കാര്‍ ഷെഡ്ഡിന്റെ മുകള്‍നിലയില്‍ ചെറിയ തോതില്‍ തുടക്കം, ഡോ. ജിപിസി നായര്‍ പടുത്തുയര്‍ത്തിയ എസ്‌സിഎംഎസ് 50ന്റെ നിറവില്‍

എസ് സി എം എസ് ഗ്രൂപ്പ് അമ്പതുവര്‍ഷം കൊണ്ട് ഈ തലത്തിലെത്തിയതിന് പിന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു സംരംഭകന്റെ അക്ഷീണ പ്രയത്‌നമുണ്ട്. മാനേജ്‌മെന്റ് മികവുണ്ട്
scms and dr gpc nair
Published on

1976 ല്‍ തുടക്കമിട്ട തപാല്‍ കോഴ്‌സില്‍ നിന്ന് രാജ്യത്തെ സമുന്നതമായ ബി സ്‌കൂളുകളുടെ നിരയിലേക്ക് കടന്നെത്തിയ ഒരു വിദ്യാഭ്യാസ പ്രസ്ഥാനം. എന്‍ജിനീയറിംഗ് മുതല്‍ ബയോടെക്‌നോളജി വരെ ന്യൂജെന്‍ കോഴ്‌സുകളുടെ നീണ്ട നിരയുമായി മാറ്റങ്ങള്‍ക്ക് മുമ്പേ നടക്കുന്ന എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിനെ വേറിട്ട് നിര്‍ത്തുന്നതെന്താണ്? കാലത്തിന്റെ കുത്തൊഴുക്കിനെ മറികടന്ന് എങ്ങനെ ഇത് കെട്ടിപ്പടുത്തു?

തുടക്കം കാര്‍ഷെഡ്ഡിന്റെ ഇത്തിരിവട്ടത്തില്‍. അരനൂറ്റാണ്ടിലെത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത അടയാളമിട്ടുകൊണ്ട് ശാഖോപശാഖകള്‍ വീശി നില്‍ക്കുന്ന പ്രസ്ഥാനം. എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനെ ഏറ്റവും ചുരുക്കി ഇങ്ങനെ പറയാം.

1976ല്‍ ക്രാന്തദര്‍ശിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ജിപിസി നായര്‍, സ്വന്തം വീടിന്റെ കാര്‍ ഷെഡ്ഡിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയില്‍ ആരംഭിച്ച തപാല്‍ കോഴ്‌സില്‍ നിന്ന് രൂപം കൊണ്ട എസ് സി എം എസ് ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ കടന്നെത്താത്ത മേഖലകള്‍ ചുരുക്കം.

മാനേജ്‌മെന്റ് മുതല്‍ ബയോടെക്‌നോളജി വരെ അതിവിപുലമായ മേഖലകളില്‍ പഠന-ഗവേഷണ സൗകര്യങ്ങള്‍ സജ്ജമാക്കിയിരിക്കുന്ന എസ് സി എം എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ അധ്യയനരീതിയില്‍ വരെ സൃഷ്ടിച്ചിരിക്കുന്നത് 'ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡാ'ണ്. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ് എന്നിവയില്‍ തപാല്‍ കോഴ്‌സുകളോടെ ജിപിസി നായര്‍ തുടക്കമിട്ട എസ് സി എം എസിന് ഇന്ന് എറണാകുളം ജില്ലയിലെ മുട്ടം, സൗത്ത് കളമശ്ശേരി, പെരുമ്പാവൂര്‍, തൃശൂര്‍ ജില്ലയിലെ കൊരട്ടി എന്നിവിടങ്ങളില്‍ വിശാലമായ കാംപസുകളുണ്ട്.

അണ്ടര്‍ ഗ്രാജ്വേറ്റ് മുതല്‍ പി എച്ച് ഡി ഗവേഷണം വരെ നീളുന്ന കോഴ്‌സുകള്‍. കോര്‍പ്പറേറ്റുകള്‍, ബഹുരാഷ്ട്ര കമ്പനികള്‍ തുടങ്ങിവയുടെ ഉന്നത പദവികളിലെത്തി നില്‍ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നീണ്ടനിര... എസ് സി എം എസ് ഗ്രൂപ്പ് അമ്പതുവര്‍ഷം കൊണ്ട് ഈ തലത്തിലെത്തിയതിന് പിന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു സംരംഭകന്റെ അക്ഷീണ പ്രയത്‌നമുണ്ട്. മാനേജ്‌മെന്റ് മികവുണ്ട്.

അഞ്ച് പതിറ്റാണ്ട് നീളുന്ന സമാനതകളില്ലാത്ത യാത്ര

മാസ് കമ്യൂണിക്കേഷന്‍, ജേര്‍ണലിസം രംഗത്ത് 1976 മുതല്‍ തപാല്‍ കോഴ്‌സുമായി മുമ്പേ നടന്നവരാണ് എസ് സി എം എസ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി അനേകായിരം പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം വിദഗ്ധരെ വാര്‍ത്തെടുത്ത തപാല്‍ കോഴ്‌സ് വേറിട്ട് നിന്നത് മികവുറ്റ കോഴ്‌സ് മെറ്റീരിയല്‍ കൊണ്ടും കര്‍ശനമായ പരീക്ഷ നടത്തിപ്പുകൊണ്ടുമെല്ലാമാണ്. 1990 കളില്‍ ഇന്ത്യയില്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയപ്പോള്‍ തുറന്നുവന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും മുന്നില്‍ നടന്നവരാണ് എസ് സി എം എസ്.

കോര്‍പ്പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും അനുയോജ്യരായ മനുഷ്യവിഭവ ശേഷിയെ വാര്‍ത്തെടുക്കാന്‍ പിജിഡിഎം കോഴ്‌സ് രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ച എസ് സി എം എസ് രാജ്യത്ത് തന്നെ മാനേജ്‌മെന്റ് പഠനരംഗത്ത് വേറിട്ടൊരു മാതൃക ഇതിലൂടെ സൃഷ്ടിക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികള്‍ പി ജി ഡി എം പഠിക്കാന്‍ എസ് സി എം എസിന്റെ കളമശ്ശേരി കാംപസിലെത്തി. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യം ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധം ജിപിസി നായര്‍ക്കുണ്ടായിരുന്നു. അതുപോലെ തന്നെ അവര്‍ക്ക് ജോലി ലഭിക്കണമെന്ന കാഴ്ചപ്പാടും.

''പിജിഡിഎമ്മിന്റെ ആദ്യ ബാച്ചുകളില്‍ പ്ലേസ്‌മെന്റിനെ കുറിച്ച് വലിയ ധാരണ ഞങ്ങള്‍ക്കും കുട്ടികള്‍ക്കും ഇല്ലായിരുന്നു. പക്ഷേ പഠിച്ചിറങ്ങിയവര്‍ക്ക് ജോലി കിട്ടിക്കൊണ്ടിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ പ്ലേസ്‌മെന്റ് ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. പ്രമുഖ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ഉന്നതരെ നേരില്‍ കണ്ടും ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്നും യുവ മാനേജ്‌മെന്റ് പ്രതിഭകളെ വാര്‍ത്തെടുക്കുന്ന രീതി പരിചയപ്പെടുത്തി. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളും ബഹുരാഷ്ട്ര കമ്പനികളും കൂട്ടത്തോടെ കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി വന്നു.'' മുന്‍ വൈസ് ചെയര്‍മാനും പ്രതാപ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ട്രസ്റ്റിയും മാനേജിംഗ് ഡയറക്റ്ററും ജിപിസി നായരുടെ മകനുമായ പ്രമോദ് പി തേവന്നൂര്‍ പറയുന്നു.

2001ല്‍ സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ ആ രംഗത്തേക്ക് എസ് സി എം എസ് ഇറങ്ങി. കൊരട്ടിയിലെ അതിവിശാലമായ കാംപസില്‍ എന്‍ജിനീയറിംഗ് പഠനരംഗത്തെ മികവിന്റെ കേന്ദ്രമാണ് എസ് സി എം എസ് ഒരുക്കിയിരിക്കുന്നത്. ആര്‍ക്കിടെക്ചര്‍, പോളിടെക്‌നിക്ക് തുടങ്ങിയ മേഖലകളിലേക്കും കൂടി കടന്ന എസ് സി എം എസിന്റെ ലക്ഷ്യം മാനേജ്‌മെന്റിന് പുറമേ എന്‍ജിനീയറിംഗ്, ടെക്‌നോളജി രംഗത്തെ പ്രതിഭകളെ വാര്‍ത്തെടുക്കുക എന്നതായിരുന്നു. ജലമായിരിക്കും ഭാവിയിലെ ഏറ്റവും നിര്‍ണായകമായ വിഭവമെന്ന ബോധ്യത്തില്‍ എസ് സി എം എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഒരു ദശകം മുമ്പേ തുടക്കമിട്ടു.

