ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്സ് വഴി പിസ 'ഓർഡർ' ചെയ്യുന്നത് ഈ രാജ്യക്കാർ!

തങ്ങളുടെ സെൽഫോൺ ഉപയോഗിച്ച് ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്സ് വഴി പിസ 'ഓർഡർ' ചെയ്യുന്ന ആളുകൾ ഏതു രാജ്യക്കാരാണെന്നറിയാമോ? സമ്പന്നമായ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലുള്ളവരാണെന്ന് കരുതിയിട്ടുണ്ടെങ്കിൽ തെറ്റി. മൊത്തം ജനസംഖ്യയുടെ പകുതിയിലധികവും കൊടും ദാരിദ്ര്യത്തിൽ ജീവിക്കുന്ന നൈജീരിയയിലാണ് ഇക്കൂട്ടർ ഉള്ളത്.

രാജ്യത്തിൻറെ ഇറക്കുമതി കുറക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനിടയിൽ നൈജീരിയൻ കൃഷി മന്ത്രിയായ ഔഡു ഓഗ്ബെ പാർലമെൻറിൽ അറിയിച്ചതാണിക്കാര്യം. അതിസമ്പന്നരായ ചില നൈജീരിയൻ പൗരന്മാർക്ക് ഇത്തരം ശീലങ്ങളുണ്ടെന്നും ഇറക്കുമതി ചെയ്‌ത വസ്തുക്കൾ ഉപയോഗിക്കുന്നത് സ്റ്റാറ്റസിന്റെ അടയാളമായി കാണുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. അരി പോലുള്ള ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇത്തരത്തിൽ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

ഈ രീതികൾ മാറ്റാതെ നൈജീരിയയ്ക്ക് വിദേശ ഇറക്കുമതി കുറക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ആരാണ് ഇത്തരത്തിൽ പിസ 'ഓർഡർ' ചെയ്യുന്നതെന്നോ ഏതെങ്കിലും ബിസിനസ് ഗ്രൂപ്പിനെയോ വ്യാപാരികളെയോ ആണോ 'ആളുകൾ' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്നോ വ്യക്തമല്ല.

ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ നൈജീരിയയിൽ പണക്കാരും പാവപെട്ടവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. തൊഴിലില്ലായ്മ 20 ശതമാനത്തിൽ കൂടുതലാണ്. 60 ശതമാനത്തിലധികം പേർ കൊടും ദാരിദ്രത്തിലാണ്.

Related Articles
Next Story
Videos
Share it