സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ്‍ ഒക്ടോബര്‍ രണ്ട് മുതല്‍

കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇത്തവണ അത് ആറായി ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിനും തൃശൂരിനും സ്വന്തം ഹോം ഗ്രൗണ്ടുകള്‍ ലഭിച്ചു
Image Courtesy: groupmeeran.com, super league kerala
Image Courtesy: groupmeeran.com, super league kerala
Published on

കേരള ഫുട്‌ബോളില്‍ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഗ്രാന്‍ഡ് കിക്കോഫ്. ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്‌സിക്ക് രണ്ടാം സ്ഥാനക്കാരായ ഫോഴ്സ കൊച്ചി എഫ്‌സിയാണ് എതിരാളികള്‍. രണ്ടര മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്.

പ്രഥമ സീസണില്‍ കളിച്ച കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇത്തവണ അത് ആറായി ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിനും തൃശൂരിനും സ്വന്തം ഹോം ഗ്രൗണ്ടുകള്‍ ലഭിച്ചു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയവും തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയവുമാണ് യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍. കഴിഞ്ഞ സീസണില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹോം മത്സരങ്ങള്‍ കളിച്ച ഫോഴ്‌സ കൊച്ചി എഫ്‌സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുക.

കൂടുതല്‍ മലയാളി താരങ്ങള്‍

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് സൂപ്പര്‍ ലീഗ് കേരളയിലെ മത്സരങ്ങള്‍. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. തുടര്‍ന്ന് ഡിസംബര്‍ 14ന് ഗ്രാന്‍ഡ് ഫിനാലെ.

മികച്ച പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ഓരോ സീസണിലും വര്‍ധിപ്പിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. കഴിഞ്ഞ സീസണില്‍ 94 മലയാളി താരങ്ങളാണ് ആറ് ടീമുകളിലായി കളിച്ചത്. അത് ഇത്തവണ 100 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിച്ചാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടാലെന്റ് പൂളായി കേരളം മാറും -സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

എല്ലാ മത്സരങ്ങളും സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് സംപ്രേഷണം ചെയ്യും. സ്‌പോര്‍ട്‌സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ് നടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com