മികവ് മാത്രം മാനദണ്ഡം

വിദ്യാഭ്യാസ രംഗത്ത് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തപ്പോള്‍ ജിപിസി നായര്‍ ഒന്നിന് മാത്രമാണ് ഊന്നല്‍ നല്‍കിയത്; മികവ്. മക്കളായ പ്രദീപിനെയും പ്രമോദിനെയും ഉന്നത പഠനത്തിന് ശേഷം ഗ്രൂപ്പിലേക്ക് കൊണ്ടുവന്നപ്പോഴും അവരെ അദ്ദേഹം നൂലില്‍ കെട്ടിയിറക്കുകയായിരുന്നില്ല. ''ശിവാജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ എടുത്തശേഷം ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു. എന്താ പ്ലാന്‍? ഇന്ത്യ കാണണമെന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല.

തൊട്ടടുത്ത ദിവസം പാര്‍ക്ക് അവന്യു സ്റ്റോറില്‍ പോയി കുറേയേറെ വസ്ത്രങ്ങള്‍ എടുത്തുതന്നു. അടുത്ത ദിവസം തന്നെ എസ് സി എം എസില്‍ വന്ന് ജോലിയില്‍ പ്രവേശിക്കാനും പറഞ്ഞു. തപാല്‍ കോഴ്‌സ് മെറ്റീരിയല്‍ കവറുകളിലാക്കി സ്റ്റാമ്പ് പതിപ്പിച്ച് പോസ്റ്റിംഗിന് സജ്ജമാക്കലായിരുന്നു ആദ്യ ജോലി. മാസ വേതനം 750 രൂപയും,'' 1994ല്‍ താന്‍ എസ് സി എം എസിലേക്ക് വന്നത് ഇങ്ങനെയാണെന്ന് പറയുന്നു പ്രമോദ് തേവന്നൂര്‍. എംകോമും എംബിഎയും എടുത്ത ശേഷം ജിപിസിയുടെ മൂത്തമകന്‍ പ്രദീപ് തേവന്നൂരും ഗ്രൂപ്പിലെത്തി.

പ്രദീപ് തേവന്നൂരിന്റെ ജീവിതപങ്കാളിയായെത്തിയ രാധയും എം ബി എ ബിരുദമെടുത്ത ശേഷമാണ് ഗ്രൂപ്പിലെത്തിയത്. എഴുത്തുപരീക്ഷയും അഭിമുഖവും പാസായി എസ് സി എം എസില്‍ ഫാക്കല്‍റ്റിയായി കരിയര്‍ ആരംഭിച്ച ഇന്ദു നായര്‍ പിന്നീട് പ്രമോദ് തേവന്നൂരിന്റെ ജീവിതപങ്കാളിയായി. 1995ലാണ് രാധയും ഇന്ദുവുമെല്ലാം എസ് സി എം എസിന്റെ ഭാഗമാകുന്നത്. മക്കളും മരുമക്കളുമെല്ലാം ഗ്രൂപ്പിലേക്ക് കടന്നുവന്നപ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങളൊന്നും ജിപിസി നായര്‍ മാറ്റിയില്ല.

ജിപിസി നായര്‍ കൂടുതല്‍ സമയം പൊതുവായ കാര്യങ്ങളിലേക്ക് മാറ്റിവെച്ചപ്പോള്‍ മൂത്തമകന്‍ പ്രദീപ് തേവന്നൂര്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലിരുന്ന് അതിദ്രുതം വിപുലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രദീപിന്റെ അകാലചരമം ഗ്രൂപ്പിന്റെ വികസന പ്രവര്‍ത്തനങ്ങളെ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രദീപ് തേവന്നൂരിന്റെയും രാധ തേവന്നൂരിന്റെയും മകന്‍ പ്രതീക് നായര്‍ ഗ്രൂപ്പിന്റെ നേതൃനിരയിലേക്ക് എത്തിയിട്ടുണ്ട്. അതും കൃത്യമായ പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം.

രാജ്യാന്തര പങ്കാളിത്തം

വിദേശ പങ്കാളിത്തങ്ങളാണ് എസ് സി എം എസിനെ വ്യത്യസ്തമാക്കുന്നത്. മാനേജ്‌മെന്റ് പഠനത്തിലും ഇന്റര്‍നാഷണല്‍ പങ്കാളിത്തമുണ്ട്. കുറഞ്ഞ പഠനചെലവില്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ബിരുദം നേടാനുള്ള സൗകര്യമാണ് ഇതിലൂടെ എസ് സി എം എസ് ഒരുക്കുന്നത്. രാജ്യാന്തരതലത്തില്‍ ജലസംരക്ഷണം, ഗവേഷണം എന്നീ മേഖലകളിലെ വിദഗ്ധരായ ഡാനിഷ് ഹൈഡ്രോളിക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി എസ് സി എം എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പങ്കാളിത്തമുണ്ട്. ഇവരുടെ അത്യാധുനിക ലാബ് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് എസ് സി എം എസ്.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് നൂതന കോഴ്‌സുകളും രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുകയാണ് എസ് സി എം എസ്. ''വരും കാലം മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകളുടേതാണ്. അതിന്റെ ഭാഗമായി പെരുമ്പാവൂരിലെ കാംപസില്‍ ലിബറല്‍ ആര്‍ട്‌സിനായി പുതിയ കേന്ദ്രം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഐഎസ്ഒ അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് സ്‌കൂളാണ് എസ് സി എം എസ്. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി സ്‌കൂളും ഇതാണ്-പ്രമോദ് പി തേവന്നൂര്‍ പറയുന്നു.

കരുത്തുറ്റ നേതൃനിര

പ്രസ്ഥാനത്തെ ഫ്യൂച്ചര്‍ റെഡിയാക്കാന്‍ പറ്റുന്ന നേതൃനിര തന്നെയാണ് എസ് സി എം എസിനുള്ളത്. അടുത്തിടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയ പ്രമോദ് തേവന്നൂര്‍ ഇപ്പോള്‍ പ്രതാപ് ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടിവ് ട്രസ്റ്റിയും മാനേജിംഗ് ഡയറക്റ്ററുമാണ്. ഡോ. രാധ തേവന്നൂരാണ് ഗ്രൂപ്പിന്റെ പുതിയ വൈസ് ചെയര്‍മാന്‍. ഗ്രൂപ്പിന്റെ ഫിനാന്‍സ്, എച്ച് ആര്‍ വിഭാഗങ്ങള്‍ക്കുകൂടി ഡോ. രാധ നേതൃത്വം നല്‍കും. ഡോ. ഇന്ദു നായര്‍ എസ് സി എം എസ് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിന്റെ രജിസ്ട്രാറും ഗ്രൂപ്പ് ഡയറക്റ്ററുമാണ്.

ഗ്രൂപ്പിന്റെ അഡ്മിഷന്റെയും സോഷ്യല്‍ മീഡിയയുടെയും ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട്. ഡോ. ബൈജു രാധാകൃഷ്ണനാണ് സ്‌കൂള്‍ ഓഫ് ബിസിനസ്, മള്‍ട്ടി ഡിസിപ്ലിനറി സ്റ്റഡീസ്, ഗ്രൂപ്പ് റിസര്‍ച്ച്, കോണ്‍ഫറന്‍സസ്, സ്‌പോര്‍ട്‌സ് എന്നിവയുടെയെല്ലാം ഗ്രൂപ്പ് ഡയറക്റ്റര്‍. ഡോ. പ്രവീണ്‍സാല്‍ സി ജെ (ഗ്രൂപ്പ് ഡയറക്റ്റര്‍, എസ്എസ്എ & എസ് എസ് ഇ ടി), ഡോ. പ്രവീണ കെ (ഡയറക്റ്റര്‍, RACE), പ്രതീക് നായര്‍ (ഡയറക്റ്റര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, SiRST, പര്‍ച്ചേസ് ആന്‍ഡ് ലോജിസ്റ്റിക്‌സ്) എന്നിവരാണ് ഗ്രൂപ്പിന്റെ നേതൃപദവി വഹിക്കുന്നത്.

50 വര്‍ഷത്തിന്റെ നിറവില്‍ എസ് സി എം എസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത് പുതിയ ഉയരങ്ങളാണ്. ''മുെമ്പങ്ങുമില്ലാത്ത വിധമുള്ള മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത്. പുതിയ അവസരങ്ങള്‍ കെണ്ടത്തി, പുതിയ േമഖലകല്‍േലക്ക് കടന്ന്, കാലത്തിന് മുേമ്പ തെന്ന എസ് സി എം എസ് തുടര്‍ന്നും സഞ്ചരിക്കും,'' എസ് സി എം എസ് സാരഥികള്‍ പറയുന്നു.

SCMS Group celebrates 50 years of pioneering excellence in education, tracing a journey from a car shed to global academic recognition

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com