
കടുത്ത വേനല്‍ പ്രതീക്ഷിച്ച് അധിക ഉത്പാദനം നടത്തി കച്ചവടം പൊടിപൊടിക്കാന്‍ കാത്തിരുന്ന കമ്പനികള്‍ക്ക് വന്‍ തിരിച്ചടി. 2024ന് സമാനമായി കടുത്തതും ദൈര്‍ഘ്യമേറിയതുമായ വേനല്‍ ഉണ്ടാകുമെന്നായിരുന്നു കമ്പനികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചൂട് കൂടിയില്ലെന്ന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച മഴ ലഭിക്കുകയും ചെയ്തു. ഇതോടെ അന്തരീക്ഷ താപനില താഴ്ന്നു.
എ.സി നിര്‍മാതാക്കള്‍ മുതല്‍ ചൂടിനെ പ്രതിരോധിക്കുന്ന പൗഡര്‍ നിര്‍മാണ കമ്പനികള്‍ക്ക് വരെ കാലാവസ്ഥ മാറ്റം പ്രതിസന്ധി സൃഷ്ടിച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലിലും മെയിലും വില്പനയില്‍ 25 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണയും ഉഷ്ണതരംഗ സാധ്യത ഉണ്ടാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതനുസരിച്ച് എ.സി, ബീവറേജസ്, ടാല്‍ക്കം പൗഡര്‍ കമ്പനികള്‍ ഉത്പാദനം കൂട്ടിയിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍ കനത്തതുമില്ല, മണ്‍സൂണ്‍ നേരത്തെ എത്തുകയും ചെയ്തു.
എ.സി, ബീവറേജസ്, ടാല്‍ക്കം പൗഡര്‍ നിര്‍മാതാക്കളുടെ വാര്‍ഷിക വിറ്റുവരവിന്റെ 50 ശതമാനവും വരുന്നത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള നാലു മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ വില്പന കുറഞ്ഞത് കമ്പനികളുടെ സാമ്പത്തിക വര്‍ഷത്തെ പ്രകടനത്തെ ബാധിക്കും.
വില്പന കുറഞ്ഞതോടെ പല കമ്പനികളും ഉത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ബീവറേജസ് കമ്പനികള്‍ പലതും ഉത്പാദനം ഒറ്റ ഷിഫ്റ്റിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. എ.സി ഉത്പാദനം 20 ശതമാനം കുറച്ചുവെന്നാണ് പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ ഗോദറെജ് എന്റര്‍പ്രൈസസിന്റെ പ്രതിനിധി പറയുന്നത്. ദക്ഷിണേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും എ.സി വില്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തോളം കുറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന വില്പനയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എ.സി വില്പനക്കാര്‍ വലിയ തോതില്‍ സ്‌റ്റോക്ക് എടുത്തു വച്ചിരുന്നു. ഇത്തവണ ഫെബ്രുവരി അവസാനം മുതല്‍ എ.സികള്‍ക്കായി വലിയ അന്വേഷണം വന്നിരുന്നതായി കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മാര്‍ച്ചില്‍ മഴ തുടര്‍ച്ചയായി പെയ്തതോടെ വില്പന കുത്തനെ ഇടിഞ്ഞു. ഈ വര്‍ഷം എ.സി വിപണിയില്‍ ഇനിയൊരു കുതിപ്പ് പ്രതീക്ഷിക്കുന്നില്ലെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine