പ്രതിസന്ധിയില്‍ പിടിവള്ളിയായി ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ലോകകപ്പ്, ടൂറിസത്തിലൂടെ കോടികളുടെ വരുമാനം; ആശങ്കയായി പാക്കിസ്ഥാന്റെ യുടേണ്‍

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് മത്സരിച്ചാണ് ലങ്ക ടൂറിസം രംഗത്ത് മുന്നേറുന്നത്
പ്രതിസന്ധിയില്‍ പിടിവള്ളിയായി ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ലോകകപ്പ്, ടൂറിസത്തിലൂടെ കോടികളുടെ വരുമാനം; ആശങ്കയായി പാക്കിസ്ഥാന്റെ യുടേണ്‍
Published on

ടൂറിസം മുഖ്യ വരുമാനമാക്കിയ രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. കോവിഡ് കാലത്ത് സന്ദര്‍ശകരുടെ വരവ് നിലച്ചത് രാഷ്ട്രീയ അട്ടിമറിക്ക് വരെ കാരണമായി. ആഗോള തലത്തില്‍ ടൂറിസം അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത് ലങ്കയ്ക്കും ഗുണം ചെയ്യുന്നുണ്ട്. സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാണ്.

ടൂറിസം അനുബന്ധ ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഇരട്ടിമധുരം സമ്മാനിക്കുകയാണ് ഐസിസി ലോകകപ്പ് മത്സരങ്ങള്‍. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമുള്‍പ്പെടെ ലോകകപ്പിലെ 20 മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ക്രിക്കറ്റും സീസണും ഒന്നിച്ചെത്തിയതോടെ ടൂറിസ്റ്റുകളുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ലങ്കയിലെ ഹോട്ടല്‍ റൂമുകളുടെ 90 ശതമാനവും മുന്‍കൂര്‍ ബുക്ക് ചെയ്യപ്പെട്ടതായി വിനോദസഞ്ചാര വകുപ്പും വ്യക്തമാക്കുന്നു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ 5 മില്യണ്‍ ഡോളറിന്റെ അധികവരുമാനം ലഭിക്കുമെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമി സില്‍വ പറയുന്നത്. ഇത് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന തുകയാണ്. കളി കാണാന്‍ രാജ്യത്തേക്ക് എത്തുന്ന ടൂറിസ്റ്റുകളിലൂടെ ലഭിക്കുന്ന തുക ഇതിലും വലുതാണ്.

പാക്കിസ്ഥാന്‍ ചതിക്കുമോ?

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഹൈവോള്‍ട്ടേജ് മത്സരം നടക്കുന്നത് ശ്രീലങ്കയിലാണ്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മത്സരം നടക്കാതിരുന്നാല്‍ ഏകദേശം 500 കോടി രൂപയെങ്കിലും നഷ്ടം വരും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) മാത്രമാകില്ല നഷ്ടം.

ആതിഥേയരായ ശ്രീലങ്കയ്ക്കും ഇത് വലിയ സാമ്പത്തിക തിരിച്ചടിയാകും. ഈ മത്സരത്തിനായി മാസങ്ങള്‍ക്ക് മുമ്പേ ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ആരാധക ഒഴുക്ക് ഇല്ലാതാകും. ടൂറിസം രംഗത്തിന് ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും.

ശ്രീലങ്കയുടെ ജിഡിപിയുടെ 60 ശതമാനത്തിനടുത്ത് സേവന മേഖലയുടെ സംഭാവനയാണ്. ടൂറിസത്തെ ഊന്നിയാണ് രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് മത്സരിച്ചാണ് ലങ്ക ടൂറിസം രംഗത്ത് മുന്നേറുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കണക്ടിവിറ്റി വര്‍ധിപ്പിച്ചും വീസ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെ വിനോദസഞ്ചാര സൗഹൃദ പദ്ധതികള്‍ പ്രഖ്യാപിച്ചും ദക്ഷിണേഷ്യയിലെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പടുത്താന്‍ ശ്രീലങ്കയ്ക്ക് സാധിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com