എയര്‍ഇന്ത്യയില്‍ ടാറ്റയുടെ മാജിക്, വരുമാനത്തില്‍ ഉണര്‍വ്; നഷ്ടത്തില്‍ നിന്ന് കരകയറുന്നു

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യ പച്ചപിടിക്കുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന സമയത്താണ് ടാറ്റാ ഗ്രൂപ്പ് ഈ പൊതുമേഖല കമ്പനിയെ ഏറ്റെടുക്കുന്നത്.
എയര്‍ ഇന്ത്യയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ വരുമാനം 38,812 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധന. വരുമാനം വര്‍ധിച്ചതോടെ കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായി. 11,388 കോടി രൂപയില്‍ നിന്ന് 4,444 കോടി രൂപയായിട്ടാണ് നഷ്ടം കുറഞ്ഞത്. പ്രതിസന്ധിയില്‍ നിന്ന് എയര്‍ഇന്ത്യ പതിയെ കരകയറുന്നുവെന്നതിന്റെ സൂചനയാണിത്.

ടാറ്റ ഏവിയേഷനും നേട്ടം

ടാറ്റ ഗ്രൂപ്പിന്റെ വ്യോമയാന കമ്പനികളെ ഉള്‍ക്കൊള്ളുന്ന ടാറ്റ ഏവിയേഷന്റെ നഷ്ടത്തിലും കുറവുണ്ടായിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷം 15,414 കോടി രൂപയായിരുന്നു ടാറ്റ ഏവിയേഷന്റെ നഷ്ടം. ഇതു കുറച്ചു കൊണ്ടുവരാന്‍ കമ്പനിക്കായി. 2024 സാമ്പത്തികവര്‍ഷം 6,337 കോടി രൂപയാണ് നഷ്ടം. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എ.ഐ.എക്‌സ് കണക്ട് എന്നിവ അടങ്ങുന്നതാണ് ടാറ്റയുടെ ഏവിയേഷന്‍ ബിസിനസ്.
ചെലവുകുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 2024 സാമ്പത്തികവര്‍ഷത്തെ നഷ്ടം 163 കോടി രൂപയാണ്. മുന്‍ വര്‍ഷം 117 കോടി രൂപ ലാഭമായിരുന്ന സ്ഥാനത്തു നിന്നാണിത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. 2024 സാമ്പത്തികവര്‍ഷം വരുമാനം 33 ശതമാനം ഉയര്‍ന്ന് 7,600 കോടി രൂപയിലെത്തിയപ്പോള്‍ ചെലവില്‍ 38.3 ശതമാനമാണ് വര്‍ധന, 7,73 കോടി രൂപ.
Related Articles
Next Story
Videos
Share it