സുധാ മൂര്‍ത്തി നിര്‍ദ്ദേശിക്കുന്നിടത്ത് നിക്ഷേപിച്ചാല്‍ 30 മടങ്ങ് വരെ റിട്ടേണ്‍ ലഭിക്കുമോ? സത്യമെന്താണ്?

വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് ലിങ്കുകൾ നയിക്കുന്നത്
Sudha Murty
Image courtesy: Canva
Published on

വ്യാജ നിക്ഷേപ വീഡിയോകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രാജ്യസഭാ എംപിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപക അധ്യക്ഷയുമായ സുധാ മൂർത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളില്‍ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച് സുധാ മൂർത്തി സംസാരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്റെ പേരും രൂപവും ഉപയോഗിച്ച് വൈറലായ ഈ ഡീപ്‌ഫേക്ക് (deepfake) വീഡിയോയിൽ നിക്ഷേപകർ ഇതിനകം മാസം പത്ത് ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും ഒരു രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി സുധാ മൂർത്തി പറഞ്ഞു.

എന്നാൽ ഈ ലിങ്കുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് നയിക്കുന്നത്. രജിസ്‌ട്രേഷൻ ഉടൻ അവസാനിക്കുമെന്നും അതിനാൽ വേഗത്തിൽ നിക്ഷേപം നടത്തണമെന്നുമാണ് വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. താൻ ഒരിക്കലും ആരോടും പണം ചോദിക്കുകയോ നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയോ ഇല്ലെന്നും അവർ വ്യക്തമാക്കി. തന്റെ മുഖവും ശബ്ദവും ഉപയോഗിച്ച് 20-30 മടങ്ങ് ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം സന്ദേശങ്ങൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഇതിന് പിന്നിൽ തട്ടിപ്പുകാരാണ്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിക്ക് തുടക്കത്തിൽ നൽകിയ 10,000 രൂപയല്ലാതെ മറ്റൊരു നിക്ഷേപ കാര്യത്തിലും താൻ ഇടപെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.

ജാഗ്രത പാലിക്കണം

പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും അവർ അഭ്യർത്ഥിച്ചു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബാങ്കുകളുമായോ വിശ്വസനീയമായ സ്രോതസുകളുമായോ കൃത്യമായി പരിശോധന നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സുധാ മൂർത്തി നിര്‍ദേശിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Sudha Murty warns public against AI-generated fake investment videos misusing her identity for scams.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com