റം നല്‍കി. മറ്റു മേഖലകള്‍ വീണതുപോലെ ബാങ്ക്, ധനകാര്യ സൂചികകള്‍ വീഴാതിരുന്നത് ഇവ ഉയര്‍ന്ന സാഹചര്യത്തിലാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവിയായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് മേധാവി അനൂപ് ബാഗ്ചിയെ നിയമിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഇതാദ്യമാണു പുറത്തുനിന്ന് ഒരാള്‍ സിഇഒ-എംഡി പദവിയില്‍ വരുന്നത്. ഐസിഐസിഐ ഗ്രൂപ്പില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുളള ബാഗ്ചി ഈ മാസം 27-നു പുതിയ ചുമതല ഏല്‍ക്കും.
ഓട്ടോ, മെറ്റല്‍, മീഡിയ, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, എഫ്എംസിജി മേഖലകള്‍ വ്യാഴാഴ്ച വലിയ ഇടിവിലായി.
വ്യാഴാഴ്ച ബഹുഭൂരിപക്ഷം ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1226 ഓഹരികള്‍ ഉയര്‍ന്നു, 3204 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1011 ഓഹരികള്‍ കയറിയപ്പോള്‍ 2553 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകര്‍ കനത്ത വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 9484.22 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 10,041.84 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി. സെപ്റ്റംബറില്‍ വിദേശികള്‍ 46,009 കോടി രൂപയാണ് ഓഹരികളില്‍ നിന്നു പിന്‍വലിച്ചത്. 2026-ല്‍ അവര്‍ ഇതുവരെ 2.6 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.
വ്യാഴാഴ്ച സെന്‍സെക്സ് 570.59 പോയിന്റ് (0.79%) താഴ്ന്ന് 71,909.70ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 198.50 പോയിന്റ് (0.88%) നഷ്ടത്തോടെ 22,421.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 182.30 പോയിന്റ് (0.33%) കുറഞ്ഞ് 54,450.75ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 600.06 പോയിന്റ് (1.01%) ഇടിഞ്ഞ് 58,732.00ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 187.05 പോയിന്റ് (0.97%) താഴ്ന്ന് 19,058.65ല്‍ ക്ലോസ് ചെയ്തു.
പലിശപ്പേടി കൂടുകയും കുറയുകയും ചെയ്തതു സ്വര്‍ണവിലയെ ചാഞ്ചാട്ടത്തിലാക്കി. വ്യാഴാഴ്ച 4178.50 ഡോളറിലേക്കു കയറി ക്ലോസ് ചെയ്ത സ്വര്‍ണം വെള്ളിയാഴ്ച ഒരു ശതമാനം താഴ്ന്ന് ഔണ്‍സിന് 4141.80 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 0.40 ശതമാനം ഉയര്‍ന്ന് 4160 ഡോളറില്‍ ആയി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം വില വര്‍ധിച്ച് 1,09,400 രൂപ ആയി. വെള്ളിവില ഔണ്‍സിന് 61.80 ഡോളറില്‍ എത്തി. പ്ലാറ്റിനം 1715 ഡോളര്‍, പല്ലാഡിയം 1158 ഡോളര്‍, റോഡിയം 8400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര വിപണിയില്‍ റബര്‍ വില അല്‍പം താഴ്ന്നു. കേരളത്തില്‍ റബര്‍ വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 283.50 ഡോളറിലും ആര്‍എസ്എസ് മൂന്ന് 280.10 ഡോളറിലും എത്തി. ശനിയാഴ്ച കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,000 രൂപയില്‍ തുടര്‍ന്നു.
വ്യാവസായിക ലോഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നു. ചെമ്പ് ടണ്ണിന് 14,353.85 ഡോളര്‍ ആയി. അലൂമിനിയം താഴ്ന്ന് 3122.00 ഡോളറില്‍ എത്തി. ലെഡും സിങ്കും നിക്കലും ടിന്നും താഴ്ന്നു.
കൊക്കോ വില 5.37 ശതമാനം കുതിച്ചു ടണ്ണിന് 5670 ഡോളറില്‍ ക്ലോസ് ചെയ്തു. അവധി വില 5100 ഡോളറിലേക്കു താഴ്ന്നു. 2025-26 സീസണില്‍ പ്രതീക്ഷയിലും കൂടുതല്‍ കൊക്കോ വിപണിയില്‍ എത്തി. എന്നാല്‍ 2026-27 സീസണിലേക്ക് ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 17 ഉം ശതമാനം ഉല്‍പാദനം കുറയും എന്നാണു വിലയിരുത്തല്‍.
അറബിക്ക കാപ്പി പൗണ്ടിന് 2.888 ഡോളര്‍ ആയി. ബ്രസീലിലെ 2026 സീസണ്‍ കാപ്പി ഉല്‍പാദനം 19.6 ശതമാനം കൂടി. പാം ഓയില്‍ 0.42 ശതമാനം താഴ്ന്നു ടണ്ണിന് 4535 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക വാരാന്ത്യത്തില്‍ ഉയര്‍ന്ന് 101.93 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.01 ലേക്കു കയറി.മയൂറോ 1.1234 ഡോളറിലേക്കും പൗണ്ട് 1.3232 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.47 യെന്‍ വരെ കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 5.254 ശതമാനമായി താഴ്ന്നു.
വ്യാഴാഴ്ച റിസര്‍വ് ബാങ്കിന്റെ സഹായം ഉണ്ടായിട്ടും രൂപ തകര്‍ച്ചയിലായി. പലിശഭീതിയും ക്രൂഡ് ഓയിലിന്റെ കയറ്റവും ആയിരുന്നു കാരണം. ഡോളര്‍ 49 പൈസ വര്‍ധിച്ച് 96.32 രൂപയില്‍ ക്ലോസ് ചെയ്തു. എന്നാല്‍ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.15 രൂപ വരെ താഴ്ന്നു. ഡോളര്‍ സൂചിക 102 കടന്നതു രൂപയ്ക്കു പ്രതികൂലമാണ്.
ചൈനീസ് യുവാന്‍ 14.44 രൂപയിലേക്കു കയറി. യൂറോ 108.84 രൂപയിലാണ്.
ക്രൂഡ് ഓയില്‍ വില വീണ്ടും 102 ഡോളറിനു മുകളില്‍ കയറി. ബ്രെന്റ് ഇനം 4.34 ഡോളര്‍ വര്‍ധിച്ച് 102.36 ഡോളറില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.66 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 90.26 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറ്റത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 86,700 ഡോളറിനു മുകളില്‍ വന്നു. ഈഥര്‍ 2725 ഡോളറിനും സൊലാന 121 ഡോളറിനും മുകളില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine