Begin typing your search above and press return to search.
ടി-20 ലോകകപ്പ് കാണാന്‍ ആള് കുറഞ്ഞു? പ്രതീക്ഷിച്ച വരുമാനത്തിന്റെ 25 ശതമാനവും നഷ്ടമെന്ന് കമ്പനികള്‍
പ്രതികൂല കാലാവസ്ഥയും മത്സരങ്ങള്‍ നിശ്ചയിച്ച സമയവും തിരിച്ചടിയായതോടെ ടി-20 ലോകകപ്പ് മത്സരങ്ങളുടെ കാഴ്ചക്കാരിലും പരസ്യ വരുമാനത്തിലും വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. പരസ്യ കമ്പനികള്‍ പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്റെ 25 ശതമാനത്തോളം നഷ്ടത്തിലായിരിക്കും ടൂര്‍ണമെന്റ് അവസാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ടെലിവിഷന്‍-ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമടക്കം ഏതാണ്ട് 2,000 കോടിയുടെ വരുമാനമാണ് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് 1,500 കോടി രൂപയായി കുറഞ്ഞു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യാ-പാക് മത്സരത്തിലെ 10 സെക്കന്റുള്ള ഒരു പരസ്യ സ്ലോട്ടിന് ഏകദേശം ലക്ഷം രൂപ വരെ ഈടാക്കിയിരുന്നു.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഡിസ്‌നി സ്റ്റാറിന്റെയും പ്രധാന സ്‌പോണ്‍സര്‍മാരുടെയും അടുത്ത പ്രതീക്ഷ ബുധനാഴ്ച തുടങ്ങിയ സൂപ്പര്‍ എട്ട് റൗണ്ടിലാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, യു.എസ്.എ, ബംഗ്ലദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്.
തിടുക്കത്തില്‍ തയ്യാറാക്കിയ ഗ്രൗണ്ടുകളായിരുന്നു ഇത്തവണത്തെ പ്രധാന രസം കൊല്ലി. ടി-20 മത്സരങ്ങളുടെ ആവേശം കെടുത്തുന്ന സ്ലോ പിച്ചുകളായിരുന്നു അമേരിക്കയില്‍ ഒരുക്കിയിരുന്നത്. പല മത്സരങ്ങളിലും തടസമായെത്തിയ പ്രതികൂല കാലാവസ്ഥയും കാഴ്ച്ചക്കാരെ കുറയ്ക്കുന്നതിന് കാരണമായി. മത്സരത്തിന്റെ സമയക്രമമായിരുന്നു മറ്റൊരു വിഷയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞയുടന്‍ ലോകകപ്പ് ആരംഭിച്ചതും കാണികളെ കുറച്ചതായി വിലയിരുത്തലുണ്ട്. അതേസമയം, സൂപ്പര്‍ എട്ട് മത്സരങ്ങള്‍ സജീവമാകുന്നതോടെ കാണികള്‍ കൂടുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.
Next Story
Videos