

പ്രമുഖ ടെലികോം കമ്പനികളുടെ ക്രമീകരിച്ച മൊത്ത വരുമാന (എ.ജി.ആർ) കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശ, പിഴ എന്നിവ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. വോഡഫോൺ, എയർടെൽ, ടാറ്റ ടെലിസർവീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് കോടതിയെ സമീപിച്ചത്. ഹർജികള്‍ തെറ്റിദ്ധരിക്കപ്പെടുന്നതാണെന്ന് ജസ്റ്റിസ് ജെ ബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽ വലയുകയാണ് വോഡഫോൺ ഐഡിയ. നിലനിൽപ്പ് ഉറപ്പാക്കാൻ 45,000 കോടിയിലധികം രൂപയുടെ എജിആറുമായി ബന്ധപ്പെട്ട ബാധ്യതകൾ എഴുതിത്തള്ളണമെന്ന് ആവശ്യവുമായാണ് വി.ഐ കോടതിയില്‍ എത്തിയത്. കമ്പനിയുടെ ഏകദേശം 20 കോടി ഉപയോക്താക്കളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്നും വി.ഐ പറഞ്ഞു. സ്പെക്ട്രം, എജിആർ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 1.19 ലക്ഷം കോടി രൂപ കുടിശ്ശിക ഇപ്പോഴും കമ്പനിക്കുണ്ട്. സർക്കാർ കമ്പനിയുടെ കുടിശ്ശികയുടെ ഒരു ഭാഗമായ ഏകദേശം 39,000 കോടി രൂപ ഓഹരിയിലേക്ക് മാറ്റിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവ പര്യാപ്തമല്ല.
പലിശയും പിഴയും സംബന്ധിച്ച കുടിശ്ശികയിൽ 34,745 കോടി രൂപ എഴുതിത്തള്ളണമെന്നാണ് ഭാരതി എയർടെല്ലും അതിന്റെ അനുബന്ധ സ്ഥാപനമായ ഭാരതി ഹെക്‌സാകോമും ഹർജിയിൽ ഉന്നയിച്ചത്. പലിശ (21,850 കോടി രൂപ), പിഴകൾ (3,995 കോടി രൂപ), പിഴകൾക്കുള്ള പലിശ (8,900 കോടി രൂപ) എന്നിവ ചേർക്കുമ്പോൾ മൊത്തം ബാധ്യത 43,980 കോടി രൂപയായി ഉയരും. 2020 സെപ്റ്റംബർ 1 ലെ സുപ്രീം കോടതിയുടെ എജിആർ വിധി ടെലികോം മേഖലയ്ക്ക് കാര്യമായ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതായും കമ്പനി അറിയിച്ചു. അതേസമയം വോഡഫോൺ ഐഡിയയെപ്പോലെ, 41,000 കോടി രൂപയുടെ എജിആർ കുടിശ്ശിക ഓഹരിയിലേക്ക് മാറ്റാൻ കഴിയുമോ എന്ന് അന്വേഷിച്ച് എയർടെൽ നേരത്തെ ടെലികോം വകുപ്പിന് കത്തെഴുതിയിരുന്നു.
സുപ്രീംകോടതി വിധിക്ക് ശേഷം, വോഡഫോൺ ഐഡിയ ഓഹരി 10 ശതമാനം നഷ്ടത്തില്‍ 6.65 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം എയര്‍ടെല്‍ ഓഹരി 0.30 ശതമാനം ഉയര്‍ന്ന് 1,818 രൂപയിലാണ് ഉളളത്.
Supreme Court rejects AGR relief pleas from Airtel and Vodafone, leading to significant stock market impact.
Read DhanamOnline in English
Subscribe to Dhanam Magazine