'സ്‌നാക്' അവതരിപ്പിച്ച് സ്വിഗ്ഗി, ഓര്‍ഡറുകള്‍ വെറും 15 മിനിറ്റിനുള്ളില്‍; ക്വിക്ക് ഡെലിവറിയില്‍ മത്സരം കടുക്കുന്നു

സ്‌നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിക്കുക

ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്തെ മുന്‍നിരക്കാരായ സ്വിഗ്ഗി സ്‌നാക് (SNACC) എന്നപേരില്‍ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. നിലവില്‍ ബെംഗളൂരു നഗരത്തില്‍ മാത്രമാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 15 മിനിറ്റില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ ബെംഗളൂരുവില്‍ നടപ്പാക്കുന്ന സേവനത്തിന്റെ ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും രാജ്യമാകെ പദ്ധതി വിപുലപ്പെടുത്തുകയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിക്കുക. ഈ രംഗത്തെ എതിരാളികളായ സെപ്‌റ്റോ കഫേ, ബ്ലിങ്കിറ്റ് ബിസ്‌ട്രോ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും സ്‌നാക് എന്നാണ് പൊതുവിലയിരുത്തല്‍.
അടുത്തിടെ 15 മിനിറ്റില്‍ അതിവേഗ വിതരണം നടത്തുന്ന സേവനം സൊമാറ്റോയും അവതരിപ്പിച്ചിരുന്നു. പ്രധാന ആപ്പില്‍ തന്നെയാണ് അവരുടെ അതിവേഗ വിതരണ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുന്ന റെസ്റ്റോറന്റിന്റെ 2 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇതുവഴി വിതരണം ചെയ്യുന്നത്.
സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന 'ബോള്‍ട്ട്' സേവനം കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്ക് കമ്പനി വ്യാപിപ്പിച്ചിരുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലായിരുന്നു ആദ്യം അവതരിപ്പിച്ചത്. മികച്ച പ്രതികരണം ലഭിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവ അടക്കം 400 നഗരങ്ങളില്‍ ലഭ്യമാക്കിയത്.
Related Articles
Next Story
Videos
Share it