

ഉപയോക്താക്കളുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമായി കടയുടമയുടെയും വില്പനക്കാരന്റെയും വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിയമ കമീഷനും സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടത്.
അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര നിയമ കമ്മീഷന്‍ എന്നിവയ്ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം തേടുന്നതിന് ഉപയോക്താവിന് ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ മാത്രമല്ല കടയുടമയെ സംബന്ധിച്ച് വിവരം അറിയാനും അവകാശമുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
കട ഉടമകളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ പ്രവേശന കവാടത്തില്‍ തന്നെ വലിയ അക്ഷരങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കന്‍വാര്‍ തീര്‍ത്ഥാടന റൂട്ടുകളിലെ ഭക്ഷണക്കടകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ഉത്തരവിറക്കിയിരുന്നു. സുപ്രീകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine