സമാധാന നീക്കങ്ങളില്‍ വിപണിക്ക് ആശ്വാസം, ക്രൂഡ് ഓയില്‍ 89 ഡോളറിനു താഴെ, ഏഷ്യന്‍ വിപണികള്‍ കയറുന്നു; സ്വര്‍ണം ഉയരുന്നു

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 20ന് 23.07 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കമ്മി 33.83 ശതമാനത്തിലേക്കു കയറി.
stock market morning
image credit : canva
Published on

പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമാണെങ്കിലും സമാധാന നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇത് എണ്ണവിലയെ താഴ്ത്തി. ഏഷ്യന്‍ ഓഹരി വിപണികള്‍ ആശ്വാസത്തിലായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,125.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,107 വരെ താഴ്ന്നിട്ട് 24,150നു മുകളില്‍ കയറി. വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ജൂണില്‍ ഒന്‍പതു കാതല്‍ മേഖലാ വ്യവസായങ്ങളുടെ വളര്‍ച്ച അഞ്ചു ശതമാനം ആയി. അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. 2022-23 അടിസ്ഥാന വര്‍ഷമായുള്ള പുതിയ സീരീസ് സൂചികയില്‍ ഇരുമ്പയിര് കൂടി പെടുത്തി.

ഓഹരികള്‍ക്കുള്ള ദീര്‍ഘകാല മൂലധനലാഭ നികുതി ഇല്ലാതാക്കുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നു ഗവണ്മെന്റ് ഇന്നലെ പാര്‍ലമെന്റില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

മണ്‍സൂണ്‍ കമ്മി 23 ശതമാനം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 20ന് 23.07 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കമ്മി 33.83 ശതമാനത്തിലേക്കു കയറി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിലധികമാണു മഴക്കുറവ്.

രാജ്യത്തെ ഭൂവിസ്തൃതിയില്‍ 65 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തില്‍ കൂടുതലാണ്. ജൂലൈ 19 വരെയുള്ള കണക്കനുസരിച്ച് തലേ വര്‍ഷത്തേക്കാള്‍ ആറു ശതമാനം കുറവാണ്. ഖാരിഫ് സീസണില്‍ മൊത്തം ഉണ്ടാകുന്ന കൃഷിയുടെ 60 ശതമാനത്തോളം സ്ഥലത്തു വിളവിറക്കിയിട്ടുണ്ട്. ഈയാഴ്ച മഴ മെച്ചപ്പെടും എന്നാണു സൂചന.

യുഎസ് വിപണി നഷ്ടത്തില്‍

പശ്ചിമേഷ്യന്‍ യുദ്ധം വ്യാപിക്കുന്നതും ക്രൂഡ് ഓയില്‍ വിലക്കയറ്റവും യുഎസ് വിപണിയെ ഇന്നലെ താഴ്ത്തി. യുഎസ്-ഇറാന്‍ ചര്‍ച്ചയ്ക്ക് അണിയറ നീക്കങ്ങള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന വിപണികള്‍ ഇറാന്റെ മേല്‍ ആക്രമണം രൂക്ഷമാക്കും എന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നു താഴുകയായിരുന്നു. ഡൗ ഉയര്‍ന്ന നിലയില്‍ നിന്ന് 600 പോയിന്റ് താഴെ എത്തി.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഓഹരി വീണ്ടും ഇടിഞ്ഞ് 120 ഡോളറിനു താഴെ എത്തി. ഈയാഴ്ച റിസല്‍ട്ട് വരാനിരിക്കെ മസ്‌കിന്റെ ടെസ്ല ഇന്നലെ മൂന്നു ശതമാനം താഴ്ന്നു.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 307.16 പോയിന്റ് (0.59 ശതമാനം) താഴ്ന്ന് 51,839.26ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 14.41 പോയിന്റ് (0.19%) നഷ്ടത്തോടെ 7443.28ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 12.17 പോയിന്റ് (0.05%) കുറഞ്ഞ് 25,508.07ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് നേട്ടത്തില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 48 പോയിന്റും (0.09%) എസ്ആന്‍ഡ്പി 13 പോയിന്റും (0.16%) നാസ്ഡാക് 117 പോയിന്റും (0.40%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വിപണിസമയത്ത് 10.54 ശതമാനം ഇടിഞ്ഞിട്ടു തുടര്‍വ്യാപാരത്തില്‍ 1.06 ശതമാനം കയറി 23.85 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് മാറ്റമില്ലാതെ നിന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.24 ശതമാനം ഉയര്‍ന്ന് 29.83 ഡോളറില്‍ അവസാനിച്ചു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.57% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.44% ഉയര്‍ന്ന് 11.36 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.54 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.39 ശതമാനം കയറി 1.8758 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് ഭിന്നദിശകളില്‍

