കയ്യില്‍ കിട്ടുന്ന ശമ്പളം കുറയും, നികുതിയില്‍ ലാഭം, പുതിയ ലേബര്‍ കോഡുകള്‍ ജീവനക്കാരെയും തൊഴിലുടമകളെയും ബാധിക്കുന്നതെങ്ങനെ?

നിലവിലെ 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാല് കോഡുകള്‍ വരുന്നത്
employees, india
Image courtesy: Canva
Published on

കേന്ദ്രസര്‍ക്കാരിന്റെ പുതിയ 'ലേബര്‍ കോഡുകള്‍' (തൊഴില്‍ നിയമങ്ങള്‍) പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും കോസ്റ്റ്-ടു-കമ്പനി (CTC) ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങും. ജീവനക്കാരുടെ 'ടേക്ക്-ഹോം സാലറി' (കയ്യില്‍ കിട്ടുന്ന ശമ്പളം) കുറയാന്‍ സാധ്യതയുണ്ടെങ്കിലും, നികുതി ബാധ്യത കുറയും എന്നതാണ് പ്രധാന ആകര്‍ഷണം.

നിലവിലെ 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാല് കോഡുകള്‍ വരുന്നത്. വേതനം, സാമൂഹ്യ സുരക്ഷ, വ്യവസയാ ബന്ധങ്ങള്‍, തൊഴിലിട സുരക്ഷ എന്നിവയുടെ വ്യവസ്ഥകളാണ് നാല് കോഡുകളിലുള്ളത്. നിയമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാനുള്ള കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് രാജ്യം.

അടിസ്ഥാന വേതനം ഉയരും

പുതിയ തൊഴില്‍ നിയമപ്രകാരം, ജീവനക്കാരന്റെ അടിസ്ഥാന വേതനം (Basic Wages) ഇനി സിടിസിയുടെ (Cost-to-Company) 50% എങ്കിലും ആയിരിക്കണം. നിലവില്‍ പല കമ്പനികളും ജീവനക്കാരുടെ ഇപിഎഫ് (EPF), ഗ്രാറ്റുവിറ്റി തുടങ്ങിയ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനായി ബേസിക് വേതനം 30%-40% ആയി നിജപ്പെടുത്താറുണ്ട്. ഈ രീതിക്ക് പുതിയ കോഡുകള്‍ തടയിടും.

ബേസിക് പേ, ഡിയര്‍നെസ് അലവന്‍സ് (DA), റീട്ടെയ്നിംഗ് അലവന്‍സ് എന്നിവ ചേര്‍ന്നതാണ് പുതിയ നിര്‍വചന പ്രകാരമുള്ള വേതനം. ഹൗസ് റെന്റ് അലവന്‍സ് (HRA), കണ്‍വെയന്‍സ് അലവന്‍സ്, ഓവര്‍ടൈം അലവന്‍സ് തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഒഴിവാക്കലുകള്‍ മൊത്തം വേതനത്തിന്റെ 50 ശതമാനത്തില്‍ കവിയുന്നുണ്ടെങ്കില്‍, അധികമുള്ള തുക വേതനത്തിലേക്ക് കൂട്ടിച്ചേര്‍ക്കും.

നേട്ടം ഇങ്ങനെ

* വേതനം ഉയര്‍ന്നാല്‍ ഇപിഎഫ്-ലേക്കുള്ള വിഹിതവും കൂടും. ഇതോടെ കയ്യില്‍ കിട്ടുന്ന പണത്തില്‍ കുറവുണ്ടാകും.

* ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിനുള്ള അടിത്തറ വിപുലമാകുന്നതോടെ ഈ ആനുകൂല്യവും വര്‍ദ്ധിക്കും.

നികുതിയിളവ്

ഇപിഎഫ് വിഹിതം ഉയരുമ്പോള്‍ ടേക്ക്-ഹോം സാലറി കുറയുമെങ്കിലും, നികുതിയിളവുകള്‍ വഴി ജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കാം.

ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം (ഒരു വര്‍ഷം 7.5 ലക്ഷം രൂപ വരെ) പുതിയ നികുതി വ്യവസ്ഥയില്‍ പോലും നികുതി രഹിതമാണ്. പഴയ നികുതി വ്യവസ്ഥയില്‍, ജീവനക്കാരന്റെ ഇപിഎഫ് വിഹിതം സെക്ഷന്‍ 80ഇ പ്രകാരം 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കാന്‍ അര്‍ഹമാണ്.

ഉദാഹരണത്തിന് വാര്‍ഷിക സിടിസി 25 ലക്ഷം രൂപയുള്ള ഒരു ജീവനക്കാരന്റെ നികുതി ബാധ്യത പുതിയ കോഡുകള്‍ കാരണം ഏകദേശം 11,000 രൂപ കുറയും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മറ്റ് പ്രധാന മാറ്റങ്ങള്‍

പെര്‍ഫോമന്‍സ് ലിങ്ക്ഡ് പേ (Performance-Linked Variable Pay) 'വേതനം' കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തുമോ എന്നതില്‍ വ്യക്തത വരാനുണ്ട്. എങ്കിലും, വേരിയബിള്‍ പേയും മറ്റ് ഒഴിവാക്കപ്പെട്ട അലവന്‍സുകളും ചേര്‍ന്ന് മൊത്തം ശമ്പളത്തിന്റെ 50% കവിയുകയാണെങ്കില്‍, അത് വേതനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇതിനായുള്ള അന്തിമ ചട്ടങ്ങള്‍ അന്തിമ ചട്ടങ്ങള്‍ പുറത്തുവന്നാലേ ഇതില്‍ വ്യക്തത ലഭിക്കു.

ഫിക്‌സഡ്-ടേം ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. എന്നാല്‍, സ്ഥിരം ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള അഞ്ചു വര്‍ഷത്തെ സേവന കാലാവധിയില്‍ മാറ്റമില്ല.

നിലവിലുള്ള ജീവനക്കാര്‍ക്കും പുതുതായി ചേരുന്നവര്‍ക്കും ഒരുപോലെ ബാധകമാകും ഈ പുതിയ കോഡുകള്‍. അതുകൊണ്ട് തന്നെ എല്ലാ കമ്പനികളും അവരുടെ ശമ്പള ഘടന ഉടച്ചുവാര്‍ക്കേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com