സൂപ്പര്‍ ലീഗ് കേരളയില്‍ പണംവാരിയെറിഞ്ഞ് ബിസിനസ് ഗ്രൂപ്പുകള്‍; വരുമാനം കണ്ടെത്താന്‍ യൂറോപ്യന്‍ മാതൃക

കേരളത്തില്‍ ഫുട്‌ബോളിന് വലിയ വേരോട്ടമുണ്ടെന്നതില്‍ ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ യൂറോപ്യന്‍ സ്റ്റൈലില്‍ കോടികള്‍ മുടക്കി കോര്‍പറേറ്റുകള്‍ ടീമിനെ സ്വന്തമാക്കുന്ന പ്രെഫഷണല്‍ ലീഗ് എത്രത്തോളം ലാഭകരമാകുമെന്നതില്‍ ആശങ്കയുള്ളവരാണ് ഏറെയും. നവാസ് മീരാന്‍ എന്ന തൊട്ടതെല്ലാം വിജയത്തിലെത്തിച്ച സംരംഭകന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ തലപ്പത്തേക്ക് എത്തിയതോടെ സംശയങ്ങളും ആശങ്കകളും വഴിമാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകളെയും ഉടമകളെയും അവതരിപ്പിച്ച് സൂപ്പര്‍ ലീഗ് കേരള അതിന്റെ വരവറിയിച്ചിരിക്കുന്നു. 45 ദിവസം നീളുന്ന ലീഗ് ഇതുവരെ കാണാത്ത താരപ്പൊലിമയോടെ നടത്താനാണ് സംഘാടകരായ സ്‌കോര്‍ലൈനിന്റെയും കെ.എഫ്.എയുടെയും പദ്ധതി.
ബിസിനസ് ലോകത്തെ പ്രമുഖരാണ് പല ടീമുകളുടെയും ഉടമകളായി വരുന്നത്. ഐ.ബി.എസ് ഗ്രൂപ്പിന്റെ വി.കെ മാത്യൂസ്, അസറ്റ് ഹോംസ് ഡയറക്ടര്‍ പ്രവീഷ് കുഴുപ്പിള്ളി, കിംസ് സി.എം.ഡി ഡോ. മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവല്‍സ് എം.ഡി കെ.സി ചന്ദ്രഹാസന്‍, ബിസ്മി ഗ്രൂപ്പ് എം.ഡി വി.എ അജ്മല്‍ ബിസ്മി എന്നിവരെല്ലാം ഫുട്‌ബോള്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.
പണംവാരിയെറിയും
ഓരോ ടീമിനെയും സ്വന്തമാക്കിയവര്‍ നിശ്ചിത തുക ഫ്രാഞ്ചൈസി ഫീസായി നല്‍കണം. 2 കോടി രൂപയ്ക്ക് അടുത്തു വരും ഈ തുക. ഒരു സീസണില്‍ 5 കോടി രൂപയെങ്കിലും ഫ്രാഞ്ചൈസികള്‍ മുടക്കേണ്ടിവരും. കളിക്കാരുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും പ്രതിഫലം, മാര്‍ക്കീ താരങ്ങള്‍ക്ക് നല്‍കേണ്ട ഭീമമായ തുകയെല്ലാം ഇതില്‍ പെടും. പ്രധാന ബിസിനസ് ഗ്രൂപ്പുകളാണ് ഓരോ ടീമിന്റെയും ഉടമകളായി വരുന്നതെന്നതിനാല്‍ മുടക്കിയ പണം തിരിച്ചു പിടിക്കുന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഇവര്‍ക്കുണ്ടാകും.
ഗള്‍ഫ് മാര്‍ക്കറ്റും ലക്ഷ്യം
മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും ലീഗിനെ പറിച്ചുനടാന്‍ സംഘാടകര്‍ക്ക് താല്പര്യമുണ്ട്. ആദ്യ സീസണില്‍ ഇതു സംഭവിച്ചില്ലെങ്കിലും രണ്ടാം സീസണ്‍ മുതല്‍ കുറച്ചു മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യയും ഖത്തറും യു.എ.ഇയും വേദിയാകുമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലീഗിനെ എത്തിച്ചാല്‍ സാമ്പത്തികമായുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.
കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കുമെന്ന് മാത്രമല്ല ഗേറ്റ് കളക്ഷനിലൂടെയുള്ള വരുമാനവും ടി.വി സംപ്രേക്ഷണ അവകാശവും കൂടുതല്‍ തുകയ്ക്ക് നല്‍കാന്‍ സാധിക്കും. ഇതുവഴി ലഭിക്കുന്ന വരുമാനം ടീമുകള്‍ക്കും ലഭിക്കും. മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തരത്തില്‍ ഗള്‍ഫ് ടൂറുകള്‍ നടത്തിയിരുന്നു. ഇതുവഴി ബ്ലാസ്റ്റേഴ്‌സിന് സാമ്പത്തികനേട്ടവും ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമിയും ഫൈനലും സൗദി അറേബ്യയില്‍ നടന്നപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തരത്തില്‍ പകുതി മല്‍സരങ്ങള്‍ കേരളത്തിലും ബാക്കി ഗള്‍ഫ് രാജ്യങ്ങളിലുമായി നടത്തിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലീഗിനെ ലാഭത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഫ്രാഞ്ചൈസികളുടെ വരുമാനമാര്‍ഗം ഇങ്ങനെ
കോടികള്‍ മുടക്കി ടീമിനെ എടുക്കുന്ന ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം പ്രധാനമായും വരുന്നത് സ്‌പോണ്‍സര്‍ഷിപ്പ്, ഗേറ്റ് കളക്ഷന്‍, സെന്‍ട്രല്‍ റവന്യു, ടി.വി സംപ്രേക്ഷണ കരാറിലെ വരുമാനം എന്നിവയിലൂടെയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സും ഹോട്ട്‌സ്റ്റാറും ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ചാനല്‍ പാര്‍ട്ണര്‍മാര്‍. തുടക്കത്തില്‍ പക്ഷേ ടി.വി കരാറിലൂടെ വലിയ വരുമാനം കിട്ടില്ല.
സ്‌പോണ്‍സര്‍പ്പിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തുകയെന്നത് തന്നെയാകും ടീമുകളുടെ പ്രധാന മാര്‍ക്കറ്റിംഗ് തന്ത്രം. ഗേറ്റ് കളക്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഒരുപരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ലെന്നത് തന്നെ കാരണം. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണ്ടിവരും ഓരോ ടീമും ലാഭത്തിലെത്താന്‍.
ടീമുകള്‍ ഇതൊക്കെ
കൊച്ചി പൈപ്പേഴ്സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, തൃശ്ശൂര്‍ റോര്‍ എഫ്.സി, കണ്ണൂര്‍ സ്‌ക്വാഡ് എഫ്.സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, മലപ്പുറം എഫ്.സി എന്നീ ആറു ടീമുകള്‍ മാറ്റുരക്കും. 45 ദിവസം നീണ്ടു നില്‍ക്കുന്നതാണ് സൂപ്പര്‍ ലീഗ് കേരള.
ഫ്രാഞ്ചൈസി ഉടമകളെ വെളളിയാഴ്ച്ച കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പരിചയപ്പെടുത്തി. കൊച്ചി പൈപ്പേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥര്‍ മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയും എപിഎല്‍ അപ്പോളോ ഗ്രൂപ്പുമാണ്. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്ലബായ ബ്രിസ്‌ബേന്‍ റോര്‍ എഫ്‌സി ചെയര്‍മാനും സി.ഇ.ഒയുമായ കാസ് പടാഫ്ത, മാഗ്‌നസ് സ്‌പോര്‍ട്‌സിന്റെ ബിനോയിറ്റ് ജോസഫ്, നുസിം ടെക്‌നോളജീസിന്റെ മുഹമ്മദ് റഫീഖ് എന്നിവരാണ് തൃശൂര്‍ റോര്‍ എഫ്.സിയെ സ്വന്തമാക്കിയത്.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ എം.പി ഹസന്‍ കുഞ്ഞി, ദോഹയിലെ കാസില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മിബു ജോസ് നെറ്റിക്കാടന്‍, അസറ്റ് ഹോംസ് ഡയറക്ടര്‍ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്സി പ്രമോട്ടര്‍ ഷമീം ബക്കര്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ സ്‌ക്വാഡ് ടീമിനെ ലഭിച്ചത്. കിംസ് സി.എം.ഡി ഡോ. മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവല്‍സ് എം.ഡി കെ.സി ചന്ദ്രഹാസന്‍, ടി.ജെ മാത്യൂസ്, പ്രിന്‍സ് ഗൗരി ലക്ഷ്മി ഭായി എന്നിവര്‍ തലസ്ഥാനത്തെ ടീമായ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയുടെ ഉടമകളായി.
ബിസ്മി ഗ്രൂപ്പ് എം.ഡി വി.എ അജ്മല്‍ ബിസ്മി, തിരൂര്‍ എസ്.എ.ടി എഫ്സി ആന്‍ഡ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്സ് ഉടമ ഡോ അന്‍വര്‍ അമീന്‍ ചേലാട്ട്, സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര എന്നിവരാണ് മലപ്പുറം എഫ്‌സിയുടെ സാരഥികള്‍. ഐ.ബി.എസ് ഗ്രൂപ്പ് സാരഥി വി.കെ മാത്യൂസ് കാലിക്കറ്റ് എഫ്.സിയെ സ്വന്തമാക്കി.
സൂപ്പര്‍ ലീഗ് കേരള വരുന്നതോടെ കേരളത്തിലെ മികച്ച താരങ്ങള്‍ക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാന്‍ കഴിയും. ഏഷ്യന്‍ താരങ്ങള്‍ക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകുമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it