Begin typing your search above and press return to search.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ കാലഹരണപ്പെടും; കൊച്ചിയെ ഞെട്ടിച്ച് അത്ഭുതക്കുട്ടി സ്വയം സോധ
സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ വ്യാപകമാകുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവ കാലഹരണപ്പെടുമെന്ന് ടെക്‌നോളജി രംഗത്തെ അത്ഭുതബാലന്‍ ഡോ.സ്വയം സോധ. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ സ്മാര്‍ട്ട് ഗ്ലാസ് സാങ്കേതിക വിദ്യക്ക് ബി.എഫ്.എസ്.ഐ രംഗത്തുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോധ.
പത്ത് വയസ് മാത്രമുള്ള ഡോ. സ്വയം സോധ ഇതിനകം തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നാലാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ പൈത്തണ്‍ കോഡര്‍ എന്ന ബഹുമതി നേടി. സ്വയംസോൺ എന്ന കമ്പനിക്ക് രൂപം നൽകി. സ്മാര്‍ട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ട സംരംഭമാണിത്. ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ പ്രത്യേക അതിഥിയായാണ് സോധ കൊച്ചിയിൽ എത്തിയത്.
പ്രമുഖര്‍ അണിനിരന്ന സദസിനെ അഭിമുഖീകരിക്കാന്‍ യാതൊരു ഭയവുമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സോധയുടെ സംസാരം തുടങ്ങിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ്, എന്‍.എഫ്.റ്റി തുടങ്ങിയ കടുകട്ടി സാങ്കേതിക വിദ്യകള്‍ സോധ വിശദീകരിച്ചത് സദസ് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. ബി.എഫ്.എസ്.ഐ രംഗം ഇന്റര്‍നെറ്റിന്റെയും പുതുതലമുറ സാങ്കേതിക വിദ്യയുടെയും സഹായത്തോടെ എങ്ങനെ വികസിക്കുമെന്നും സോധ വിശദീകരിച്ചു. ഇപ്പോഴത്തെ പല സാങ്കേതിക വിദ്യകളും അധികം വൈകാതെ കാലഹരണപ്പെടും. സ്മാര്‍ട്ട്ഗ്ലാസുകള്‍ അടങ്ങുന്ന സാങ്കേതിക വിദ്യകള്‍ വ്യാപകമാകുന്നതോടെ നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രസക്തമല്ലാതാകുമെന്നും സോധ പ്രവചിച്ചു. കര്‍മത്തില്‍ വിശ്വസിക്കണമെന്നും കര്‍മഫലത്തെക്കുറിച്ച് ചിന്തിക്കരുതെന്നും ഭഗവത് ഗീതയിലെ ഉപദേശവും നല്‍കിയാണ് സോധ വേദി വിട്ടത്.
Next Story
Videos