ടാറ്റയുടെ ശീലം വരെ മാറ്റിയ വനിത എന്‍ജിനീയര്‍ സുധാ മൂര്‍ത്തി ഇനി രാജ്യസഭയിലും!

രാജ്യത്തെ ആദ്യകാല വനിതാ എന്‍ജിനീയറും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ജീവിത പങ്കാളിയും എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ സാന്നിധ്യവുമായ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നാരീശക്തിയുടെ പ്രതീകമെന്നാണ് പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

73കാരിയായ സുധാമൂര്‍ത്തിയെ 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പത്മഭൂഷണും സമ്മാനിച്ചു. സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ക്രോസ് വേര്‍ഡ് ബുക്ക് അവാര്‍ഡിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം, ആര്‍ കെ നാരായണ്‍ അവാര്‍ഡ്, കര്‍ണാടക സര്‍ക്കാര്‍ പുരസ്‌കാരം തുടങ്ങിയവയെല്ലാം ലഭിച്ചിട്ടുണ്ട്.

ടാറ്റയ്ക്ക് കത്തെഴുതി

വടക്കന്‍ കര്‍ണാടയില്‍ 1950ല്‍ ജനിച്ച സുധാമൂര്‍ത്തി ബി.വി.ബി എന്‍ജീനിയറിംഗ് കോളെജില്‍ നിന്നാണ് ബിരുദമെടുത്തത്. വനിതകളെ എന്‍ജിനീയര്‍മാരായി നിയമിക്കുന്ന കീഴ്വഴക്കമില്ലാതിരുന്ന ടാറ്റ കമ്പനിയായ ടെല്‍ക്കോയിലേക്ക് പുതിയ വഴി വെട്ടിത്തുറന്നുകൊണ്ടാണ് സുധാമൂര്‍ത്തി കടന്നുചെന്നത്. വനിതകളെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ടാറ്റയ്ക്ക് തന്നെ കത്തെഴുതിയാണ് സുധാ മൂര്‍ത്തി തന്റെ കരിയറിന് ആരംഭം കുറിച്ചത്.

ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് രാജ്യവ്യാപകമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. ഇംഗ്ലീഷിലും കന്നഡയിലും ഒട്ടേറെ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. രാജ്യത്തെ ഏതാണ്ടെല്ലാ ഭാഷകളിലേക്കും സുധാ മൂര്‍ത്തിയുടെ രചനകള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകള്‍. രോഹന്‍ മൂര്‍ത്തി, അക്ഷത മൂര്‍ത്തി എന്നിവരാണ് മക്കള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് മകളുടെ ഭര്‍ത്താവ്.

കല, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ രംഗങ്ങളില്‍ കിടയറ്റ സംഭാവനകള്‍ നല്‍കിയ 12 പേരെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it