അപ്രതീക്ഷിത മഴയില്‍ സന്തോഷം ടൂറിസം മേഖലയ്ക്കും; ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ വര്‍ധന

ഇത്തവണ കാലാവസ്ഥ അനുകൂലമായതോടെ കേരളത്തിനകത്തും പുറത്തു നിന്നുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ട്
kerala tourism, alapuzha lake
canva
Published on

വേനല്‍മഴയും അവധിക്കാലവും ചേര്‍ന്നതോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ കനത്ത ചൂട് കാരണം ടൂറിസം രംഗത്ത് മാന്ദ്യമായിരുന്നു. മൂന്നാര്‍ ഒഴികെ മറ്റൊരിടത്തും കാര്യമായ ആളനക്കം കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നില്ല. ഇത്തവണ കാലാവസ്ഥ അനുകൂലമായതോടെ കേരളത്തിനകത്തും പുറത്തു നിന്നുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ട്.

കൂടുതലും ഇതരസംസ്ഥാനക്കാര്‍

മലയാളികള്‍ കൂടുതല്‍ യാത്രകള്‍ പോകാന്‍ തുടങ്ങിയതോടെ ആഭ്യന്തര സന്ദര്‍ശകരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലേക്ക് ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കുടുംബവുമായിട്ട് വരുന്നതില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ പണം ചെലവഴിക്കുന്ന കാര്യത്തിലും ഇവര്‍ മുന്നിലാണ്.

ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വന്നത് മൂന്നാറിനും വയനാടിനും ഗുണം ചെയ്തിട്ടുണ്ട്. ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ കേരളം തിരഞ്ഞെടുക്കുന്ന ട്രെന്റ് വര്‍ധിച്ചിട്ടുണ്ടെന്ന് മൂന്നാറില്‍ ടൂറിസം ഗൈഡായി പ്രവര്‍ത്തിക്കുന്ന ടെറീസ് മാത്യു ധനംഓണ്‍ലൈനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിരവധി ബുക്കിംഗുകള്‍ അവസാന നിമിഷം റദ്ദാക്കപ്പെട്ടിരുന്നു. കനത്ത ചൂടാണ് പലരെയും യാത്ര മാറ്റിവയ്ക്കാന്‍ പ്രേരിപ്പിച്ചത്.

കേരള ടൂറിസത്തെ പ്രമോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും വിജയം കാണുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് കൊണ്ടുവന്നതും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതും ഗുണം ചെയ്തിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്.

വയനാട്ടില്‍ ശോകം, ഇടുക്കിക്ക് നേട്ടം

കഴിഞ്ഞ വര്‍ഷം പ്രകൃതിദുരന്തത്തിന് സാക്ഷിയാകേണ്ടി വന്ന വയനാട് ടൂറിസം രംഗത്തു തിരിച്ചുവരവിന്റെ പാതയിലാണ്. ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തയായത് വയനാടിന്റെ ടൂറിസം സാധ്യതകളെ ബാധിച്ചിട്ടുണ്ട്. 2023ല്‍ 17.50 ലക്ഷം പേര്‍ വയനാട്ടില്‍ എത്തിയിരുന്നു. 2024ല്‍ ഇത് 12.88 ലക്ഷമായി ഇടിഞ്ഞു. ഉരുള്‍പൊട്ടല്‍ ഭീതിയാണ് സന്ദര്‍ശകരെ വയനാട്ടില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

അതേസമയം, ഇടുക്കിയില്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 2023ല്‍ 36.33 ലക്ഷം പേര്‍ വന്ന സ്ഥാനത്ത് 38.30 ലക്ഷത്തിലേക്ക് സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ സഞ്ചാരികളുടെ എണ്ണം 2.22 കോടിയായിരുന്നു.

Summer showers and vacations boost Kerala's domestic tourism, with Munnar and Idukki witnessing increased footfall

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com