

കേരള ഫുട്‌ബോളില്‍ മാറ്റത്തിന്റെ പാത വെട്ടിത്തുറന്നാണ് കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരള യാഥാര്‍ത്ഥ്യമാകുന്നത്. സ്വപ്‌നത്തില്‍ നിന്ന് റിയാലിറ്റിയിലേക്കുള്ള ദൂരത്തിന് വഴിമരുന്നിട്ടത് നവാസ് മീരാനെന്ന ദീര്‍ഘദര്‍ശിയുടെ കേരള ഫുട്‌ബോള്‍ അസോസിയേഷനിലേക്കുള്ള വരവാണ്. വിജയകരമായ ആദ്യ വര്‍ഷം പിന്നിട്ട് രണ്ടാംസീസണിനായി ഒരുങ്ങുകയാണ് എസ്.എല്‍.കെ. ലീഗിന്റെ സാമ്പത്തിക, സാമൂഹിക മാറ്റങ്ങളെക്കുറിച്ച് സൂപ്പര്‍ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ധനംഓണ്‍ലൈനുമായി സംസാരിക്കുന്നു.
Q: ശൈശവദശയിലാണ് സൂപ്പര്‍ലീഗ് കേരള, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലും സാമ്പത്തികവും മറ്റുള്ള തരത്തിലുമുള്ള പ്രതിസന്ധി നേരിടുമ്പോള്‍ ഏതു രീതിയിലുള്ള റവന്യു മോഡലിലാണ് എസ്എല്‍കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
സൂപ്പര്‍ ലീഗ് കേരള സെക്കന്‍ഡ് സീസണ്‍ ആണ് ഇത്തവണ നടക്കുന്നത്. സാമ്പത്തികമായി നമ്മള്‍ നല്ലൊരു അവസ്ഥയിലാണ്. സംസ്ഥാനത്ത് ഫുട്‌ബോളിനും ലീഗിനും നല്ലൊരു സാധ്യതയുണ്ട്. മികച്ച രീതിയില്‍ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ അപേക്ഷിച്ച് എസ്എല്‍കെയ്ക്ക് ചെലവുകള്‍ വളരെയധികം കുറവാണ്.
ഇവിടെ നമ്മുക്ക് വലിയ ദൂരം യാത്ര ചെയ്യേണ്ടതില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ആവശ്യമില്ല. അതേസമയം, സൗകര്യങ്ങളുടെ കാര്യമായ വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല. റവന്യു മോഡല്‍സ് നോക്കിയാല്‍ ആദ്യ സീസണ്‍ മുതല്‍ അത്യാവശ്യം നല്ല രീതിയില്‍ സ്‌പോണ്‍സര്‍മാരുണ്ട്. ടൂര്‍ണമെന്റിനാണെങ്കിലും ടീമുകള്‍ക്കാണെങ്കിലും നല്ല സ്‌പോണ്‍സേഴ്‌സിനെ ലഭിക്കുന്നുണ്ട്. വരും സീസണുകളില്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ ലീഗിന്റെ ഭാഗമാകും. കഴിഞ്ഞ സീസണില്‍ ടിക്കറ്റ് വരുമാനവും അത്യാവശ്യം നല്ലരീതിയില്‍ ലഭിച്ചു.
Q: എസ്.എല്‍.കെയുടെ ആദ്യ സീസണില്‍ കോടികളാണ് ടീമുകള്‍ ചെലവഴിച്ചത്. ആദ്യ സീസണിലെ ലീഗിന്റെയും ടീമുകളുടെയും സാമ്പത്തിക അവസ്ഥ എങ്ങനെയാണ്? പ്രതീക്ഷിച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിച്ചോ?
ഫുട്‌ബോളില്‍ റിട്ടേണ്‍ മാത്രമായി കണക്കാക്കാനാകില്ല. ഇതൊരു ദീര്‍ഘകാല പ്രക്രിയയാണ്. ഒരു മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയെ പോലെയല്ല. ഒരു പ്ലാന്റിട്ടാല്‍ അടുത്ത മൂന്ന് നാലു വര്‍ഷത്തിനിടയ്ക്ക് ബ്രേക്ക് ഈവനാകും. എന്നാല്‍ ഫുട്‌ബോളില്‍ അങ്ങനെയല്ല. ഫുട്‌ബോളില്‍ ബ്രേക്ക് ഈവന്‍ എന്നത് ചിലപ്പോള്‍ അഞ്ചോ പത്തോ വര്‍ഷമെടുത്തായിരിക്കും സംഭവിക്കുക. സാമൂഹികപ്രതിബദ്ധത കൂടി ലക്ഷ്യമിട്ടാണ് പലരും ഫുട്‌ബോളില്‍ നിക്ഷേപം നടത്തുന്നത്.
ദീര്‍ഘകാല ലക്ഷ്യത്തിലൂന്നിയാണ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീമുകള്‍ക്ക് വളരെയധികം ചെലവഴിക്കേണ്ടി വന്നു. എല്ലാവരുടെയും ആദ്യ വര്‍ഷമായിരുന്നു. ടീമിനെ അവതരിപ്പിക്കുന്ന ചടങ്ങ് മുതല്‍ വെബ്‌സൈറ്റ് വരെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ടീമുകള്‍ക്ക് പല കാര്യങ്ങള്‍ക്കും സമയം കാര്യമായി കിട്ടിയില്ല. ഈ സീസണില്‍ പക്ഷേ അങ്ങനെയല്ല.
ടീമുകള്‍ കൂടുതലായി പണം ചെലവഴിക്കാതിരിക്കാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗത്തു നിന്ന് ഒരു ഗൈഡ്‌ലൈന്‍സ് ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം നിലനിര്‍ത്താന്‍ വേണ്ടിയാണിത്. അതിന്റെയര്‍ത്ഥം മികച്ച കളിക്കാരെയോ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയോ കൊണ്ടുവരുന്നതിലോ അല്ലെങ്കില്‍ അവരുടെ സാലറിയുടെ കാര്യത്തിലോ കോംപ്രമൈന്‍സ് ചെയ്യുന്നുവെന്നല്ല.
കഴിഞ്ഞ തവണ എവിടെയൊക്കെയാണ് കൂടുതലായി പണം ചെലവഴിക്കപ്പെട്ടത്. ഇത്തരം അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ടീമുകള്‍ സാമ്പത്തികമായി നല്ലനിലയില്‍ നില്‍ക്കണമെന്നത് ഞങ്ങളുടെ (എസ്.എല്‍.കെ) കൂടെ ആവശ്യമാണ്.
Q: ഐഎസ്എല്ലിന്റെ തുടക്കത്തിലും എഫ്എസ്ഡിഎല്ലും ക്ലബുകളും വലിയതോതില്‍ ചെലവഴിക്കല്‍ നടത്തിയിരുന്നു. പിന്നീട് മാര്‍ക്കറ്റിംഗില്‍ ഉള്‍പ്പെടെ പിന്നോട്ടുപോയി. ക്രിക്കറ്റ് കേന്ദ്രീകൃത സമൂഹത്തില്‍ ഈ വെല്ലുവിളി എസ്.എല്‍.കെയ്ക്ക് മുന്നിലുമുണ്ട്. ഏതു രീതിയില്‍ മുന്നോട്ടു പോകാനാണ് ക്ലബുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്?
വലിയ പണംമുടക്കി വിദേശ രാജ്യങ്ങളില്‍ നിന്ന് മാര്‍ക്കീ താരങ്ങളെ കൊണ്ടുവരണമെന്ന് ടീമുകളോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. വിലയേറിയ താരങ്ങളെ കൊണ്ടുവന്ന് അനാവശ്യ ചെലവ് വരുത്തിവയ്ക്കുന്നതിനോട് താല്പര്യമില്ല. വരുമാനം നോക്കിയിട്ടാണ് ചെലവഴിക്കല്‍ നടത്തുന്നത്. അല്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു പ്രശ്‌നം ഉറപ്പായും വരും. ആദ്യ സീസണില്‍ ആദ്യദിനം മുതല്‍ ഈയൊരു ബാലന്‍സ് നിലനിര്‍ത്തി കൊണ്ടുള്ള ചെലവഴിക്കലാണ് ഞങ്ങള്‍ നടത്തുന്നത്.
മറ്റ് രാജ്യങ്ങളില്‍ ഫസ്റ്റ് ഡിവിഷന്‍ കളിക്കുന്ന താരങ്ങളെ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ഒരിക്കലും ക്ലബുകളോട് ആവശ്യപ്പെട്ടിട്ടില്ല. മൂന്നാം ഡിവിഷന്‍ കളിക്കുന്ന വിദേശ താരങ്ങളാണെങ്കിലും മതി. ജര്‍മനിയിലൊക്കെ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന താരങ്ങളുടെ ക്വാളിറ്റി നമ്മുടെ നാട്ടില്‍ ഫസ്റ്റ് ഡിവിഷന്‍ കളിക്കുന്നവരുടേതിന് അടുത്തുണ്ടാകും. നാളെകളില്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരും വരുമാനവും വരുമ്പോള്‍ ക്ലബുകള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാം. കൂടുതല്‍ മികച്ച കളിക്കാരെ കൊണ്ടുവരാം.
Q: കേരള ഫുട്‌ബോളിന് പ്രവാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍. ഈ മേഖലയില്‍ നിന്ന് കൂടുതല്‍ റവന്യു ഉണ്ടാക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടോ? കുറച്ചു മത്സരങ്ങള്‍ അവിടെ നടത്തുന്ന രീതിയില്‍?
തീര്‍ച്ചയായും. കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ പോയി മാര്‍ക്കറ്റ് ചെയ്യാനുള്ള സമയം കുറവായിരുന്നു. ഗള്‍ഫിലുള്ള പ്രവാസികള്‍ സൂപ്പര്‍ ലീഗ് കേരളയെ നിരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ഒരു കര്‍ട്ടണ്‍ റൈസര്‍ പ്രോഗ്രാം ദുബൈയില്‍ വച്ച് ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ മൂന്നാംവാരമാകും അത്. ടീമുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഉടമകളും പ്രധാന താരങ്ങളും എത്തി ആരാധകരുമായി സംവദിക്കും. അടുത്ത വര്‍ഷം ഇത്തരത്തില്‍ കര്‍ട്ടണ്‍ റൈസര്‍ ഖത്തറിലും സൗദിയിലും കൂടി ചെയ്യണമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തവണ മനോരമ മാക്‌സിലായിരുന്നു ഗള്‍ഫില്‍ സ്ട്രീമിംഗ്. ഇത്തവണ സ്‌പോര്‍ട്‌സ്‌ഡോട്ട്‌കോം എന്ന പ്ലാറ്റ്‌ഫോമിലൂടെയാകും സൗജന്യ സംപ്രേഷണം. ടിവി സംപ്രേക്ഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പകരം ഇത്തവണ സോണി സ്‌പോര്‍ട്‌സായിരിക്കും ചെയ്യുക.
യു.എ.ഇയിലെ മുന്‍നിര ക്ലബുകളില്‍ നിന്ന് പ്രദര്‍ശന മത്സരങ്ങള്‍ കളിക്കാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്. അജ്മാന്‍, അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു മത്സരങ്ങള്‍ കളിക്കാനാണ് പ്ലാന്‍. സൂപ്പര്‍ ലീഗിലെ ഫൈനലിസ്റ്റുകളുമായിട്ടായിരിക്കും മത്സരങ്ങള്‍. സൂപ്പര്‍ ലീഗ് ടീമുകളുടെ അവിടുത്തെ എല്ലാ ചെലവുകളും വഹിക്കാന്‍ അവര്‍ തയാറാണ്. ഇങ്ങനെയുള്ള ടൈഅപ്പുകള്‍ വരുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആരാധകരുടെ സൂപ്പര്‍ ലീഗ് പങ്കാളിത്തം വര്‍ധിക്കും.
അടുത്ത വര്‍ഷം ലീഗില്‍ പുതുതായി രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി വന്നേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മത്സരങ്ങളുടെ എണ്ണം 33ല്‍ നിന്ന് 59 ആകും. അപ്പോള്‍ ചില മത്സരങ്ങള്‍ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നടത്താനാകും. അതിനുള്ള സാമ്പത്തിക സാധ്യതകള്‍ പരിശോധിക്കുകയാണ്. തീര്‍ച്ചയായും അടുത്ത വര്‍ഷം കുറച്ചു മത്സരങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ നടത്താനുള്ള ശ്രമങ്ങളുണ്ടാകും.
Q: കൊച്ചി പോലുള്ള വലിയ സിറ്റികളില്‍ നിന്ന് മാറി രണ്ടാംനിര നഗരങ്ങളില്‍ 5,000-10,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിലേക്ക് മത്സരങ്ങള്‍ മാറ്റിയാല്‍ നടത്തിപ്പ് ചെലവ് ഉള്‍പ്പെടെ കുറയ്ക്കാന്‍ സാധിക്കില്ലേ? ഇത്തരത്തില്‍ എന്തെങ്കിലും പദ്ധതികള്‍ മനസിലുണ്ടോ?
ഒരു സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് വേദി മാറ്റുക അത്ര പ്രായോഗികമല്ല. അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഫിഫ സ്റ്റാന്‍ഡേര്‍ഡ് വേണം. മറ്റ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഞങ്ങള്‍ ഇത്തവണ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് മത്സരങ്ങള്‍ മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തിലേക്ക് മത്സരങ്ങള്‍ മാറ്റുന്നുണ്ട്. മഹാരാജാസില്‍ 10,000 കാണികളെ ഉള്‍ക്കൊള്ളാന്‍ പറ്റും.
60,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 15,000 പേര്‍ ഇരുന്നാല്‍ അതൊന്നുമല്ല. കലൂരില്‍ ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്കുള്ള ദൂരം കൂടുതലാണ്. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒരു ദിവസം മത്സരം നടത്താന്‍ 35-40 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മഹാരാജാസിലേക്ക് മാറുമ്പോള്‍ ഈ ചെലവ് പകുതിയില്‍ താഴെയായി. ലൈറ്റ്‌സ്, വെള്ളം അടക്കമുള്ള കാര്യങ്ങളിലും ചെലവ് കുറയ്ക്കാനാകും.
Q: സൂപ്പര്‍ ലീഗ് കേരളയില്‍ അടുത്തു തന്നെ വനിതാ ലീഗ് പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. അക്കാര്യം ഞങ്ങളുടെ മനസിലുള്ളതാണ്. ടീമുകളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള ടീമുകള്‍ ഒന്നു സെറ്റായി കഴിയുമ്പോള്‍ അക്കാര്യങ്ങളിലേക്ക് കടക്കും. സീസണ്‍ മൂന്ന് ആകുമ്പോഴേക്കും ടീമുകള്‍ സാമ്പത്തികമായി ബാലന്‍സിലാകും. അപ്പോള്‍ വനിതാ ലീഗിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കും. ഫ്രാഞ്ചൈസികളോട് വിവിധ പ്രായത്തിലുള്ള ടീമുകളെ ഡെവലപ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് കൂടുതല്‍ താരങ്ങള്‍ ദേശീയതലത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine