

സംസ്ഥാനങ്ങള്‍ക്കു മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഏറെ കാലമായി പ്രതിഷേധിക്കുന്ന തമിഴ്നാട്ടില്‍ ഇന്ത്യന്‍ രൂപയുടെ ഹിന്ദി ചിഹ്നത്തിനും വിലക്ക്. രൂപയുടെ പുതിയ ചിഹ്നം വേണ്ടെന്ന് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബജറ്റില്‍ നിന്ന് ഈ ചിഹ്നം ഒഴിവാക്കി. പകരം തമിഴ് ചിഹ്നമാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയ കറന്‍സിയുടെ പൊതു ചിഹ്നം മാറ്റുന്നത്.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച രൂപയുടെ ചിഹ്നം മാറ്റി തമിഴിലുള്ള 'രൂ' എന്ന അക്ഷരമാണ് ഡി.എം.കെ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. തമിഴ് ലോഗോക്കൊപ്പം 'എല്ലാവര്‍ക്കും എല്ലാം' എന്ന അടിക്കുറിപ്പുമുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണ് തമിഴ്‌നാടിന്റെ നീക്കം. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും ഡിഎംകെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോര്‍മുലയെ ആണ് തമിഴ്‌നാട് പ്രധാനമായും എതിര്‍ക്കുന്നത്. ഇതേ തുടര്‍ന്ന് തമിഴ്‌നാടിന് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ നല്‍കേണ്ട 573 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ചിരുന്നു.
രൂപയുടെ ദേശീയ ചിഹ്നം ഉപേക്ഷിക്കാനുള്ള ഡിഎംകെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. തമിഴ്‌നാട്ടുകാരന്‍ തന്നെ രൂപ കല്‍പ്പന ചെയ്ത ദേശീയ ചിഹ്നമാണ് ഡിഎംകെ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ.അണ്ണാമലൈ കുറ്റപ്പെടുത്തി. സ്റ്റാലിന്‍ ചെയ്യുന്നത് മണ്ടത്തമാണെന്നും അണ്ണാമലൈ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine