

ഉപഭോക്താക്കൾക്ക് കേടായതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തെന്ന പരാതിയെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഒമ്പത് നോട്ടീസുകൾ അയച്ചു. കാലാവധി കഴിഞ്ഞതും, ചീഞ്ഞതും, മലിനമായതുമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതിലൂടെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെട്ടതായി എഫ്എസ്എസ്എഐ നിരീക്ഷിച്ചു. പ്രധാനമായും ഉത്തരേന്ത്യയിലാണ് പരാതികള്‍ ലഭിച്ചത്.
മോശം ഗുണനിലവാരം: അക്ഷയകല്പ എന്ന കമ്പനിയുടെ ഓർഗാനിക് മുട്ടകൾ ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായി കണ്ടെത്തി. ഉത്തരേന്ത്യൻ വിഭവങ്ങൾ (പ്രത്യേകിച്ച് വൈവിധ്യമാർന്ന പറാത്തകൾ) നല്‍കുന്ന പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയായ കാക്കേ ദ പറാത്ത (Kakke da Paratha) ഉപയോഗശൂന്യമായ നിലയിലുളള വിഭവങ്ങളാണ് വിതരണം ചെയ്തെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഉരുളക്കിഴങ്ങ്, പനീർ, ഉള്ളി, കോളിഫ്ലവർ തുടങ്ങിയവ ഉള്ളിൽ നിറച്ച് തയാറാക്കുന്ന ഉത്തരേന്ത്യൻ ശൈലിയിലുള്ള പറാത്തകൾ ഇവിടെ ലഭിക്കുന്ന പ്രധാന ഭക്ഷണ വിഭവമാണ്.
കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ: ഹെൽത്തിഫൈ വെയ് പ്രോട്ടീൻ, നോയിസ് മദ്രാസ് മിക്സ്ചർ എന്നിവ കാലാവധി കഴിഞ്ഞിട്ടും വിതരണം ചെയ്തതായി പരാതിയുണ്ട്.
കുട്ടികളുടെ ഭക്ഷണം: കേടായതും മലിനവുമായ നിലയിലുള്ള കുട്ടികളുടെ ഭക്ഷണം വിതരണം ചെയ്തതായും, ഉപഭോക്താവ് അത് മടക്കി നൽകിയിട്ടും വീണ്ടും അതേ ഉൽപ്പന്നം തന്നെ നൽകിയതായും റിപ്പോർട്ടുണ്ട്.
ലൈസൻസ് ക്രമക്കേടുകൾ: അംഗീകൃത ലൈസൻസ് ഇല്ലാത്ത ബ്രാൻഡ് നാമത്തിൽ മുട്ടകൾ വിപണനം ചെയ്തതായും, തെറ്റായ ലൈസൻസ് നമ്പറുകൾ ഉപയോഗിച്ചതായും എഫ്എസ്എസ്എഐ കണ്ടെത്തി.
പരാതികൾ നൽകിയിട്ടും സ്വിഗ്ഗിയിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും, പലപ്പോഴും വെറും റീഫണ്ട് (Refund) നൽകി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഉപഭോക്താക്കൾ ആരോപിച്ചു. വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിലും കൃത്യമായ ഗുണനിലവാര മേൽനോട്ടം നടത്തുന്നതിലും കമ്പനിക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
ഈ ആരോപണങ്ങളിൽ വിശദമായ റിപ്പോർട്ടും കംപ്ലയൻസ് റിപ്പോർട്ടും സമർപ്പിക്കാൻ എഫ്എസ്എസ്എഐ ആവശ്യപ്പെട്ടിട്ടുണ്ട്. ശുചിത്വം, സ്റ്റോക്ക് മാനേജ്‌മെന്റ്, പരാതി പരിഹാര സംവിധാനം എന്നിവ മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണം. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
Read DhanamOnline in English
Subscribe to Dhanam Magazine