

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനൊരുങ്ങി അയല്‍ സംസ്ഥാനമായ തമിഴ്‌നാടും. തുറമുഖത്തിന് തൊട്ടടുത്ത് തിരുനെല്‍വേലി ജില്ലയില്‍ തമിഴ്‌നാടിന്റെ നാല് വ്യവസായ പാര്‍ക്കുകള്‍ ഉയരും. തമിഴ്‌നാട്ടിലെ നങ്കുനേരിയില്‍ രണ്ട് പാര്‍ക്കുകള്‍ക്കായി 2,260 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുണ്ട്. തിരുനെല്‍വേലി-കന്യാകുമാരി ഹൈവേയുടെ സമീപത്താണിത് സ്ഥിതി ചെയ്യുന്നതെന്നും പ്രത്യേകതയാണ്.
1,060 ഏക്കറില്‍ മൂലകരൈപ്പട്ടിയിലാണ് മൂന്നാമത്തെ പാര്‍ക്ക്. സംസ്ഥാന ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പറേഷന്‍ ഓഫ് തമിഴ്‌നാടിന്റെ (SIPCOT) കീഴില്‍ ഗംഗൈകൊണ്ടനില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന്റെ രണ്ടാം ഘട്ടവും ഉടന്‍ തുടങ്ങുമെന്നും ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പാര്‍ക്കുകളും സിപ്‌കോട്ടിന്റെ നിയന്ത്രണത്തിലാണ്. തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാടിന്റെ നീക്കം.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാന്‍ തയ്യാറായി വമ്പന്‍ ഗ്രൂപ്പുകളടക്കം രംഗത്തുവന്നെങ്കിലും ഇതിന് വേണ്ട ഭൂമി കണ്ടെത്തലാണ് സംസ്ഥാന സര്‍ക്കാരിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. അടുത്തിടെ നടന്ന നിക്ഷേപക സംഗമത്തില്‍ വിഴിഞ്ഞത്ത് 5,000 കോടിയുടെ നിക്ഷേപം നടത്താമെന്ന് ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പദ്ധതിക്ക് അനുയോജ്യമായ സ്ഥലം സ്വയം കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് വിവരം. വിവിധ പദ്ധതികള്‍ക്ക് വേണ്ടി കിന്‍ഫ്ര വഴി 150 ഏക്കര്‍ വരെ സ്ഥലമാണ് കേരളം ഇതുവരെ ഏറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളില്‍ 340 ഏക്കറോളം ഭൂമി കിന്‍ഫ്ര കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുമില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ തമിഴ്‌നാട്ടിലെ കുളച്ചലിലും ഇനയത്തും ബദല്‍ പദ്ധതികള്‍ പരിഗണിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വൈകിയാല്‍ പദ്ധതി കുളച്ചലിലേക്ക് നീങ്ങുമെന്നായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇതോടെ നഷ്ടമായ അവസരം വിഴിഞ്ഞത്തിലൂടെ മുതലാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ശ്രമം.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഗുണഭോക്താവ് തമിഴ്‌നാടാണെന്ന രീതിയിലുള്ള കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കേരളത്തിന്റെ സ്ഥലപരിമിതി മറികടക്കാവുന്ന തരത്തിലുള്ള വലിയ ഭൂസമ്പത്തുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഇത് പ്രയോജനപ്പെടുത്തി വലിയ ഇളവ് നല്‍കി വ്യവസായങ്ങള്‍ക്കുള്ള ഭൂമി ലീസിന് നല്‍കാനാണ് തമിഴ്‌നാട് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്നും 22 കിലോമീറ്ററുകള്‍ മാത്രം സഞ്ചരിച്ചാല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലെത്താമെന്നതും കൂട്ടിവായിക്കേണ്ടതാണ്. സ്ഥലപരിമിതി മറികടക്കാനായില്ലെങ്കില്‍ വലിയ നിക്ഷേപങ്ങള്‍ കേരളത്തിന് വെളിയിലേക്ക് പോകുമെന്ന ആശങ്കയും ശക്തമാണ്.
അതേസമയം, പാലക്കാട് നിലവില്‍ വരുന്ന വ്യവസായ പാര്‍ക്കിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇത് മറികടക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുത്ത് നിന്നും 6 മണിക്കൂറില്‍ പാലക്കാടെത്താം. ഈ പാതയുടെ ചുറ്റും വ്യവസായങ്ങള്‍ വളരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കൂടാതെ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായ ത്രികോണവും ഔട്ടര്‍ റിംഗ് റോഡും ബാലരാമപുരത്തേക്കുള്ള ഭൂഗര്‍ഭ ട്രെയിനും സാധ്യമാകുന്നതോടെ കൂടുതല്‍ നിക്ഷേപമെത്തുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വ്യവസായങ്ങള്‍ക്ക് പറ്റിയ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine