
മറ്റെല്ലാ മേഖലയിലെന്ന പോലെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലും മുന്നേറി വനിതകള്‍. വനിതകള്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ നല്‍കുന്ന വനിതകള്‍ നയിക്കുന്ന നിരവധി സംരംഭകരാണ് സംസ്ഥാനത്തുള്ളത്. സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തെക്കുറിച്ചുള്ള ചിന്തയാണ് പലരെയും സംരംഭകത്വത്തിലേക്ക് നയിച്ചതെന്നും ഇവര്‍ പറയുന്നു. ആറായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ ഏകദേശം മുന്നൂറോളം സ്റ്റാര്‍ട്ടപ്പുകളാണ് വനിതാ സംരംഭകരുടേതായി നിലവിലുള്ളത്. അഞ്ഞൂറിലധികം സ്റ്റാര്‍ട്ടപ്പുകളിലെ സഹസ്ഥാപകരും വനിതകളാണ്. കൂടുതല്‍ വനിതാ സംരംഭങ്ങളും വിദ്യാഭ്യാസം, ഫാഷന്‍ ടെക്, ഫുഡ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.
വനിതാ സംരംഭകര്‍ക്ക് സാങ്കേതിക-സാമ്പത്തിക പിന്തുണ നല്‍കുന്നതിന് നിരവധി പദ്ധതികളും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാനത്തെ മാറിവരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ വിജയകരമായി മുന്നോട്ടു പോകുന്ന ചില വനിതാ സംരംഭകരെയും അവരുടെ വിജയകഥയും ഇവിടെ പരിചയപ്പെടാം.
പി.സി.ഒ.എസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് ആയുര്‍വേദ ഡോക്ടറായ വന്ദന ജയകുമാറും സഹോദരി കീര്‍ത്തന ജയകുമാറും ചേര്‍ന്ന് ക്യുറേറ്റ് ഹെല്‍ത്ത് (Curate Health) എന്ന ആപ്പ് നിര്‍മിക്കുന്നത്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ആപ്പിലൂടെ കുറഞ്ഞ ചെലവില്‍ സ്ത്രീകള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുകയായിരുന്നു ഉദ്ദേശം. ഇതിനോടകം ആയിരത്തിലധികം പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി. ആയുര്‍വേദം, യോഗ, സ്‌ട്രെംഗ്ത് ട്രെയിനിംഗ്, നിര്‍മിത ബുദ്ധി തുടങ്ങിയവ ചേര്‍ത്തുള്ള പരിഹാരമാണ് കുറേറ്റ് ഹെല്‍ത്ത് ആപ്പിലൂടെ നല്‍കുന്നത്. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ് അയ്യായിരത്തില്‍ അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. തനിക്ക് സാധിക്കുമോ എന്ന് ചിന്തിച്ച് നാളത്തേക്ക് മാറ്റി വെക്കാതെ ഇന്ന് തന്നെ ഇറങ്ങിയാല്‍ ഏതൊരാള്‍ക്കും സംരംഭക യാത്രയില്‍ വിജയം നേടാനാകുമെന്നും ഡോ. വന്ദന ജയകുമാര്‍ പറഞ്ഞു.
കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരം ചിന്തിച്ചപ്പോഴാണ് കോഴിക്കോടുകാരിയായ ഫസ്‌ന ചൊവ്വഞ്ചേരി, ഇമാമോം (imamom) എന്ന സംരംഭത്തിലേക്ക് എത്തിയത്. രാജ്യത്തെ തന്നെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ആദ്യ കഫേകളില്‍ ഒന്നാണിത്. പുറത്ത് പോകുമ്പോള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം, അവരുടെ ഡയപ്പര്‍ മാറ്റുന്നത്, മുലപ്പാല്‍ കൊടുക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇമാമോം ബേബി ലോഞ്ച് തുറക്കുന്നത്. 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷണവും കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിനുള്ള വിപുലമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്വന്തം ബ്രാന്‍ഡിംഗില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന്റെ നിര്‍മാണ യൂണിറ്റ് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ഫസ്‌ന. വനിതാ സംരംഭകരെ സംബന്ധിച്ച് കുടുംബത്തിന്റെ പിന്തുണ പ്രധാനമാണെന്ന് ഫസ്‌ന ധനം ഓണ്‍ലൈനോട് പറഞ്ഞു. ഇമാമോമിന്റെ സഹസ്ഥാപകനായി കട്ടക്ക് കൂടെനില്‍ക്കുന്നത് ഭര്‍ത്താവായ മുഹമ്മദ് ഇജാസാണെന്നും ഫസ്‌ന കൂട്ടിച്ചേര്‍ത്തു.
17 വയസ് മുതല്‍ ബിസിനസ് രംഗത്ത് സജീവമായ പാലക്കാട് സ്വദേശിനിയായ ശ്വേത ആര്‍.എസ് ആണ് ഷീബെര്‍ത്ത് എന്ന പേരില്‍ 2021ല്‍ ഗര്‍ഭ പരിചരണ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകുന്ന ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ആപ്പിലൂടെ ഷീബെര്‍ത്ത് ഒരു സുഹൃത്തിനെപ്പോലെ കൂടെയുണ്ടാകുമെന്ന് ശ്വേത പറയുന്നു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ വഴിയാണ് ഗര്‍ഭകാല പരിചരണ ക്ലാസുകള്‍, എക്‌സര്‍സൈസ് സെഷനുകള്‍ എന്നിവ നിലവില്‍ നല്‍കി വരുന്നത്. ഗര്‍ഭിണികളുടെ ആരോഗ്യ വിവരങ്ങള്‍, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയവ അപഗ്രഥിച്ച് ഗര്‍ഭകാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരത്തെ മനസിലാക്കുകയും അവക്കുള്ള പരിഹാരം കാണാനും ഷീബെര്‍ത്തിലൂടെ സാധിക്കുമെന്നും ശ്വേത പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine