ഐ.പി.എല്ലിന്റെ ടൈറ്റില്‍ വിട്ടുകൊടുക്കാതെ ടാറ്റ ഗ്രൂപ്പ്, കരാര്‍ 2028 വരെ
ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ടാറ്റ ഗ്രൂപ്പ്. 2500 കോടി രൂപയ്ക്ക് 2024 മുതല്‍ 2028 വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇത് ഐ.പി.എല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പ് തുകയാണ്. സീസണ്‍ തോറും 500 കോടി രൂപയാണ് ടാറ്റ ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി നല്‍കുക.
2022ലും 2023ലും ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായിരുന്ന ടാറ്റ ഗ്രൂപ്പ് വനിതാ പ്രീമിയര്‍ ലീഗിന്റെയും (WPL) ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പും 2500 കോടി ഓഫര്‍ ചെയ്‌തെങ്കിലും ഒരേ തുക വരുമ്പോള്‍ നിലവിലെ സ്‌പോണ്‍സര്‍മാര്‍ക്കാണ് മുന്‍ഗണന. ഇതോടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് ടാറ്റ നിലനിര്‍ത്തിയത്.
ഐ.പി.എല്‍ 2024-28ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം ഐ.പി.എല്ലിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ സിംഗ് ധുമാല്‍ പറഞ്ഞു. ക്രിക്കറ്റിനോടും സ്പോര്‍ട്സിനോടുമുള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രതിബദ്ധത പ്രശംസനീയമാണെന്നും ഒരുമിച്ച് പുതിയ ഉയരങ്ങള്‍ കീഴടക്കാനും ആരാധകര്‍ക്ക് സമാനതകളില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിന്റെ 17-ാം സീസണ്‍ മാര്‍ച്ചില്‍ ആരംഭിച്ചേക്കും. എം.എസ്. ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 2023ലെ ചാമ്പ്യന്മാര്‍.