എച്ച് -1 ബി വിസ മരവിപ്പിക്കല്‍ നിരാശാജനകം: സുന്ദര്‍ പിച്ചൈ

എച്ച് -1 ബി വിസ മരവിപ്പിക്കല്‍ നിരാശാജനകം: സുന്ദര്‍ പിച്ചൈ
Published on

എച്ച് -1 ബി ഉള്‍പ്പെടെയുള്ള വിദേശ വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതില്‍  നിരാശ പ്രകടിപ്പിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.'ഇന്നത്തെ പ്രഖ്യാപനത്തില്‍ നിരാശയുണ്ട്. ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുകയും എല്ലാവര്‍ക്കും അവസരം വിപുലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും' -ട്രംപ് പ്രഖ്യാപനം നടത്തിയതിന് ശേഷം ട്വീറ്റില്‍ പിച്ചൈ പറഞ്ഞു.

കുടിയേറ്റം അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇതിലൂടെ അമേരിക്ക സാങ്കേതികവിദ്യയുടെ രംഗത്ത് ആഗോള നേതാവായി. ഗൂഗിളിനെ ഇന്നത്തെ കമ്പനിയാക്കിയതിനും സഹായിച്ചുവെന്ന് പിച്ചൈ ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കത്തിനു പിന്നിലെ വംശീയ ചായ്‌വിലുള്ള രോഷവും  സിവില്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ വനിത ഗുപ്ത മറ്റൊരു പ്രസ്താവനയില്‍ പ്രകടമാക്കി.

കോവിഡ്-19 നെക്കുറിച്ചുള്ള വിനാശകരമായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ എണ്ണമറ്റ തന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപിന്റെ ശ്രമമെന്നും അത് വിജയിക്കില്ലെന്നും വനിത ഗുപ്ത പറഞ്ഞു. വെള്ളക്കാരുടെ ദേശീയവാദ നയങ്ങളെ ന്യായീകരിക്കാന്‍ ഒരു മഹാമാരിയെ ഉപയോഗിക്കുന്ന ഈ തിരക്കഥ മുന്‍ പതിപ്പുകള്‍ പോലെതന്നെ റദ്ദാക്കപ്പെടേണ്ടതാണെന്ന് വനിത ഗുപ്ത അഭിപ്രായപ്പെട്ടു.

എച്ച് -1 ബി വിസ മരവിപ്പിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി റദ്ദാക്കണമെന്ന് യുഎസ് മുന്‍നിര സെനറ്റര്‍മാരും ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ തെക്ക്, മധ്യേഷ്യയിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യക്തിയായിരുന്ന ആലീസ് ജി വെല്‍സും ഈ നീക്കത്തെ എതിര്‍ത്തു.'എച്ച് 1-ബി വിസ പ്രോഗ്രാം അമേരിക്കയെ കൂടുതല്‍ വിജയകരവും ഊര്‍ജ്ജസ്വലവുമാക്കി. വിദേശ പ്രതിഭകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയുന്നത് യുഎസിന് ശക്തിയാണ്, ഒരു ബലഹീനതയല്ല' വെല്‍സ് പറഞ്ഞു.

പുതിയ കുടിയേറ്റക്കാര്‍ക്കായി ഗ്രീന്‍ കാര്‍ഡുകള്‍ മുമ്പു തന്നെ മരവിപ്പിച്ച പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ചയാണ് വിദഗ്ധരായ തൊഴിലാളികള്‍ക്കും മാനേജര്‍മാര്‍ക്കും ജോഡികള്‍ക്കുമായി പുതിയ എച്ച് -1 ബി, എല്‍ -1, ജെ, മറ്റ് താല്‍ക്കാലിക വര്‍ക്ക് വിസകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചത്. മഹാമാരി മൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങളോട് വൈറ്റ് ഹൗസിന്റെ പ്രതികരണത്തിന്റെ ഭാഗമായി 525,000 ജോലികള്‍ സംരക്ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണു വിശദീകരണം. കൊറോണ വൈറസ് അമേരിക്കക്കാരുടെ തെറ്റുകൊണ്ട് വന്നതല്ലെന്നും അതുമൂലം അവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് പ്രസിഡന്റ് ട്രംപ് കരുതുന്നതത്രേ.

ജോലികളില്ലാതായ അമേരിക്കക്കാരെ വീണ്ടും തൊഴില്‍ രംഗത്തേക്ക് കൊണ്ടുവരുന്നതിനും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനും സ്വന്തം കാലില്‍ വീണ്ടും നിര്‍ത്തുന്നതിനുമാണ്  പ്രസിഡന്റ് മുന്‍ഗണന നല്‍കുന്നതെന്ന് ട്രംപിന്റെ നടപടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ടെക് വ്യവസായത്തില്‍ ജോലി ചെയ്യുന്ന ചില വിദഗ്ധ തൊഴിലാളികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എച്ച് -1 ബി വിസകളും വലിയ കോര്‍പ്പറേറ്റുകളില്‍ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുകള്‍ക്ക് വേണ്ടിയുള്ള എല്‍ -1 വിസകളുമാണ്  ട്രംപിന്റെ പുതിയ ഉത്തരവ്  ലക്ഷ്യമിടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com