ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്ന് ന്യൂസിലന്റ്; സ്‌കോളര്‍ഷിപ്പും വര്‍ക്ക് വിസയും അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍

കഴിഞ്ഞ അക്കാഡമിക് വര്‍ഷം 59,000ത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ ന്യൂസിലന്‍ഡിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലുമായി പഠിക്കാനെത്തിയിട്ടുണ്ട്
new zeland student visa
Published on

കാനഡയും യു.കെയും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ മലയാളികള്‍ അടക്കമുള്ളവരുടെ ഒഴുക്ക് കുറഞ്ഞിരുന്നു. സ്റ്റുഡന്റ്‌സ് വിസയില്‍ വിദേശത്തേക്ക് പോയാല്‍ പ്രതിസന്ധിയിലാകുമെന്ന ഭയം വന്നതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ പോകുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

വിദേശ രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ അടയ്ക്കുമ്പോള്‍ ന്യൂസിലന്‍ഡ് എന്ന ദ്വീപ് രാഷ്ട്രം സ്‌കോളര്‍ഷിപ്പ് അടക്കം വലിയ ഓഫറുകളുമായി രംഗത്തെത്തുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി സ്‌കോളര്‍ഷിപ്പ്, ഇന്റേണ്‍ഷിപ്പ് തുടങ്ങി ഒരുപിടി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലുക്‌സണിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനം.

ന്യൂസിലന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ്‌സ് (NZEA) പ്രകാരം 260,000 ന്യൂസിലന്‍ഡ് ഡോളറിന്റെ ഭാഗിക സ്‌കോളര്‍ഷിപ്പ് പാക്കേജ് പ്രഖ്യാപിച്ചു. 30 ഐഐടി ഡല്‍ഹി വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസിലന്‍ഡ് കമ്പനികളുമായി വിദൂരമായി ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം നല്‍കുന്ന ഒരു സവിശേഷ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

എന്തുകൊണ്ട് ന്യൂസിലന്‍ഡ്?

കഴിഞ്ഞ അക്കാദമിക വര്‍ഷം 59,000ത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ ന്യൂസിലന്‍ഡിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലുമായി പഠിക്കാനെത്തിയിട്ടുണ്ട്. ഇതില്‍ 10 ശതമാനത്തോളം പേര്‍ ഇന്ത്യക്കാരാണ്. കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ അനാകര്‍ഷകമായി മാറിയതോടെ ന്യൂസിലന്‍ഡിലേക്കുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്, ഐ.ടി, എന്‍ജിനിയറിംഗ്, ഏവിയേഷന്‍, ഫുഡ് ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ന്യൂസിലന്‍ഡില്‍ പ്രിയമേറെ. വിദ്യാഭ്യാസത്തിനുശേഷം മൂന്നു വര്‍ഷത്തെ വര്‍ക്ക് വിസ നല്കുന്ന സ്‌കീമുകളും ന്യൂസിലന്‍ഡിനെ വിദ്യാര്‍ത്ഥികളുടെ ഇഷ്ടരാജ്യമാക്കി മാറ്റുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com