ഇന്റർനെറ്റ് ഉപയോഗം കുട്ടികളുടെ മൗലികാവകാശം; ജെൻസികൾക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം

പ്രായത്തിന് അനുയോജ്യമായ സുരക്ഷാ ക്രമീകരണങ്ങൾ, രക്ഷാകർതൃ മേൽനോട്ടം, പ്രത്യേക 'ചൈൽഡ് മോഡ്', അനുയോജ്യമല്ലാത്ത അഡൽറ്റ് ഉള്ളടക്കങ്ങൾ തടയൽ എന്നിവ നടപ്പിലാക്കുന്നതിന് ഉത്തരവ് തടസമല്ല
children, india
Image courtesy: Canva
Published on: 

കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ലഭ്യമാകുന്നതും അത് ഉപയോഗിക്കുന്നതും മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഓൺലൈൻ സുരക്ഷാ ആശങ്കകളുടെ പേരിൽ കുട്ടികൾക്ക് ഡിജിറ്റൽ ലോകത്തേക്കുള്ള പ്രവേശനം പൂർണമായി നിഷേധിക്കാനാവില്ലെന്നും ഇത്തരം പൊതുവായ നിരോധനങ്ങൾ (Blanket bans) അസാധുവാണെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ജെന്‍സി കുട്ടികള്‍ക്ക് ആശ്വാസമാകുന്ന നിരീക്ഷണമാണ് കോടതി പങ്കുവെച്ചത്. അതേസമയം കുട്ടികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാമെന്ന് ഇതിനർത്ഥമില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ഭരണഘടനാപരമായ സംരക്ഷണവും കോടതി നിരീക്ഷണവും

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 (ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം), അനുച്ഛേദം 19(1)(a) (ആശയാവിഷ്കാര സ്വാതന്ത്ര്യം) എന്നിവയുടെ പരിധിയിൽ ഇന്റർനെറ്റ് ലഭ്യത ഉൾപ്പെടുന്നുവെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണ പ്രവര്‍ത്തനങ്ങള്‍ (CSEAM) തടയുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കവേയാണ് കോടതിയുടെ ഈ ചരിത്രപരമായ പ്രഖ്യാപനം.

പൊതുവായ നിരോധനങ്ങളുടെ അപകടങ്ങൾ

ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെട്ടു എന്നതിന്റെ പേരിൽ കുട്ടികളുടെ ഇന്റർനെറ്റ് അവകാശം നിഷേധിക്കുന്നത് കുറ്റവാളിയേക്കാൾ ഇരയെ ശിക്ഷിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. പൂർണമായ നിരോധനങ്ങൾ കുട്ടികളെ നിയന്ത്രണമില്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നയിക്കുമെന്നും, ഓൺലൈൻ അധിക്ഷേപങ്ങൾ നേരിടുമ്പോൾ ഭയം കാരണം മുതിർന്നവരിൽ നിന്ന് സഹായം തേടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

വിദ്യാഭ്യാസവും സുരക്ഷാ ക്രമീകരണങ്ങളും

വിദൂര സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് പഠനത്തിനും സർഗാത്മക പ്രകടനങ്ങൾക്കും, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആശയവിനിമയത്തിനും ഇന്റർനെറ്റ് അത്യാവശ്യമാണ്. അതേസമയം, പ്രായത്തിന് അനുയോജ്യമായ സുരക്ഷാ ക്രമീകരണങ്ങൾ, രക്ഷാകർതൃ മേൽനോട്ടം (Parental guidance), പ്രത്യേക 'ചൈൽഡ് മോഡ്' (Child mode), അനുയോജ്യമല്ലാത്ത അഡൽറ്റ് ഉള്ളടക്കങ്ങൾ തടയൽ എന്നിവ നടപ്പിലാക്കുന്നതിന് ഈ ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമാണ്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഓസ്‌ട്രേലിയ, യു.എ.ഇ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർശനമായ നിരോധനമോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുകയോ നിയമങ്ങൾ പാസാക്കുകയോ ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com