രണ്ടു സുപ്രീംകോടതി ജഡ്ജിമാരുടെ കണ്‍മുന്നില്‍, വിമാനത്തില്‍ ലക്കുകെട്ട യാത്രക്കാര്‍; നടന്നത് ഇതാണ്

സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ.വി വിശ്വനാഥനും ജസ്റ്റിസ് സൂര്യകാന്തും വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കുടിച്ചു ലക്കുകെട്ട രണ്ട് യാത്രക്കാരുടെ പരാക്രമങ്ങള്‍ അതിനുള്ളില്‍ നടന്നത്. അതേക്കുറിച്ച് ജസ്റ്റിസ് വിശ്വനാഥന്‍ കോടതിയില്‍ വിവരിച്ചത് ഇങ്ങനെ: ''ഈയിടെ ഞങ്ങള്‍ രണ്ടു ജഡ്ജിമാര്‍ യാത്ര ചെയ്ത വിമാനത്തില്‍ അമിതമായി മദ്യപിച്ച രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു. ലക്കുകെട്ട ഒരാള്‍ ടോയ്‌ലറ്റില്‍ കയറി വാതില്‍ അകത്തു കുറ്റിയിട്ടു. അന്നേരമാണ് രണ്ടാമന് ഛര്‍ദ്ദിക്കാന്‍ വന്നത്. വൊമിറ്റ് ബാഗുമായി അയാള്‍ ടോയ്‌ലറ്റിലേക്ക് നീങ്ങി. വിമാന ജോലിക്കാരെല്ലാം വനിതകള്‍. അവര്‍ ടോയ്‌ലറ്റ് തുറന്നില്ല. അവസാനം മറ്റൊരു യാത്രക്കാരന് ബലം പ്രയോഗിച്ച് ടോയ്‌ലറ്റ് തുറക്കേണ്ടി വന്നു.''
എയര്‍ ഇന്ത്യയില്‍ 72കാരിയായ യാത്രക്കാരിയുടെ ദേഹത്ത് മദ്യപിച്ചു ലക്കുകെട്ട ഒരാള്‍ മൂത്രമൊഴിച്ച 2022ലെ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് ജസ്റ്റിസ് വിശ്വനാഥന്‍ സ്വന്തം അനുഭവം വിവരിച്ചത്. മോശമായി പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ അധികൃതര്‍ വഴി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള മാര്‍ഗനിര്‍ദേങ്ങള്‍ പുതുക്കുന്ന കാര്യം അധികൃതര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സീറ്റ് ക്രമീകരിക്കുകയോ മറ്റോ ചെയ്യാന്‍ നോക്കണമെന്ന് അഡീഷണല്‍ സൊളിസിറ്റല്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് കോടതി പറഞ്ഞു.

വില്ലനായി ശങ്കര്‍ മിശ്ര

മദ്യപനില്‍ നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്ന 72കാരി നല്‍കിയ ഹരജിയാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. വിമാനത്തിനുള്ളില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ വ്യക്തമായ മാര്‍ഗരേഖ രൂപപ്പെടുത്താന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. അന്താരാഷ്ട്ര വിമാനയാത്രക്കിടയില്‍ 2022 നവംബര്‍ 26നാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. കേസ് എട്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
മോശം പെരുമാറ്റം നേരിടേണ്ടി വന്ന 72കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ് കത്തയച്ചിരുന്നു. മോശമായി പെരുമാറിയ ശങ്കര്‍ മിശ്രയെ ബംഗളുരുവില്‍ നിന്ന് പിന്നീട് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ എന്ന സ്ഥാപനം മിശ്രയെ പുറത്താക്കി. വിമാനത്തില്‍ കയറുന്നത് നാലു മാസത്തേക്ക് വിലക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Related Articles
Next Story
Videos
Share it