Begin typing your search above and press return to search.
ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കി സുപ്രീം കോടതി; കേന്ദ്രത്തിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയുമായി ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീം കോടതി. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് വിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഇലക്ടറല്‍ ബോണ്ട് അഥവാ തിരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി (Electoral Bond). സി.പി.എമ്മും ചില സംഘടനകളുമാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും മറ്റും ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനകള്‍ സ്വീകരിക്കുന്നതും അത് രഹസ്യമാക്കി വയ്ക്കുന്നതും ആര്‍ട്ടിക്കിള്‍ 19 (1) (എ) അനുശാസിക്കുന്ന പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെയും വിവരാവകാശ നിയമത്തിന്റെയും ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടുവഴി നല്‍കുന്ന സംഭാവനക്കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയേ പറ്റൂവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ കണക്കില്ലാതെ അസംഖ്യം സംഭാവന നല്‍കാമെന്നത് തിരഞ്ഞെടുപ്പ് രംഗത്തെ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്.
എസ്.ബി.ഐയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നത്. ബോണ്ട് സംബന്ധിച്ച കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാന്‍ എസ്.ബി.ഐയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് തികച്ചും സുതാര്യമെന്ന് വാദിച്ചിരുന്ന കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധി.
കള്ളപ്പണം തടയാനെന്ന പേരില്‍ ഇലക്ടറല്‍ ബോണ്ടുവഴി കിട്ടുന്ന പണത്തിന്റെ സ്രോതസ്സും കണക്കുകളും രഹസ്യമാക്കി വയ്ക്കുന്നത് അനുവദിക്കാനാവില്ല. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരാവകാശ നിയമം ലംഘിക്കുന്നതും അനുവദിക്കില്ല. കള്ളപ്പണം തടയാന്‍ രാജ്യത്ത് വേറെ മാര്‍ഗങ്ങളുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വലിയ തിരിച്ചടി ബി.ജെ.പിക്ക്
ഇലക്ടറല്‍ ബോണ്ട് വഴി കിട്ടുന്ന പണം 15 ദിവസത്തിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാമായിരുന്നു. സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കി വയ്ക്കുകയുമാണ് ചെയ്തിരുന്നത്. 2017-22 വരെയുള്ള കണക്കുപ്രകാരം 5,271 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ ബി.ജെ.പി നേടിയത്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസിന് കിട്ടിയത് 952 കോടി രൂപയാണ്. 768 കോടി രൂപ സമാഹരിച്ച തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാമത്.
ബി.ജെ.ഡിക്ക് 622 കോടി രൂപ, ഡി.എം.കെയ്ക്ക് 432 കോടി രൂപ, എന്‍.സി.പിക്ക് 51 കോടി രൂപ, ആം ആദ്മി പാര്‍ട്ടിക്ക് 49 കോടി രൂപ എന്നിങ്ങനെയും കിട്ടിയിട്ടുണ്ട്.
Next Story
Videos