ഓഹരി നിക്ഷേപകര്‍ക്ക് ₹ 12 ലക്ഷം കോടിയാണ് നേട്ടം! ആറു മാസത്തിനിടയില്‍ കാണാത്ത മിസൈല്‍ കുതിപ്പിന് കാരണം എന്താണ്? വെടിനിര്‍ത്തല്‍ മാത്രമല്ല, പിന്നെയോ?

2024 നവംബര്‍ 22ന് ശേഷം വിപണി ഇത്രയും ഉയരത്തില്‍ കുതിക്കുന്നത് ഇതാദ്യമാണ്
Stock market chart
Canva
Published on

രണ്ട് ദിവസത്തെ ചെറിയ ക്ഷീണത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ ഇന്ന് പുതിയ ഉയരത്തിലേക്ക് കുതിച്ചു. ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തലിന് തയ്യാറായതും യു.എസും ചൈനയും വ്യാപാര കരാറിലെത്തിയതും ഇന്ധനമാക്കിയാണ് വിപണിയുടെ കുതിപ്പ്. നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി. കഴിഞ്ഞ നവംബര്‍ 22ന് ശേഷം വിപണി ഇത്രയും ഉയരത്തില്‍ കുതിക്കുന്നത് ഇതാദ്യമാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടങ്ങിയ സംഘര്‍ഷം ശനിയാഴ്ച അവസാനിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിറുത്തല്‍ തീരുമാനമായത്. ലോക വ്യാപാര ശക്തികളായ യു.എസും ചൈനയും സമവായത്തിലെത്തിയെന്ന വാര്‍ത്തകളും ഇന്നത്തെ കുതിപ്പിന് കാരണമായി. സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല. ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന ഉടനുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

12 ലക്ഷം കോടി

അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിപണി ചെറിയ നഷ്ടം നേരിട്ടിരുന്നു. ചില മേഖലകളില്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടതും തിരിച്ചടിയായി. രണ്ട് ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏതാണ്ട് 7 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. വെടിനിറുത്തല്‍ കഴിഞ്ഞെത്തിയ ആദ്യ വ്യാപാര ദിനത്തില്‍ തന്നെ നഷ്ടം നികത്തിയാണ് വിപണിയുടെ മറുപടി. തിങ്കളാഴ്ച വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 12 ലക്ഷം കോടി രൂപയോളമാണ്. 5 ലക്ഷം കോടിയോളം രൂപ അധികമായെത്തി.

വിപണിയിലെ വിശ്വാസം വിടാതെ വിദേശികള്‍

യുദ്ധസമാന സാഹചര്യത്തിലും വിപണിയില്‍ വിദേശ നിക്ഷേപം തുടര്‍ന്നുകൊണ്ടിരുന്നു. മെയ് ഒമ്പത് വരെ വിദേശികള്‍ നിക്ഷേപിച്ചത് 14,167 കോടി രൂപയാണെന്നാണ് കണക്ക്. ഏപ്രിലില്‍ 4,223 കോടി രൂപ മാത്രമായിരുന്നു വിദേശികളുടെ നിക്ഷേപം. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഓഹരി വിറ്റൊഴിച്ച ശേഷമായിരുന്നു തിരിച്ചുവരവ്. ജനുവരിയില്‍ 78,027 കോടി, ഫെബ്രുവരിയില്‍ 34,574 കോടി, മാര്‍ച്ചില്‍ 3,973 കോടി രൂപ ഇങ്ങനെയായിരുന്നു വിദേശികളുടെ വില്‍പ്പന.

ചരിത്രം ആവര്‍ത്തിച്ചു

ഇന്ത്യ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ വിപണി നേരിട നഷ്ടത്തിലാകുമെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വരുമെന്നാണ് ചരിത്രം പറയുന്നത്. ഇക്കുറിയും അങ്ങനെ തന്നെ നടന്നു. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് നിഫ്റ്റി 186 പോയിന്റുകള്‍ നഷ്ടത്തിലായെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ തിരിച്ചെത്തി. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയുണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങളിലും വിപണിയുടെ പ്രതികരണം ഏതാണ്ട് സമാനമായിരുന്നു. 2022ലെ റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് പിന്നാലെ വിപണിയില്‍ ചാഞ്ചാട്ടമുണ്ടായി. മാസങ്ങള്‍ക്കുളില്‍ തിരിച്ചെത്തി. ഇന്ത്യയുടെ വികേന്ദ്രീകൃതമായ സാമ്പത്തിക മേഖലയും (Diversified Economy) ശക്തമായ പ്രാദേശിക വിപണിയുമാണ് ഏത് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ ഓഹരി സൂചികകളെ വലിയ നഷ്ടത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Indian stock markets surged on May 12, 2025, following a ceasefire agreement between India and Pakistan, alleviating investor concerns and prompting a market rally.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com