ടൊയോട്ടോയ്ക്കായി ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സുസുക്കി; ഇ.വിയില്‍ മല്‍സരം കടുക്കും

സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ 2025 ആദ്യ പകുതിയില്‍ നിര്‍മാണം ആരംഭിക്കും
Image Courtesy: globalsuzuki.com
Image Courtesy: globalsuzuki.com
Published on

സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ ടൊയോട്ടയ്ക്കായി ഇലക്ട്രിക് എസ്.യു.വി ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നു. സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ 2025 ആദ്യ പകുതിയില്‍ നിര്‍മാണം ആരംഭിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ആഗോള മാര്‍ക്കറ്റില്‍ പുറത്തിറക്കുന്ന ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ വില്ക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മാരുതിയുടെ ഇ.വിയായ ഇ.വി.എക്‌സിന്റെ കണ്‍സസെപ്റ്റ് പതിപ്പാകും ടൊയോട്ടയ്ക്കായി നിര്‍മിക്കുക. അടുത്തിടെ വിവിധ മോട്ടോര്‍ ഷോകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഈ വാഹനം ജനുവരിയില്‍ മാരുതി വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി ഇ.വി.എക്‌സില്‍ നിന്ന് അല്ലറചില്ലറ മാറ്റങ്ങള്‍ ടൊയോട്ടയ്ക്കുള്ള പതിപ്പില്‍ ഉണ്ടാകും. യൂറോപ്പ്, ജപ്പാന്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് വിപണികളിലേക്കും ടൊയോട്ട ഇ.വി കയറ്റുമതി നടത്തും.

പരസ്പരം മല്‍സരിക്കുമ്പോള്‍ തന്നെ കാര്‍ബണ്‍-ന്യൂട്രല്‍ സമൂഹം പടുത്തുയര്‍ത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സുസുക്കി പ്രസിഡന്റ് തോഷിഹിരോ സുക്കി പറഞ്ഞു. ഏതു പരിതസ്ഥിതിയിലും ഭൂപ്രദേശങ്ങളിലും മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ സാധിക്കുന്ന ഡിസൈനാണ് അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു. സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള നിര്‍മാണ കരാറിലെ ആദ്യത്തെ ഇ.വിയാകും ഇത്.

വാഹന നിര്‍മ്മാണം, മോഡലുകളുടെ പരസ്പര വിതരണം, വൈദ്യുതീകരിച്ച വാഹനങ്ങള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സുസുക്കിയും ടൊയോട്ടയും തമ്മില്‍ സഹകരണമുണ്ട്.

ഇ.വിയില്‍ മല്‍സരം ശക്തമാകും

ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി മാരുതി സുസുക്കി 25,000 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ രാജ്യത്ത് സ്ഥാപിക്കും. 2,300 നഗരങ്ങളിലായി 5,100 സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിക്കും.

ശക്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി എണ്ണ വിപണന സ്ഥാപനങ്ങളുമായും ഊര്‍ജ്ജ കമ്പനികളുമായും മാരുതി സഹകരണത്തിന് പദ്ധതിയിടുന്നുണ്ട്. ആദ്യ മൂന്ന് മാസത്തില്‍ 3,000 വാഹനങ്ങള്‍ നിരത്തില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത 7 വര്‍ഷത്തിനുള്ളില്‍ 6 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും മാരുതിക്ക് പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com