ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്: സുപ്രീം കോടതി വിധി നിര്‍മാണ മേഖലക്ക് ഗുണകരമാകുന്നത് ഇങ്ങനെ

നിര്‍മാണ മേഖലയിലെ സേവന ദാതാക്കള്‍ക്കും ഇന്‍പുട്ട് ടാക്‌സ്‌ ക്രെഡിറ്റിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതിയുടെ പുതിയ വിധി ഷോപ്പിംഗ് മാള്‍ നിര്‍മാണ കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുണകരമാകും. ഈ മേഖലയില്‍ ഇന്‍പുട്ട് ടാക്‌സ്‌ ക്രെഡിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ജി.എസ്.ടി നിയമത്തില്‍ കോടതി വ്യക്തത വരുത്തിയിരിക്കുകയാണ്. ഇതോടെ വാടകക്ക് നല്‍കുകയെന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളും ഇന്‍പുട്ട് ടാക്‌സ്‌ ക്രെഡിറ്റിന്റെ പരിധിയില്‍ വരും. സെന്‍ട്രല്‍ ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ 17-5 ഡിയിലാണ് കോടതി വ്യക്തത വരുത്തിയത്. ഇത്തരം കെട്ടിടങ്ങള്‍ക്ക്, പ്ലാന്റുകള്‍ക്കും യന്ത്രങ്ങള്‍ക്കും ബാധകമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ബാധകമാകും.

സഫാരി റിട്രീറ്റ്‌സ് കേസ്

ഭുവനേശ്വറില്‍ ഷോപ്പിംഗ് മാള്‍ നിര്‍മിച്ച സഫാരി റിട്രീറ്റസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നല്‍കിയ പരാതിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഷോപ്പിംഗ് മാള്‍ നിർമാണത്തിനായി വാങ്ങിയ വസ്തുക്കളുടെ നികുതി, ഐ.ടി.സി പ്രകാരം തിരിച്ചെടുക്കാൻ കമ്പനിയെ ജി.എസ്.ടി വകുപ്പ് അനുവദിച്ചില്ല. സെക്ഷന്‍ 17-5 ഡി പ്രകാരം ഇത്തരം കെട്ടിടങ്ങള്‍ക്ക് ഐ.ടി.സി ബാധകമല്ലെന്നായിരുന്നു വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. പ്ലാന്റുകള്‍, യന്ത്രങ്ങള്‍ എന്നിവക്ക് മാത്രമാണ് ഈ ആനുകൂല്യമുള്ളതെന്നും സ്ഥിരം കെട്ടിടങ്ങള്‍ക്ക് ഇത് ലഭിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ മാളുകള്‍ ഉള്‍പ്പടെയുളള കെട്ടിടങ്ങളെ പ്ലാന്റുകളുടെ ഗണത്തില്‍ പെടുത്താമെന്നും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കാമെന്നുമാണ് കോടതി വിധിച്ചത്. പ്ലാന്റ് വിഭാഗത്തില്‍ പെടുന്നതാണോ എന്ന് ഓരോ അപേക്ഷകളിലും പരിശോധിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Next Story

Videos

Share it