ആദ്യ രണ്ട് സീസണുകള്‍ സൂപ്പര്‍ഹിറ്റ്, കളിക്കാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം; കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പും വരുമാനവും ലക്ഷ്യമിട്ട് സൂപ്പര്‍ലീഗ് കേരള സീസണ്‍ 3

ഈ സീസണ്‍ കഴിയുന്നതോടെ ഒന്നോ രണ്ടോ ക്ലബുകളെങ്കിലും പ്രവര്‍ത്തന ലാഭത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ
ആദ്യ രണ്ട് സീസണുകള്‍ സൂപ്പര്‍ഹിറ്റ്, കളിക്കാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം; കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പും വരുമാനവും ലക്ഷ്യമിട്ട് സൂപ്പര്‍ലീഗ് കേരള സീസണ്‍ 3
Published on

കേരള ഫുട്‌ബോളിനെ വാണിജ്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടുവര്‍ഷം മുമ്പ് സൂപ്പര്‍ലീഗ് കേരളയ്ക്ക് (എസ്എല്‍കെ) തുടക്കമിട്ടത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള നവാസ് മീരാന്റെ സ്‌പോര്‍ട്‌സ് ബിസിനസിലേക്കുള്ള എന്‍ട്രിയായിരുന്നു എസ്എല്‍കെ. കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹത്തെ വരുമാനമാക്കി മാറ്റാനുള്ള നീക്കം പിഴച്ചില്ല. ആദ്യ രണ്ടു സീസണ്‍ കഴിയുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള മുന്‍നിര പ്രാദേശിക ലീഗുകളിലൊന്നായി എസ്എല്‍കെ മാറിയിരിക്കുകയാണ്.

മത്‌സരങ്ങള്‍ കൂടും; വരുമാനവും

സൂപ്പര്‍ ലീഗ് കേരളയില്‍ ഇത്തവണ ടീമുകളുടെ എണ്ണം കൂടില്ല. കഴിഞ്ഞ തവണത്തെ പോലെ ആറുടീമുകള്‍ തന്നെയാകും ഇത്തവണയും പന്തുതട്ടുക. കാസര്‍ഗോഡ്, പാലക്കാട് ടീമുകള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ രംഗത്തു വന്നെങ്കിലും അടുത്ത സീസണിലേക്ക് പുതിയ ടീമുകളെ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യ രണ്ടു സീസണുകളും ആരാധകര്‍ ഏറ്റെടുത്തത് ക്ലബുകള്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാം വര്‍ഷം ക്ലബുകളുടെയും സംഘാടകരുടെ പ്രവര്‍ത്തന ചെലവ് കുറഞ്ഞിരുന്നു. വരുമാനം കൂടിയതിനൊപ്പം നഷ്ടം കുറയുകയും ചെയ്തു. ഈ സീസണ്‍ കഴിയുന്നതോടെ ഒന്നോ രണ്ടോ ക്ലബുകളെങ്കിലും പ്രവര്‍ത്തനലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ടീമുകള്‍ കൂടുതലായി പണം ചെലവഴിക്കാതിരിക്കാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗത്തു നിന്ന് ഒരു ഗൈഡ്ലൈന്‍സ് ഉണ്ടാക്കിയിട്ടുണ്ടെന്ന് സൂപ്പര്‍ ലീഗ് സിഇഒ മാത്യു ജോസഫ് ധനംഓണ്‍ലൈനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമുകള്‍ സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തേണ്ടത് ലീഗിന്റെ ആവശ്യമാണ്. കഴിഞ്ഞ തവണ എവിടെയൊക്കെയാണ് കൂടുതലായി പണം ചെലവഴിക്കപ്പെട്ടത്. ഇത്തരം അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ടീമുകള്‍ സാമ്പത്തികമായി നല്ലനിലയില്‍ നില്‍ക്കണമെന്നത് എസ്എല്‍കെയുടെ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

മത്സരങ്ങള്‍ കാണാന്‍ ആരാധകരുടെ ഒഴുക്കുണ്ടായതോടെ സ്‌പോണ്‍സര്‍ഷിപ്പിനായി വലിയ ബ്രാന്‍ഡുകളും താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്ത യുണൈറ്റഡ് സ്‌പോര്‍ട്‌സ് ചാനലും സീഫൈവ് ഒടിടിയുമാണ് ഇത്തവണ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ടീമുകളുടെ വരുമാനം വര്‍ധിക്കുന്നു

സ്റ്റേഡിയങ്ങളിലേക്ക് ആരാധകര്‍ കൂടുതലായി എത്തി തുടങ്ങിയതോടെ ടിക്കറ്റ് വില്‍പനയിലൂടെ വലിയൊരു തുക ക്ലബുകള്‍ക്ക് നേരിട്ട് ലഭിക്കുന്നു. പ്രധാന സ്പോണ്‍സര്‍മാര്‍ക്ക് പുറമെ ഓരോ നഗരത്തിലെയും പ്രാദേശിക ബ്രാന്‍ഡുകളെ സ്‌പോണ്‍സര്‍മാരായി ടീമുകള്‍ക്ക് ലഭിക്കുന്നുണ്ട്. വലിയ സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്ക് പുറകെ പോകാതെ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി വരുമാനം വര്‍ധിപ്പിക്കാനാണ് ക്ലബുകള്‍ ശ്രമിക്കുന്നത്.

കളിക്കാര്‍ക്കും സാമ്പത്തികനേട്ടം

ഫുട്‌ബോളിനെ ഒരു പ്രഫഷനാക്കാന്‍ താരങ്ങള്‍ക്ക് വഴിയൊരുക്കിയെന്നതാണ് സൂപ്പര്‍ ലീഗ് കേരളയുടെ നേട്ടമെന്ന് കോവളം എഫ്‌സിയുടെ സ്ഥാപകനും മുന്‍ സന്തോഷ് ട്രോഫി താരവുമായ എബിന്‍ റോസ് പറഞ്ഞു. മുമ്പ് 600-700 രൂപ പ്രതിഫലം കിട്ടിയിരുന്ന താരങ്ങള്‍ക്ക് ഇന്ന് 3-4 മാസംകൊണ്ട് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും ഗ്രാസ് റൂട്ട് ഡെവലപ്‌മെന്റില്‍ കൂടി ശ്രദ്ധിക്കണമെന്നാണ് എബിന്‍ റോസിന്റെ പക്ഷം.

ആറു ടീമുകളിലും കൂടി 100ഓളം മലയാളി താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. സൂപ്പര്‍ ലീഗില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ഐലീഗ്, ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ഓഫറുകളും ലഭിക്കുന്നു. ദേശീയ ക്ലബുകള്‍ എസ്എല്‍കെയില്‍ നിന്ന് കളിക്കാരെ തിരഞ്ഞെടുക്കാന്‍ പ്രത്യേക സ്‌കൗട്ടിംഗ് സംഘങ്ങളെ തന്നെ അയയ്ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com