

സംപ്രേഷണ സേവന നിയന്ത്രണ ബില്ലിന്റെ (Broadcasting Services Regulation Bill-2024) പുതിയ കരടു രൂപം അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് തീര്‍ക്കുമോ? ചര്‍ച്ച സജീവം. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയന്ത്രണ നിയമത്തിന് പകരം വെക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ കരടു ബില്‍. ടെലിവിഷന്‍ സംപ്രേഷണ മേഖലയിലെ സംയോജിത നിയമ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനു പുറമെ, ഒ.ടി.ടി ഉള്ളടക്കം, ഡിജിറ്റല്‍ ന്യൂസ്, ആനുകാലിക സംഭവങ്ങള്‍ എന്നിവയേയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നു. കരടു ബില്ലില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. അതില്‍ കാര്യമായ തിരുത്തല്‍ വരുത്തിയാണ് പുതിയ കരടുബില്‍ കൊണ്ടുവന്നിരിക്കുന്നത്.
ഒ.ടി.ടി ഉള്ളടക്കം, ഡിജിറ്റല്‍ ന്യൂസ് എന്നിവയുടെ നിര്‍വചനം വിപുലപ്പെടുത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഓണ്‍ലൈന്‍ വീഡിയോ നിര്‍മാണവും പുതിയ നിയമനിര്‍മാണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ എന്നതിന്റെ നിര്‍വചനവും വിപുലപ്പെടുത്തി. ഇവര്‍ സര്‍ക്കാറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഉള്ളടക്കം വിലയിരുത്താന്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നു. വാര്‍ത്ത, ആനുകാലിക ഉള്ളടക്ക പ്രസാധകര്‍ ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍മാരുടെ പരിധിയില്‍ വരും. ഓണ്‍ലൈന്‍ പത്രം, വാര്‍ത്താ പോര്‍ട്ടല്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, ബിസിനസ്- പ്രഫഷണല്‍-വാണിജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ മറ്റ് സമാന മാധ്യമങ്ങള്‍ എന്നിവയൊക്കെ ഈ പരിധിയില്‍ വരും. പത്രം, ഇ-പേപ്പര്‍ എന്നിവയുടെ പ്രസാധകരെ കഴിഞ്ഞ കരടു ബില്ലില്‍ ഒഴിവാക്കിയിരുന്നു. ഫലത്തില്‍ പത്രത്തില്‍ ഇല്ലാത്ത, ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും പുതിയ നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരും.
യൂട്യൂബര്‍മാരെയും പിടികൂടും
വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി യുട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നിവയിലൂടെ പരസ്യവരുമാനം നേടുന്ന ഉപയോക്താക്കളും വിപുല നിര്‍വചനത്തിന്റെ പരിധിയില്‍ വരും. ടെലിവിഷന്‍ സംപ്രേഷണ ശൃംഖലകള്‍ കേന്ദ്രസര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നേരത്തെയുള്ള കരടു ബില്ലില്‍ പറഞ്ഞത്. നിശ്ചിത ഉപയോക്താക്കളാകുന്ന മുറക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ നിര്‍വചനം വിപുലപ്പെടുന്നതിനൊത്ത് നിയന്ത്രണം കൂടുതലാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine