Begin typing your search above and press return to search.
കൊല്ലത്തെ എണ്ണ ഖനനം, ഇതുവരെ കണ്ടിട്ടില്ലാത്ത ടൂറിസം സാധ്യതകള്‍: സുരേഷ് ഗോപിയുടെ പ്ലാനുകള്‍ ഇങ്ങനെ
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി പെട്രോളിയം ടൂറിസം മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ് ഗോപിയെ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ടൂറിസം മന്ത്രാലയത്തിലുമെത്തി ചുമതലയേറ്റു.
തീര്‍ത്തും പുതിയൊരു സംരംഭമാണ് താന്‍ ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരിച്ച ചുമതലയാണെന്ന് അറിയാം.യു.കെ.ജിയില്‍ എത്തിയ കുട്ടിയുടെ അനുഭവമാണ് തനിക്ക്. ഇനി സീറോയില്‍ നിന്നും തുടങ്ങണം. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊല്ലത്ത് പെട്രോളിയം സാന്നിധ്യമുണ്ടെന്ന് ഊഹാപോഹങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയണം. സത്യമാണെങ്കില്‍ അതിനെ ഫലവത്തായ രീതിയില്‍ ഉപയോഗിക്കും. ഇതിനോടൊപ്പം കൊച്ചിയുടെ ഭാവി സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും കാതലായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് ഇതുവരെ ആരും ശ്രദ്ധിക്കാത്ത മേഖലകള്‍ പരിശോധിക്കും. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ ഇതിന് വേണ്ടി ചുമതലപ്പെടുത്തും. കേരളത്തെ ഇന്ത്യന്‍ ടൂറിസത്തിന്റെ തിലകക്കുറിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരം അടുത്ത വര്‍ഷം മുതല്‍ അതിമനോഹരമായി ജനഹിതമനുസരിച്ച് നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Next Story
Videos