യൂറോപ്യന്‍ വിപണികള്‍ പലവഴി നീങ്ങി. പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റ യുകെയിലെ എഫ്ടിഎസ്ഇ സൂചിക 0.71 ശതമാനം താഴ്ന്നു. പൊതു യൂറോപ്യന്‍ വിപണി താഴ്ന്നപ്പോള്‍ ജര്‍മന്‍, ഫ്രഞ്ച് സൂചികകള്‍ നാമമാത്രമായി ഉയര്‍ന്നു.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു ചെറിയ മുന്നേറ്റത്തിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി ഒരു ശതമാനം ഉയര്‍ന്നു. ജാപ്പനീസ് നിക്കൈ സൂചിക രണ്ടു ശതമാനം കയറി. ഓസ്‌ട്രേലിയന്‍ സൂചിക 0.30 ശതമാനം നഷ്ടത്തിലായി. ഹോങ് കോങ്, ഷാങ്ഹായ് സൂചികകള്‍ ചെറിയ നേട്ടം കാണിച്ചു.

ഇന്ത്യന്‍ വിപണി താഴ്ചയില്‍

പ്രമുഖസ്വകാര്യ ബാങ്കുകളുടെ ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഇന്ത്യന്‍ വിപണി താഴ്ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്കിന്റെ എഡിആര്‍ ന്യൂയോര്‍ക്കില്‍ 10 ശതമാനം തകര്‍ച്ച കാണിച്ചു. പ്രതീക്ഷിച്ച ലാഭവും ലാഭമാര്‍ജിനും ഇല്ലാത്തതും ആസ്തി നിലവാരം മോശപ്പെട്ടതുമാണ് പ്രധാന കാരണം. ആക്‌സിസ്, യെസ്, കൊട്ടക് ബാങ്കുകളും താഴ്ന്നു.

സ്വകാര്യ ബാങ്ക് സൂചിക 2.27 ശതമാനം ഇടിഞ്ഞു. ബ്രോക്കറേജുകള്‍ ഈ ബാങ്കുകള്‍ക്ക് ഉയര്‍ന്ന ലക്ഷ്യവില നിര്‍ണയിച്ചു വാങ്ങല്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഫെഡറല്‍ ബാങ്കും ഐസിഐസിഐയും ഉയര്‍ന്നു. പിഎന്‍ബിയുടെയും യൂണിയന്‍ ബാങ്കിന്റെയും നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്ല നേട്ടം ഉണ്ടാക്കി. ധനകാര്യ കമ്പനികള്‍ വീഴ്ചയിലായി.

ഹെല്‍ത്ത് കെയര്‍, ഫാര്‍മ, മീഡിയ എഫ്എംസിജി തുടങ്ങിയവ ഉയര്‍ന്നു മുഖ്യസൂചികകള്‍ താഴ്‌ന്നെങ്കിലും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. അവര്‍ കാഷ് വിപണിയില്‍ 1121.04 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 1312.03 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

തിങ്കളാഴ്ച സെന്‍സെക്സ് 442.93 പോയിന്റ് (0.57%) താഴ്ന്ന് 77,708.52ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 95.80 പോയിന്റ് (0.39%) നഷ്ടത്തോടെ 24,238.50ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 576.40 പോയിന്റ് (0.98%) ഇടിഞ്ഞ് 57,945.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 373.70 പോയിന്റ് (0.60%) നേട്ടത്തോടെ 62,801.75ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 30.15 പോയിന്റ് (0.16%) കയറി 19,326.45ല്‍ ക്ലോസ് ചെയ്തു.

മുഖ്യ സൂചികകള്‍ താഴ്‌ന്നെങ്കിലും വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ ഉയര്‍ച്ചയിലായി. ബിഎസ്ഇയില്‍ 2164 ഓഹരികള്‍ കയറി, 2120 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1757 എണ്ണം ഉയര്‍ന്നപ്പോള്‍ 1491 എണ്ണം താഴ്ന്നു.

വെള്ളിയാഴ്ച ഉയര്‍ന്ന കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്നലെ 0.77 ശതമാനം താഴ്ന്നു.

ഫെഡറല്‍ ബാങ്ക് ഓഹരി 352.20 രൂപ എന്ന റെക്കോര്‍ഡിലേക്കു കയറിയിട്ട് 0.72 ശതമാനം നേട്ടത്തോടെ 351.50 രൂപയില്‍ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് രണ്ടു ശതമാനം താഴ്ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.61 ശതമാനം കുതിച്ചു. മണപ്പുറം ഫിനാന്‍സ് 3.7 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് അല്‍പം താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

പേയ്ടിഎമ്മിന്റെ മാതൃകമ്പനി വണ്‍97 കമ്യൂണിക്കേഷന്‍സ് ബോണസ് ഇഷ്യു നടത്താനുള്ള നീക്കം ഉപക്ഷിച്ചു. ഇനി എന്നാകും ഇഷ്യു എന്ന് സൂചിപ്പിച്ചിട്ടില്ല. പ്രത്യേക കാരണവും പറഞ്ഞിട്ടില്ല. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 79 ശതമാനം കുതിച്ച് 220 കോടി രൂപയില്‍ എത്തി. വരുമാന വര്‍ധന 22 ശതമാനമാണ്.

ശോഭ ഡെവലപ്പേഴ്‌സ് വരുമാനം 50 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 250 ശതമാനം കുതിച്ച് 51 കോടി രൂപയായി. ലാഭമാര്‍ജിന്‍ 2.8ല്‍ നിന്ന് 6.1 ശതമാനമായി.

അള്‍ട്രാടെക് സിമന്റ് ഒന്നാം പാദത്തില്‍ വരുമാനം 16 ശതമാനവും അറ്റാദായം 17 ശതമാനവും വര്‍ധിപ്പിച്ചു.

ഇന്‍ഡിഗോ വ്യോമയാന സര്‍വീസ് നടത്തുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്ക് 1000 എന്‍ജിനുകള്‍ കരാര്‍ ചെയ്തു. 2030 ഓടെ വിമാനസംഖ്യ ഇരട്ടിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

സ്വര്‍ണം ഉയരുന്നു

പശ്ചിമേഷ്യന്‍ യുദ്ധം ചെങ്കടലിലേക്കു വ്യാപിക്കും എന്ന ഭയം തിങ്കളാഴ്ച സ്വര്‍ണത്തെ നാമമാത്രമായി താഴ്ത്തി. എന്നാല്‍ ഇന്നു രാവിലെ വില തിരിച്ചു കയറി. സ്വര്‍ണം ഇന്നലെ 10.30 ഡോളര്‍ താഴ്ന്ന് ഔണ്‍സിനു 4009.00 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4030 ഡോളര്‍ വരെ സ്വര്‍ണം കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 120 രൂപ കൂടി 1,05,200 രൂപ ആയി. വെള്ളിവില ഔണ്‍സിന് 56.54 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 56.74 ഡോളര്‍ ആയി. പ്ലാറ്റിനം 1594 ഡോളര്‍, പല്ലാഡിയം 1242 ഡോളര്‍, റോഡിയം 7825 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ നേട്ടത്തില്‍

അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ച നേട്ടം ഉണ്ടാക്കി. ചെമ്പ് 1.91 ശതമാനം കുതിച്ചു ടണ്ണിനു 13,628.50 ഡോളര്‍ ആയി. പ്രമുഖ ചെമ്പ് ഉല്‍പാദക രാജ്യമായ ചിലയില്‍ കൊടുങ്കാറ്റും മഴയും പല ഖനികളുടെയും പ്രവര്‍ത്തനം മുടക്കി. അലൂമിനിയം 0.53 ശതമാനം നഷ്ടത്തോടെ 3135.32 ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും കയറി.

