കേരളത്തില്‍ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി സൂപ്പര്‍ ലീഗ് കേരള. സംസ്ഥാനത്ത് ഗ്രാസ്‌റൂട്ട് തലത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങള്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടര്‍ ഫിറോസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് എന്നിവര്‍ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യയിലേക്ക് തിരിക്കും.
സൂപ്പര്‍ ലീഗ് കേരളയും (SLK) ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിംഗും ചേര്‍ന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണല്‍ മികവും നല്‍കാന്‍ ലക്ഷ്യമിടുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയല്‍ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയല്‍ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂണ്‍ 12 മുതല്‍ 24 വരെ നീളുന്ന ഈ പരിശീലനത്തില്‍ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങള്‍, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും സൂപ്പര്‍ ലീഗ് കേരളയാണ് വഹിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലായി ആദ്യ ഘട്ടത്തില്‍ 1000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (KYDP) ഭാഗമായ ചാക്കോളാസ് ഗോള്‍ഡ് ട്രോഫി ഉള്‍പ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയലുകളിലൂടെയും ടൂര്‍ണമെന്റുകളിലൂടെയും കേരളത്തിലെ 131 ഓളം വരുന്ന വിവിധ ടീമുകളില്‍ നിന്നായി 3,600-ല്‍ അധികം കളിക്കാര്‍ പങ്കെടുത്തു. സ്‌പെയിനില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സ്‌കൗട്ടുകള്‍ പ്രാദേശിക കോച്ചിംഗ് ടീമുകളുമായി ചേര്‍ന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. അതില്‍ നിന്നാണ് നിലവിലെ മികച്ച 12 കളിക്കാരെ കണ്ടെത്തിയിട്ടുള്ളത്.
കേവലം കളിക്കാരെ വളര്‍ത്തുന്ന ഒരു ശ്രമമായിരുന്നില്ല ഇത്തരത്തില്‍ ഒരു ഉദ്യമം കൊണ്ട് ലക്ഷ്യമിട്ടതെന്ന് ഫിറോസ് മീരാന്‍ പറഞ്ഞു. മറിച്ച് സ്‌കൂളുകള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും പ്രചോദനം നല്‍കുന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് കുറവില്ലെന്നും അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വളരാനുള്ള സൗകര്യങ്ങളും പരിശീലനങ്ങളും അവസരങ്ങളുമാണ് വേണ്ടതെന്ന് നവാസ് മീരാന്‍ പറഞ്ഞു.
സമഗ്രമായ ഫുട്‌ബോള്‍ വിദ്യാഭ്യാസത്തിലും ജീവിത നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ അന്താരാഷ്ട്ര സഹകരണങ്ങളോടും ആഭ്യന്തര യുവജന വികസന പരിപാടികളോടും കൂടി ഈ സംരംഭം വികസിപ്പിക്കാന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് പദ്ധതിയുണ്ടെന്നും പത്രസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine