

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി അവരുടെ പ്ലാറ്റ്‌ഫോം ഫീ വീണ്ടും വര്‍ധിപ്പിച്ചു. 12 രൂപയില്‍ നിന്ന് 14 ആയിട്ടാണ് നിരക്ക് ഉയര്‍ത്തിയത്. ഉത്സവകാല സീസണ്‍ വരുന്നതിനാലാണ് വര്‍ധന വരുത്തിയതെന്നാണ് കമ്പനിയുടെ വാദം. നഷ്ടം കുറച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നീക്കം.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാലു തവണയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീ വര്‍ധിപ്പിക്കുന്നത്. 2023 ഏപ്രിലില്‍ രണ്ടു രൂപയായിരുന്നു സ്വിഗ്ഗിയുടെ പ്ലാറ്റ്‌ഫോം ഫീ. പിന്നീട് ഇത് ആറു രൂപയായി വര്‍ധിപ്പിച്ചത് ജൂലൈ 2024ലാണ്. ആ വര്‍ഷം ഒക്ടോബറില്‍ 10 രൂപയിലേക്ക് ഫീസ് ഉയര്‍ത്തി. പിന്നീട് 12 ആക്കിയതാണ് ഇപ്പോള്‍ രണ്ട് രൂപ കൂടി വര്‍ധിപ്പിച്ച് 14 രൂപയിലെത്തിയത്. രണ്ടുവര്‍ഷം കൊണ്ട് 600 ശതമാനം വര്‍ധനയാണ് പ്ലാറ്റ്‌ഫോം ഫീയില്‍ കമ്പനി വരുത്തിയിരിക്കുന്നത്.
പ്രതിദിനം 20 ലക്ഷം ഓര്‍ഡറുകളാണ് സ്വിഗ്ഗി കൈകാര്യം ചെയ്യുന്നത്. ചെറിയ വര്‍ധനയായി ഉപയോക്താക്കള്‍ക്ക് തോന്നുമെങ്കിലും കമ്പനിക്ക് വര്‍ഷം 33.6 കോടി രൂപ അധികം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. ഉത്സവകാലത്തിനുശേഷം നിരക്ക് വര്‍ധന പിന്‍വലിച്ചേക്കുമെന്ന സൂചന സ്വിഗ്ഗി നല്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
വരുമാനം ഉയരുന്നുണ്ടെങ്കിലും വലിയ നഷ്ടത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ജൂണ്‍ പാദത്തില്‍ 1,197 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 611 കോടി രൂപയായിരുന്നു. വരുമാനം 3,222 കോടിയില്‍ നിന്ന് 4,961 കോടി രൂപയിലേക്കാണ് വര്‍ധിച്ചത്.
സ്വിഗ്ഗി ഓഹരികള്‍ കഴിഞ്ഞദിവസം 0.50 ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിച്ചത്. ആദ്യ പാദ ഫലങ്ങള്‍ തന്നെയാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്. 99,347 കോടി രൂപയാണ് സ്വിഗ്ഗിയുടെ വിപണിമൂല്യം.
Read DhanamOnline in English
Subscribe to Dhanam Magazine