ബാങ്കോക്കില്‍ റബര്‍ ഇടിഞ്ഞു

തിങ്കളാഴ്ച രാജ്യാന്തര റബര്‍ വില ഇടിഞ്ഞു. കേരളത്തില്‍ ഉയര്‍ന്ന വില തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 295.35 ഡോളറിലും ആര്‍എസ്എസ് മൂന്ന് 291.90 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,200 രൂപയില്‍ നിന്നു. തായ്ലന്‍ഡില്‍ മഴ മാറി ഉല്‍പാദനം പൂര്‍ണ തോതില്‍ ആയതു ലഭ്യത വര്‍ധിപ്പിച്ചു.

കാപ്പി കയറി, കൊക്കോ താഴ്ന്നു

കൊക്കോ വില തിങ്കളാഴ്ച 0.47 ശതമാനം താഴ്ന്നു ടണ്ണിന് 5507 ഡോളറില്‍ എത്തി. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്ന വിലയിരുത്തല്‍ തുടരുന്നു.

അറബിക്ക കാപ്പിവില ഒരു ശതമാനം കയറി പൗണ്ടിന് 3.235 ഡോളര്‍ ആയി. ബ്രസീലില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളര്‍ സൂചിക കയറുന്നു

യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്നു 100.95 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. യൂറോ 1.1414 ഡോളറിലേക്കും പൗണ്ട് 1.3432 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 162.49 യെന്‍ എന്ന നിലയില്‍ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാനില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.596 ശതമാനത്തിലേക്കു കയറി.

ഡോളര്‍ കയറി

തിങ്കളാഴ്ച ഇന്ത്യന്‍ രൂപ താഴ്ചയിലായി. ഡോളര്‍ 17 പൈസ കൂടി 96.45 രൂപയില്‍ അവസാനിച്ചു. വിദേശനാണ്യ സമാഹരണത്തിനു റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കുന്നില്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡോളര്‍ കയറിയത്. വിപണിസമയം കഴിഞ്ഞു പുറത്തുവന്ന റിസര്‍വ് ബാങ്ക് പത്രക്കുറിപ്പ് വിദേശനാണ്യ സമാഹരണം 2100 കോടി ഡോളര്‍ കടന്നു എന്ന് അറിയിച്ചു.

സെപ്റ്റംബര്‍ 30 വരെയാണു പദ്ധതി. 8500 കോടി ഡോളര്‍ വരെ സമാഹരിക്കാന്‍ പറ്റും എന്ന സൂചനയും കേന്ദ്രബാങ്ക് നല്‍കി. ഇത് ആദ്യ പ്രതീക്ഷയേക്കാള്‍ കൂടുതലാണ്. ഏതു രാജ്യങ്ങളില്‍ നിന്ന് ഏതു ബാങ്കുകളിലാണു നിക്ഷേപം എന്നു പത്രക്കുറിപ്പില്‍ പറഞ്ഞില്ല.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.49 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.24 രൂപയിലും യൂറോ 110.10 രൂപയിലും നില്‍ക്കുന്നു.

ക്രൂഡ് ഓയില്‍ 89 ഡോളറിനു താഴെ

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായെങ്കിലും ക്രൂഡ് ഓയില്‍ വില ഇന്നലെ താഴ്ന്നു. ഇന്നു രാവിലെ ഇറക്കം തുടര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ 1.35 ശതമാനം താഴ്ന്നു വീപ്പയ്ക്ക് 89.22 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 88.53 ലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 82.14 ഡോളറില്‍ എത്തി.

ക്രിപ്‌റ്റോകള്‍ കയറുന്നു

ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച കയറ്റം തുടര്‍ന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 65,500നു മുകളില്‍ എത്തി. ഈഥര്‍ 1910 ഡോളറിനും സൊലാന 78 ഡോളറിനും മുകളിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com